
അമേരിക്കൻ പ്രീണനനയം തന്റെ പ്രവർത്തനശൈലിയായി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വലിയ തിരിച്ചടിയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യക്കെതിരെ 25% യുഎസ് തീരുവ. മറ്റ് രാഷ്ട്രങ്ങളുടെമേൽ ആധിപത്യം നേടുന്നതിനായി ട്രംപ് അധികാരത്തിൽ വന്നതിനുശേഷം നടത്തുന്ന യുദ്ധങ്ങൾ ലോക രാജ്യങ്ങളെ ഭയപ്പെടുത്തുന്നതിനുവേണ്ടിയാണ്. ആയുധങ്ങളുപയോഗിച്ച് മാത്രമല്ല, വ്യാപാരത്തിന്റെ മേൽ ആധിപത്യം സ്ഥാപിച്ചും രാജ്യങ്ങളെ കീഴ്പ്പെടുത്താൻ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോൾ നടക്കുന്ന തീരുവയുദ്ധം. തീരുവയുദ്ധത്തിലൂടെ ലോക കമ്പോളത്തിന്റെ ആധിപത്യം കൈക്കലാക്കുകയാണ് ലക്ഷ്യം.
ആഗോള ഭീമന്മാരായ ധനമൂലധന ശക്തികളുടെ താല്പര്യ സംരക്ഷണത്തിനായി ആയുധ വ്യാപാരത്തിലൂടെ ലോകത്തിനുമുകളിൽ ചോദ്യം ചെയ്യാൻ കഴിയാത്ത ശക്തിയായി മാറാൻ അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന നീക്കങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധവും പ്രതിരോധവും ലോകത്ത് ഉയർന്നുവരുന്നുണ്ട്.
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങളിൽ 25% ചുങ്കം ചുമത്തി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കാനാണ് അമേരിക്ക ശ്രമം നടത്തിയത്. അമേരിക്കയുടെ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിനായി ഇതുവരെ ഇന്ത്യൻ ഭരണകൂടം തയ്യാറായിട്ടില്ല. ഇന്ത്യൻ ഉല്പന്നങ്ങൽക്ക് 25% ചുങ്കം ചുമത്തുന്ന പ്രഖ്യാപനം നടത്തിയപ്പോൾ, ഇന്ത്യയെക്കാൾ കൂടുതൽ ഉല്പന്നങ്ങൾ കയറ്റിയയയ്ക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ചുമത്തിയതിനെക്കാൾ കുറഞ്ഞ ചുങ്കം ചുമത്തിയത് എന്തുകൊണ്ടെന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യൻ ഉല്പന്നങ്ങളെ അമേരിക്കൻ വിപണിയിൽ നിന്നും മാറ്റി നിർത്തുക എന്ന ട്രംപ് ഭരണകൂടനയത്തിന്റെ ഭാഗംതന്നെയാണ് അമേരിക്ക പ്രഖ്യാപിച്ച പുതിയ ചുങ്കവും. അത് മനസിലാക്കാൻ ഇന്ത്യൻ ഭരണാധികാരികൾക്ക് കഴിയാതെപോകുന്നു. അമേരിക്കയിലേക്ക് കയറ്റുമതി നടത്തുന്ന ജപ്പാൻ, ഇന്തോനേഷ്യ, ഫിലിപ്പെെൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾക്ക് 20% മാത്രമാണ് ട്രംപ് ചുങ്കം ചുമത്തിയത്.
അമേരിക്കയുമായുള്ള കച്ചവടത്തിൽ വ്യാപാരമിച്ചമുള്ള രാജ്യമായാണ് ഇന്ത്യയെ കണക്കാക്കുന്നത്. 2024ൽ 8,500ലധികം കോടി ഡോളറിന്റെ ഉല്പന്നങ്ങൾ ഇന്ത്യ കയറ്റിയയച്ചപ്പോൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തത് 4,000ത്തിലധികം കോടി ഡോളറിന്റെ ഉല്പന്നങ്ങൾ മാത്രമാണ്. അമേരിക്കയ്ക്ക് മുകളിൽ ഇന്ത്യയുടെ വ്യാപാരമിച്ചം ട്രംപിന് സഹിക്കാൻ കഴിയുന്നതല്ല. പെട്രോളിയം ഉല്പന്നങ്ങൾ, ഔഷധങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, ഇരുമ്പ്, കയർ, റബ്ബറുല്പന്നങ്ങൾ, ചെരിപ്പ്, സമുദ്രോല്പന്നങ്ങൾ, സുഗന്ധോല്പന്നങ്ങൾ, ഐടി, കശുവണ്ടി തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. കേരളത്തിൽ നിന്നുള്ള വിവിധ ഉല്പന്നങ്ങളും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ചെമ്മീനിന്റെ വലിയ ഭാഗം കേരളത്തിൽ നിന്നാണ്. ഒരു വർഷം 33,000 കോടിയിലേറെ രൂപയുടെ ഇന്ത്യൻ ഉല്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു. 25% ചുങ്കം ചുമത്തുന്നതിലൂടെ വില വർധിക്കുകയും അതുമൂലം അമേരിക്കയിലെ വിപണി ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇല്ലാതാകുകയും ചെയ്യും. കേരളത്തിന്റെ സാമ്പത്തികരംഗത്ത് പ്രതികൂലമായ സാഹചര്യം ഇതുവഴി വന്നുചേരും. അമേരിക്കൻ വിപണി ലക്ഷ്യംവച്ച് ഉല്പാദിപ്പിക്കുന്നവയ്ക്ക് മാർക്കറ്റ് ഇല്ലാതാകുന്നതോടെ തൊഴിൽ മേഖലയിൽ പ്രതിസന്ധിയുണ്ടാകും. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്ക് ആഘാതമാകും.
ഇന്ത്യയെ ഭയപ്പെടുത്തുന്ന അവസരത്തിൽതന്നെ, പാകിസ്ഥാനുമായി ഏറെ ചങ്ങാത്തം സ്ഥാപിക്കാനുള്ള നീക്കങ്ങളും ഡൊണാൾഡ് ട്രംപ് ആരംഭിച്ചിട്ടുണ്ട്. 25% തീരുവ പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യാവിരുദ്ധ പ്രഖ്യാപനം നടത്തിയതും ഇന്ത്യൻ പ്രധാനമന്ത്രി വിസ്മരിച്ചിരിക്കുകയാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ – പ്രതിരോധ ബന്ധത്തെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയത് ‘മൃത സമ്പദ്‌വ്യവസ്ഥയുമായി ഒരുമിച്ച് നശിക്കാം’ എന്നാണ്. റഷ്യയുടെയും ഇന്ത്യയുടെയും സമ്പദ്ഘടന മരിച്ചുകൊണ്ടിരിക്കുന്ന സന്ദർഭമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ലോകത്തിന്റെ മുമ്പിൽ വിളിച്ചുപറഞ്ഞിട്ടും ഇന്ത്യൻ പ്രധാനമന്ത്രി ഇതുവരെ ഒരക്ഷരവും മിണ്ടാൻ തയ്യാറായിട്ടില്ല. ഇന്ത്യൻ വിദേശകാര്യമന്ത്രിയും മന്ത്രാലയവും മൗനം പാലിക്കുന്നു. ഇന്ത്യൻ ഉല്പന്നങ്ങളുടെ മുകളിൽ തീരുവ വർധിപ്പിക്കുകയും ഇന്ത്യയെ പരസ്യമായി വിമർശിക്കുകയും ചെയ്ത ഡൊണാൾഡ് ട്രംപ് പാകിസ്ഥാനുമായി എണ്ണ ഖനനത്തിന്റെ കരാർ ഒപ്പുവച്ചത് ശ്രദ്ധേയമാണ്. ഇന്ത്യക്ക് പാകിസ്ഥാൻ എണ്ണ വിൽക്കുന്ന കാലം വന്നുചേരുമെന്ന് പ്രഖ്യാപിക്കാനും അമേരിക്കൻ പ്രസിഡന്റിന് മടിയുണ്ടായില്ല. ഇന്ത്യക്കകത്ത് സംഘർഷങ്ങൾ ഉണ്ടാക്കുകയും രാജ്യത്തെ അസ്ഥിരീകരിക്കുകയും ചെയ്യുന്ന പാകിസ്ഥാന് എല്ലാ പിന്തുണയും നൽകുന്ന സമീപനമാണ് അമേരിക്കൻ പ്രസിഡന്റ് സ്വീകരിച്ചിരിക്കുന്നത്. പാകിസ്ഥാനെതിരെ ചുമത്തിയ ചുങ്കം കുറയ്ക്കാനുള്ള നീക്കങ്ങൾ അമേരിക്കൻ പ്രസിഡന്റുമായി നടത്തുന്നതായും വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.
പാകിസ്ഥാനെ കൂടെനിർത്തി, ഇന്ത്യ – ചൈന – പാക് മേഖലകളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന അമേരിക്കൻ വിദേശ – സൈനിക നയങ്ങളുടെ ഭാഗമാണ് ഈ നീക്കങ്ങൾ. നാറ്റോയ്ക്ക് പുറത്തുള്ള അമേരിക്കയുടെ ഏറ്റവും പ്രധാന സുഹൃത്താണ് പാകിസ്ഥാൻ എന്നും ട്രംപ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള അമേരിക്കൻ വിദേശനയ നീക്കങ്ങളുടെ ഭാഗമായി മാത്രമേ ഭരണകൂടത്തിന്റെ ഇത്തരം നടപടികളെ കാണാൻ കഴിയുകയുള്ളു. ഇറാനിൽ നിന്നും പെട്രോ കെമിക്കൽ ഉല്പന്നങ്ങൾ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയിലെ ആറ് കമ്പനികൾക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതേപേരിൽ മറ്റ് രാജ്യങ്ങളിലെ കമ്പനികൾക്കും അമേരിക്ക വിലക്ക് പ്രഖ്യാപിച്ചത് സമീപ ദിവസങ്ങളിലാണ്. ലോകത്തെവിടെയും വ്യാപാരത്തിന് തങ്ങളുടെ അനുവാദം വേണം എന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നത്.
“നമ്മൾ മോശം പരിതോവസ്ഥയിൽ ആയിരിക്കുമെന്ന് എല്ലാ ഇന്ത്യക്കാരും കരുതണമെന്നും അതിൽ നിന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ തയ്യാറെടുക്കണമെന്നും” കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും ഡയറക്ടറുമായ ഉദയ് കൊട്ടക് മുന്നറിയിപ്പ് നൽകുന്നു. “ഇന്ത്യയുടെ ആഗോള ഇടപെടൽ സമ്മർദം കൊണ്ടല്ല, സ്വന്തം താല്പര്യത്താലാണ് നയിക്കേണ്ട“തെന്നും കൊട്ടക് പറയുന്നു. എന്നിട്ടും ഇത്തരം സമീപനങ്ങളെക്കുറിച്ച് ഒരക്ഷരം പറയാൻ ഇന്ത്യൻ വിദേശ മന്ത്രാലയം തയ്യാറാകുന്നില്ല. ഇന്ത്യയുടെ താല്പര്യങ്ങൾക്കെതിരായി നിലപാട് സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തിനെതിരെ ഉറച്ച സമീപനം സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകണം. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് തുടർച്ചയായി ഇടപെടുകയാണ്. പാക് — ഇന്ത്യ സർഘർഷങ്ങളിൽ വെടിനിർത്തലിന്റെ അവകാശവാദം ഉന്നയിച്ച് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയതാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നത് ദാസ്യപ്പെടലാണ്. ഐക്യരാഷ്ട്ര സംഘടനയെ മരവിപ്പിച്ച്, ലോക പൊലീസാകാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ പ്രധാനമന്ത്രി രംഗത്തുവരണം. സാമ്രാജ്യത്വഭീഷണിക്ക് മുമ്പിൽ മിണ്ടാതിരിക്കുന്നത് രാജ്യത്തിന് അപമാനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.