22 December 2024, Sunday
KSFE Galaxy Chits Banner 2

ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

Janayugom Webdesk
തിരുവനന്തപുരം
December 18, 2021 9:16 pm

സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇവിടെ 200 ല്‍ അധികം രോഗികള്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞു. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസര്‍കോട്, കോട്ടയം തുടങ്ങിയ ആറ് ജില്ലകളില്‍ കൂടി പദ്ധതി വ്യാപിപ്പിച്ചിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും എന്‍സിഡി ക്ലിനിക്കുകളിലും എത്തുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും പോകാതെ ഈ കേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ട് തന്നെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതുവഴി മെഡിക്കല്‍ കോളജുകളിലെയും ജില്ലാ ആശുപത്രികളിലെയും തിരക്കുകള്‍ കുറയ്ക്കാന്‍ സാധിക്കും. 

ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ ടെലിമെഡിസിന്‍ സേവനം ഒരു ഹബ് ആന്റ് സ്‌പോക് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്. ഹബ് എന്നത് മെഡിക്കല്‍ കോളജുകളിലെയും ജില്ലാ ആശുപത്രികളിലെയും എല്ലാ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും അടങ്ങിയ ഒരു പൂളാണ്. സ്‌പോക് എന്നത് താലൂക്ക് ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവയാണ്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇ സഞ്ജീവനി വഴി ചികിത്സ നല്‍കിയത്. 4700ലധികം ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം ശരാശരി 300 മുതല്‍ 600 ആളുകളാണ് ഇ സഞ്ജീവ നി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്.
eng­lish sum­ma­ry; Doc­tor-to-doc­tor ser­vices will be extend­ed to all districts
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.