ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സജീവ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നതിനിടെ റിപ്പോര്‍ട്ടിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ അതി സങ്കീര്‍ണ തലം തുറന്നു കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടുക്കത്തോടെയാണ് ഓരോ മലയാളികളും കണ്ടത്.അതിനിടെ പ്ര്‌സ്തുത റിപ്പോര്‍ട്ടിനെ കളിയാക്കിയ നടന്‍ കൃഷ്ണ കുമാറിന്റെ പ്രവൃത്തിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിലൂടെയാണ് കൃഷ്ണകുമാര്‍ പരാമര്‍ശം നടത്തിയത്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ക്കിടയില്‍ മകള്‍ വിവാഹത്തെക്കുറിച്ച് എക്‌സൈറ്റഡ് ആണോയെന്ന് ഭാര്യ സിന്ധു ചോദിക്കുമ്പോള്‍ തന്റെ വിവാഹത്തില്‍ സഹോദരിമാര്‍ വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കുമെന്നും അത് കാണാന്‍ താന്‍ എക്‌സൈറ്റഡ് ആണെന്നും ദിയ പറയുന്നുണ്ട്.
അപ്പോള്‍ നിന്റെ അച്ഛന്റെ ഡ്രസ്സ് കാണണ്ടെയെന്ന് സിന്ധു ചോദിക്കുമ്പോള്‍ അച്ഛന്റെ കല്യാണമോ നീ ഇങ്ങനെയൊന്നും പറയല്ലേ,ഇപ്പോ മറ്റേ കമ്മീഷനൊക്കെ ഇറങ്ങിയ കാലമാ,നീ എന്റെ വാതിലിലൊന്നും വന്ന് മുട്ടരുതെ എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. അപ്പോള്‍ മകള്‍ ദിയ ഇതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ അധികമൊന്നും അറിയണ്ട, പത്രത്തില്‍ വരുന്നത് അധികമൊന്നും അറിയണ്ട, മിനിമം കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി എന്നാണ് കൃഷ്ണകുമാര്‍ ഉപദേശിക്കുന്നത്.നാല് പെണ്‍കുട്ടികളുടെ അച്ഛന്‍ കൂടിയായ കൃഷ്ണകുമാര്‍ ഇത്തരത്തിലൊരു സമീപനം നടത്തിയത് തികച്ചും അപലപനീയം തന്നെയാണ്.ഇദ്ദേഹത്തിന്റെ മൂന്ന് മക്കളും സിനിമയില്‍ അഭിനിക്കുന്നവരാണ്. മൂത്ത മകളായ അഹാന കൃഷ്ണകുമാര്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചും നാരീശക്തിയെക്കുറിച്ചുമെല്ലാം വാചാലനായതിനു തൊട്ടുപിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കളിയാക്കിക്കൊണ്ട് കൃഷ്ണകുമാര്‍ സംസാരിച്ചത്.
സ്ത്രീകള്‍ സ്വയം ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വാചാലനായതിനു തൊട്ടുപിന്നാലെ കൃഷ്ണകുമാര്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ടിനെ കളിയാക്കിയത് പരമ ദയനീയമെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. നാല് പെണ്‍മക്കളുടെ അച്ഛനായ കൃഷ്ണകുമാര്‍ ഇങ്ങനെ പറയരുതായിരുന്നുവെന്നും സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍മക്കളുള്ള നടന്‍ ഇങ്ങനെ പറഞ്ഞത് തീര്‍ത്തും അപലപനീയമാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.