
2036ലെ ഒളിംപിക്സ് വേദിയായി ഗുജറാത്തിലെ അഹമ്മദാബാദിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യ ശ്രമം ശക്തമാക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിന് ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി(ഐഒസി)യുടെ വിമര്‍ശനം. മലയാളിയും രാജ്യസഭാ എംപിയുമായ പി ടി ഉഷ നയിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ(ഐഒഎ) ഭരണപരമായ വീഴ്ച, ഉത്തേജക മരുന്ന് പരിശോധനയിലെ അലംഭാവം എന്നിവയ്ക്കെതിരെയാണ് ഐഒസി രംഗത്തുവന്നിരിക്കുന്നത്. ഇതോടെ ഒളിമ്പിക്സ് വേദിയെന്ന ഇന്ത്യയുടെ സ്വപ്നം പൂവണിയില്ല എന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പിക്സിലെ മോശം പ്രകടനവും വേദിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടിയാകും. ഐഒഎ ഭരണവീഴ്ച, രാജ്യത്തെ വ്യാപകമായ ഉത്തേജക മരുന്ന് ഉപയോഗം, മേളയിലെ മോശം പ്രകടനം എന്നിവ ഇന്ത്യ പരിഹരിക്കണമെന്ന് ഐഒസി അധികൃതര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് 2036ലെ ഒളിമ്പിക്സിന് അഹമ്മദാബാദ് വേദിയാകുമെന്ന് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായുള്ള പ്രാരംഭ പ്രവര്‍ത്തനം അണിയറയില്‍ പുരോഗമിക്കുന്നതിനിടെയാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ഇന്ത്യന്‍ കായിക ലോകത്തിന്റെ വീഴ്ചകള്‍ക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഈമാസം ഒന്നിന് സ്വിറ്റ്സര്‍ലാന്‍ഡിലെ ലൗസെനില്‍ നടന്ന ഐഒസി യോഗത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി സംഘത്തോടാണ് വീഴ്ചകള്‍ സ്വയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഗുജറാത്ത് കായിക മന്ത്രി ഹര്‍ഷ് സംഘ്‌വി, പി ടി ഉഷ, കേന്ദ്ര കായിക മന്ത്രാലയം പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഭാവി ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരാമെങ്കിലും ആദ്യം ഭരണപരമായ വീഴ്ചകള്‍ പരിഹരിക്കുക, ഉത്തേജക മരുന്ന് പരിശോധന കര്‍ശനമാക്കുക, മെഡല്‍ സാധ്യത മുന്നില്‍ക്കണ്ടുള്ള നടപടികള്‍ ഊര്‍ജിതമാക്കുക എന്നിവ നടപ്പാക്കണമെന്ന് ഐഒസി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഐഒഎ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ സന്നദ്ധമായിട്ടില്ല.
സ്പോൺസർഷിപ്പ് ഇടപാടുകളും സാമ്പത്തിക ദുരുപയോഗവും ചൂണ്ടിക്കാട്ടി ഐഒസി 2024 ഒക്ടോബർ മുതൽ ഇന്ത്യക്കുള്ള പ്രധാന ഗ്രാന്റുകൾ നിർത്തിവച്ചതോടെ ഐഒഎ പ്രവര്‍ത്തനം താളം തെറ്റിയ നിലയിലായിരുന്നു. ഐഒഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ രഘുറാം അയ്യരും പി ടി ഉഷയുമായുള്ള കടുത്ത ഭിന്നതയും സംഘടനാ പ്രവര്‍ത്തനത്തെ പിന്നോട്ടടിച്ചിരുന്നു. ഉത്തേജക മരുന്നുപയോഗ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നതും ഒളിമ്പിക്സ് വേദിയെന്ന ഇന്ത്യയുടെ ആവശ്യത്തിന് കനത്ത തിരിച്ചടിയാണ്. 2023ലെ ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ കണക്കുകൾ പ്രകാരം എണ്ണത്തിലും ശതമാനത്തിലും ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഇന്ത്യയിലാണ്. നിരോധിത വസ്തുക്കളുടെ കാര്യത്തിൽ ഇന്ത്യയുടെ പോസിറ്റിവിറ്റി നിരക്ക് 3.8% ആണ്. 5,606 സാമ്പിളുകളിൽ നിന്ന് 214 പ്രതികൂല കണ്ടെത്തലുകളാണ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയത്. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടന്ന പ്രതിഷേധം, പി ടി ഉഷ ഗുസ്തിതാരങ്ങളെ അധിക്ഷേപിച്ച് നടത്തിയ പ്രസ്താവന എന്നിവ ഐഒസി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഇത്തരം വിവാദങ്ങളില്‍ ആടിയുലയുന്ന വേളയിലാണ് അഹമ്മദാബാദ് ഒളിമ്പിക്സ് വേദിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരുന്നത്. വീഴ്ചകള്‍ സ്വയം പരിഹരിക്കണമെന്ന ഐഒസി നിര്‍ദേശം വിരല്‍ചൂണ്ടുന്നത് ഇന്ത്യയുടെ ആഗ്രഹം സമീപകാലത്തൊന്നും പൂവണിയില്ല എന്നാണെന്ന് കായികസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.