20 January 2026, Tuesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

പത്മപുരസ്കാരങ്ങളുടെ പ്രഭ കെടുത്തരുത്

Janayugom Webdesk
January 28, 2025 5:00 am

വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചുവെന്നത് മലയാളികളെ സംബന്ധിച്ച് അഭിമാനകരമാണ്. എഴുത്തുകാരനും പത്രാധിപരും എന്ന നിലയിൽ മാത്രമല്ല സാമൂഹ്യ വിഷയങ്ങളിൽ അടിയുറച്ച നിലപാടുകൾ പറഞ്ഞിരുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. സാമൂഹ്യജീവിത യാഥാർത്ഥ്യങ്ങൾ കഥകളും കഥാപാത്രങ്ങളുമായി അവതരിപ്പിച്ച ജനപ്രിയ നോവലുകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ഏറ്റവും ഉന്നതങ്ങളിലെത്തി നിൽക്കുമ്പോഴും പാരിസ്ഥിതിക വെല്ലുവിളികളെയും അധഃസ്ഥിത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെയും ഏറ്റെടുത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ വന്നുനിൽക്കാൻ അദ്ദേഹത്തിന് മടിയുണ്ടായില്ല. പെരിങ്ങോം ആണവനിലയം, ഭാരതപ്പുഴയുടെ നശീകരണം, കാസർകോട്ടെ എൻഡോസൾഫാൻ വിഷയം, വയനാട് മുത്തങ്ങയിൽ നടന്ന ആദിവാസി വേട്ട എന്നിങ്ങനെ അദ്ദേഹം തന്റെ നിലപാട് പറഞ്ഞ സാമൂഹ്യ പ്രശ്നങ്ങൾ അനവധി. തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരെയും അവസാനകാലം വരെ അദ്ദേഹം പരസ്യമായ നിലപാടെടുത്തു. ഇതെല്ലാംകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പത്മപുരസ്കാരലബ്ധി അഭിമാനകരമാകുന്നു. സംസ്ഥാനത്തുനിന്ന് ഹൃ‍ദയശസ്ത്രക്രിയ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ഹോക്കി താരം പി ആർ ശ്രീജേഷിനും പത്മഭൂഷണും, ഫുട്ബോൾ താരം ഐ എം വിജയൻ, ഡോ. ഓമനക്കുട്ടി എന്നിവർ പത്മശ്രീ പുരസ്കാരങ്ങൾക്കും അർഹരായതും നമുക്ക് അഭിമാനകരംതന്നെ. തമിഴ്‌നാടിന്റെ പരിഗണനയിലാണെങ്കിലും നടി ശോഭനയ്ക്കും പത്മഭൂഷൺ ലഭിച്ചത്, മലയാളികളുടെ പ്രിയങ്കരിയായ നടിയെന്ന നിലയിൽ ആഹ്ലാദം നൽകുന്നു. ഭാരത രത്നം കഴിഞ്ഞാൽ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ് പത്മവിഭൂഷൺ. ധ്രൂവുർ നാഗേശ്വർ റെ‍ഡ്ഡി, ജസ്റ്റിസ് ജഗദീഷ് സിങ് ഖെഹാർ, കുമുദിനി രജനികാന്ത് ലഖിയ, ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, മരണാനന്തര ബഹുമതിയായി ഒസാമു സുസുക്കി, ശാരദ സിൻഹ, എന്നിവർക്കാണ് പത്മവിഭൂഷൺ ലഭിച്ചത്. 19 പേർ പത്മഭൂഷൺ ബഹുമതിക്ക് അർഹരായി. മരണാനന്തര പു­രസ്കാരമുൾപ്പെടെ 125 പേർക്കാണ് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ പരമോന്നത ബഹുമതികളാണ് പത്മപുരസ്കാരങ്ങൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഓരോ മേഖലകളിലും ശ്രദ്ധേയവും അ­തേസമയം അസാധാരണവുമായ സാന്നിധ്യമായി ജീവിച്ചവർക്കാണ് പുരസ്കാരങ്ങൾ നൽകാറുള്ളത്. അതുകൊണ്ടുതന്നെ പുരസ്കാരലബ്ധി വ്യക്തികൾക്കുമാത്രമല്ല അ­വർ ജീവിക്കുന്ന നാടിനും ആഹ്ലാദവും അഭിമാനവും സമ്മാനിക്കുന്നു. എന്നാൽ അതിന് അ­പവാദമാകുന്ന ചില തെ­രഞ്ഞെടുപ്പുകൾ കല്ലുകടിയാകാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. കേന്ദ്രത്തിൽ തീവ്രഹിന്ദുത്വ സംഘടനകൾ അധികാരത്തിലെത്തിയതിനുശേഷം മാനദണ്ഡങ്ങളിലും പരിഗണനകളിലും പലപ്പോഴും വെള്ളം ചേർക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഓരോ വർഷം കഴിയുന്തോറും അത് കൂടിക്കൂടി വരുന്ന സ്ഥിതിയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിലും അത് കാണാവുന്നതാണ്. സംഘ്പരിവാർ സംഘടനകളുമായുള്ള ബന്ധം, കടുത്ത ആത്മീയ പ്രവർത്തനങ്ങൾ എന്നിവയെ അമിതമായി പരിഗണിക്കുന്നുവെന്ന തോന്നൽ സൃഷ്ടിക്കുവാൻ ഇത്തവണത്തെ പുരസ്കാരപട്ടിക ഇടയാക്കുന്നു.

ഏറ്റവും പ്രധാനം വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ സ്ഥാപകയും കടുത്ത വിദ്വേഷ പ്രചാരകയുമായ ഋതംബരയ്ക്ക് പത്മഭൂഷൺ നൽകിയ നടപടിയാണ്. ബാബറി മസ്ജിദ് തകർത്ത കേസിൽ കുറ്റാരോപിതയും ലിബർഹാൻ കമ്മിഷൻ കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ചെയ്ത വനിതയാണ് ഋതംബര. പിന്നീട് സിബിഐ കുറ്റവിമുക്തയാക്കിയെങ്കിലും വിദ്വേഷ പ്രസ്താവനകളിലൂടെയും ഇതരമതസ്ഥർക്കെതിരായ വെല്ലുവിളികളിലൂടെയും വിവാദനായികയാണ് എന്നതിനപ്പുറം പത്മപുരസ്കാരം ലഭിക്കുന്നതിന് മറ്റെന്തെങ്കിലും അധികയോഗ്യത അവരെ സംബന്ധിച്ച് ചൂണ്ടിക്കാട്ടാനില്ല. ആത്മീയ രംഗത്തുമാത്രം കേന്ദ്രീകരിച്ചിരിക്കുന്ന അരഡസനിലധികം പേരെയാണ് ഇത്തവണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അവരിൽ ഭൂരിപക്ഷവും ഹൈന്ദവ ആത്മീയ രംഗത്തുള്ളവരുമാണ്. വേദങ്ങളുടെ പ്രചാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നവരും ഹൈന്ദവ ആരാധനാലയങ്ങളുടെ മേധാവികളും മാത്രമായ ആളുകളാണ് പത്മപുരസ്കാര പട്ടികയിലുള്ളത്. പൊതുപ്രവർത്തനരംഗമെന്ന വിഭാഗത്തിൽ മുൻ ജനപ്രതിനിധികളായ മനോഹർ ജോഷി (മരണാനന്തരം), സുശീൽ കുമാർ മോഡി എന്നീ ബിജെപി നേതാക്കളെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്ന് സാഹിത്യം, വിദ്യാഭ്യാസം മാധ്യമരംഗം എന്നിങ്ങനെ വിഭാഗത്തിൽ നിന്ന് പത്മഭൂഷൺ നൽകിയിരിക്കുന്ന റാം ബഹാദൂർ റായ് മുൻകാല ബിജെപി പ്രവർത്തകനും എബിവിപി ഓർഗനൈസിങ് സെക്രട്ടറിയുമാണ്. ബിജെപി അധികാരത്തിലെത്തിയതിന്റെ അടുത്ത വർഷം 2015ൽ ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വിശദമായ പരിശോധനയിൽ കൂടുതൽ പേരെ ഈ വിധം കണ്ടെത്താൻ കഴിഞ്ഞേക്കും. കേരളത്തിൽ നിന്ന് പുരസ്കാരം ലഭ്യമായ എല്ലാവരും നമുക്ക് നേരിട്ടറിയുന്നവരെന്ന നിലയിൽ അതിന് കൃത്യമായി അനുയോജ്യരാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ പുരസ്കാരലബ്ധിക്ക് അനുയോജ്യരല്ലെന്ന് ചിലരെങ്കിലും സംശയിക്കാവുന്ന പേരുകൾ അവർക്കൊപ്പം പട്ടികയിൽ ഇടംപിടിക്കുന്നത് അർഹരായവരുടെ ഔന്നത്യത്തിന് പോലും മങ്ങലേല്പിക്കുന്നതിനാണ് ഇടയാക്കുക. കൂടാതെ പത്മപുരസ്കാരത്തിന്റെ പ്രഭ കെടുത്തുകയും ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.