ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ഡോ. ബി ആർ അംബേദ്കറോട് ബിജെപിക്കും സംഘ്പരിവാറിനും ഒടുങ്ങാത്ത പകയുണ്ടായിരുന്നു എന്ന് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം അറിയാവുന്നവർക്ക് ബോധ്യമുള്ളതാണ്. ഭരണഘടന നിർമാണ സഭയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഡോ. അംബേദ്കർ. അദ്ദേഹം ബ്രിട്ടീഷ് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ അംഗമായിരുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ താൽക്കാലിക സർക്കാർ രൂപീകരിക്കുമ്പോൾ നെഹ്രു ഡോ. അംബേദ്കറെ അദ്ദേഹത്തിന്റെ ക്യാബിനറ്റിലെ നിയമ മന്ത്രിയായി നിയമിച്ചു. കോൺഗ്രസുകാരനല്ലാത്ത ഒരാളെ നിയമ മന്ത്രിയാക്കിയതിൽ കോൺഗ്രസിന്റെ നിരവധി നേതാക്കൾ നെഹ്റുവിനോട് നീരസം പ്രകടിപ്പിച്ചിരുന്നു. ഷെഡ്യൂൾഡ് കാസ്റ്റ്സ് ഫെഡറേഷൻ (എസ്‌സിഎഫ്) എന്നായിരുന്നു ഡോ. അംബേദ്കറുടെ അന്നത്തെ പാർട്ടിയുടെ പേര്. (ഈ സംഘടനയാണ് പിന്നീട് ”റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ” ആയത്). ഭരണഘടനാ നിർമ്മാണ സഭയിൽ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായി ഡോ. അംബേദ്കറെ നിർദേശിച്ചതും പണ്ഡിറ്റ് നെഹ്രു ആയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ പ്രതിപക്ഷ അംഗങ്ങളോട് പറഞ്ഞത് ”നിങ്ങൾ വെറുതെ അംബേദ്കർ, അംബേദ്കർ എന്ന് എപ്പോഴും ഉരുവിടുന്ന സമയത്ത് ദൈവത്തിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ സ്വർഗത്തിൽ എത്താമായിരുന്നു” എന്നാണ്. അംബേദ്കറിനെ സംഘ്പരിവാറുകാർ ആക്ഷേപിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബിജെപിയെ നയിക്കുന്ന സംഘ്പരിവാറുകാരും അംബേദ്കറുമായി ആദ്യ കാലഘട്ടം മുതലേ ആശയപരമായി തന്നെ യോജിക്കുന്നവരല്ല.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വേദഗ്രന്ഥമായ ”മനുസ്മൃതി” 1927 ഡിസംബർ 25ന് ഡോ. അംബേദ്കർ പരസ്യമായി കത്തിച്ചു. ഇന്ത്യയിലെ ജാതി സമ്പ്രദായത്തിന്റെ അടിസ്ഥാന കാരണം ഈ മനുസ്മൃതിയാണ് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം അതിന് തയ്യാറായത്.
1935ലാണ് ഡോ. അംബേദ്കർ ഹിന്ദുമതം അടിച്ചമർത്തലിന്റെ മതമാണ് എന്ന് പ്രഖ്യാപിച്ചത്. അതുകൊണ്ട് ഞാൻ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായിട്ടായിരിക്കുകയില്ല മരിക്കുന്നത് എന്നും അദ്ദേഹം പ്രഖ്യാപിച്ചു. സംഘ്പരിവാറുകാർ കൊണ്ടു നടക്കുന്ന ഹിന്ദുത്വ അജണ്ടയുമായി ഡോ. അംബേദ്കറിനു യോജിക്കാനേ കഴിയുമായിരുന്നില്ല. മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 1956 ഒക്ടോബറിൽ അദ്ദേഹം തന്റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ചു.
1950ലാണ് ഹിന്ദുകോഡ് ബില്ലിന് നിയമമന്ത്രി ഡോ. അംബേദ്കർ രൂപം കൊടുത്ത് പാർലമെന്റിൽ അവതരിപ്പിച്ചത്. ഹിന്ദുമത വിഭാഗത്തിലെ എല്ലാവർക്കും ലിംഗ വ്യത്യാസമില്ലാതെ സ്വത്തിന് തുല്യ അവകാശം കൊടുക്കുന്നതായിരുന്നു ഹിന്ദു കോഡ് ബിൽ. ജനസംഘനേതാവ് ശ്യാമപ്രസാദ് മുഖർജിയുടെ നേതൃത്വത്തിൽ ജനസംഘക്കാർ പാർലമെന്റിനകത്തും ആർഎസ്എസ്‌കാരുടെ നേതൃത്വത്തിൽ വെളിയിലും വലിയ പ്രക്ഷോഭങ്ങൾ നടത്തി. സരോജിനി നായിഡു ഉൾപ്പെടെയുള്ള കോൺഗ്രസുകാരും ഹിന്ദു കോഡ് ബില്ലിനെതിരായിരുന്നു. മനുസ്മൃതിയാണ് ഹിന്ദുക്കളുടെ നിയമമെന്നും വേദങ്ങൾ കഴിഞ്ഞാൽ മനുസ്മൃതിക്കാണ് ഹിന്ദു സമൂഹത്തിന് ആധികാരിക ഗ്രന്ഥമെന്നും മറ്റൊരു ഹിന്ദു നിയമം ആവശ്യമില്ലെന്നും സംഘ്പരിവാറുകാർ പ്രഖ്യാപിച്ചു. ഹിന്ദു കോഡ് ബില്ല് ഹിന്ദുസമൂഹത്തിനു മേൽ പതിച്ച ആറ്റംബോംബാണെന്ന് ആർ എസ് എസ് മുഖപത്രമായ ”ദി ഓർഗനൈസർ” വിശദീകരിച്ചു. 1949 ഡിസംബർ 11ന് ബിജെപിയുടെ പഴയരൂപമായ ജനസംഘവും സംഘ്പരിവാറുകാരും കൂടി ഹിന്ദു കോഡ് ബില്ലിൽ പ്രതിഷേധിച്ച് നിയമമന്ത്രി ഡോ. അംബേദ്കറുടെയും പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന്റെയും കോലങ്ങൾ പരസ്യമായി കത്തിച്ചു.
ഹിന്ദുസ്ത്രീകൾക്ക് പുരുഷന്മാർക്കു തുല്യമായി സ്വത്തിലവകാശം കൊടുക്കാൻ പാടില്ലായെന്ന് ആർ എസ് എസുകാർ ശക്തമായി വാദിച്ചു. കോൺഗ്രസിന്റെയും ചില ശക്തികൾ ഇവർക്കൊപ്പം കൂടി. ഹിന്ദു ഭൂരിപക്ഷത്തിന്റെ മതവികാരം ഇളക്കിവിട്ട് രാജ്യത്ത് വീണ്ടും വർഗീയ സംഘട്ടനം ഉണ്ടാക്കാനുള്ള ആർഎസ്എസിന്റെയും കോൺഗ്രസിലെ യാഥാസ്ഥിതിക വിഭാഗത്തിന്റെയും പരിശ്രമങ്ങളാൽ ഹിന്ദുകോഡ് ബില്ല് പാസാക്കാൻ കഴിഞ്ഞില്ലെങ്കിലും നെഹ്രു അതേ ഉള്ളടക്കങ്ങളെ നാലു ബില്ലുകളാക്കി പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കിയെടുത്തു. അങ്ങനെയാണ് ഹിന്ദു സക്സഷൻ ആക്ട്, ഹിന്ദു മാര്യേജ് ആക്ട്, ഹിന്ദു മൈനോറിറ്റി ആന്റ് ഗാർഡിയൻഷിപ് ആക്ട്, ഹിന്ദു അഡോപ്ഷൻ ആന്റ് മെയിന്റനൻസ് ആക്ട് എന്നിവ നിലവിൽ വന്നത്. ഹിന്ദുകോഡ്ബിൽ പാർലമെന്റിൽ പാസാക്കിയെടുക്കാൻ കഴിയാതെ വന്നത് ഡോ. അംബേദ്കറെ വല്ലാതെ അലോസരപ്പെടുത്തി. അത് പ്രധാനമന്ത്രിയുമായുള്ള അകൽച്ചയിലേക്കും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിലുമെത്തി. ഡോ. അംബേദ്കർ നെഹ്രു മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുന്നതിന് പ്രധാനകാരണം ഇതുതന്നെയായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കാരണം. ആസൂത്രണത്തിന്റെ പോർട്ട് ഫോളിയോ ഡോ. അംബേദ്കറെ ഏൽപ്പിക്കുമെന്ന് നെഹ്രുവും ഡോ. അംബേദ്കറും തമ്മിൽ ഒരു ധാരണയുണ്ടായിരുന്നെങ്കിലും പുനഃസംഘടനാ സമയത്തും ആസൂത്രണത്തിന് പ്രത്യേക വകുപ്പ് മന്ത്രിസഭയിൽ രൂപീകരിച്ചിരുന്നില്ല. പ്രധാനമന്ത്രി ചെയർമാനായ ആസൂത്രണ കമ്മിഷൻ മാത്രമെ ഉണ്ടായിരുന്നുള്ളു. 1957ൽ മാത്രമാണ് ആസൂത്രണം മന്ത്രിമാരുടെ പോർട്ട് ഫോളിയോയിൽ വരുന്നത്.
1952ലെ തെരഞ്ഞെടുപ്പിൽ അംബേദ്കർ ബോംബെ നോർത്തിൽ നിന്നും മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. പിന്നീട് നെഹ്രു ഗവൺമെന്റ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുകയും അങ്ങനെ അദ്ദേഹം പാർലമെന്റ് മെമ്പറാകുകയും ചെയ്തു. 1954ലെ ബോംബെ ഉപതെരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ഡോ. ബി ആർ അംബേദ്കറെ സംബന്ധിച്ച് ആർ എസ് എസിന്റെ സർസംഘ് ചാലക് ആയിരുന്ന ഗുരുജി ഗോൾവാല്‍ക്കർ അദ്ദേഹത്തിന്റെ ”വിചാരധാരയിൽ” എഴുതിയിരിക്കുന്ന ഒരുഭാഗം ഓർക്കുന്നത് നല്ലതാണ്. ”ബ്രിട്ടീഷുകാർ പേഷ്വാമാരുടെ മേൽ തങ്ങൾക്കുണ്ടായ വിജയത്തെ അനുസ്മരിപ്പിക്കുന്നതിനായി ഉയർത്തിയ ”വിജയസ്തംഭം” പൂനയ്ക്കടുത്തുണ്ട്. ഒരു പ്രമുഖ ഹരിജന്‍ നേതാവ് തന്റെ ജാതിയിൽപ്പെട്ട സഹോദരന്മാരോട് ഒരിക്കൽ ആ സ്തംഭത്തിന്റെ ചുവട്ടിൽ നിന്നുകൊണ്ട് സംസാരിക്കുകയുണ്ടായി. ”ഈ സ്തംഭം ബ്രാഹ്മണരുടെ മേൽ നമുക്കുണ്ടായ വിജയത്തിന്റെ പ്രതീകമാണ്. കാരണം നമ്മളാണ് ബ്രിട്ടീഷുകാരുടെ കീഴിൽ യുദ്ധം ചെയ്ത് പേഷ്വാമാരെ അതായത് ബ്രാഹ്മണരെ തോൽപ്പിച്ചത്” എന്നയാൾ പ്രഖ്യാപിച്ചു. അടിമത്ത്വത്തിന്റെ വെറുക്കപ്പെട്ട ചിഹ്നത്തെ വിജയത്തിന്റെ പ്രതീകമായും വിദേശികളുടെ അടിമകളെന്ന നിലയിൽ അടുത്ത ബന്ധുക്കളോടു യുദ്ധം ചെയ്ത നിന്ദ്യകൃത്യം മഹത്തായ നേട്ടമായും പ്രമുഖനേതാവു വിവരിച്ചു കേൾക്കുന്നത് എത്രമാത്രം ഹൃദയഭേദകമാണ്. ആരാണ് ജേതാക്കളെന്നും ആരാണ് തോൽപ്പിക്കപ്പെട്ടവരെന്നും തിരിച്ചറിയാൻ കഴിയാതിരിക്കത്തക്കവണ്ണം അദ്ദേഹത്തിന് എത്രമാത്രം തിമിരം ബാധിച്ചിരിക്കണം! എന്തു വൈകൃതം” (വിചാരധാര ഭാഗം ‑2 ‑രാഷ്ട്രവും അതിന്റെ പ്രശ്നങ്ങളും”, 3. മാതൃഭൂമിയുടെ മക്കൾ).
2018ലെ ഭീമകൊറേഗാവ് സംഭവത്തിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലടച്ചവരും മരണപ്പെട്ടവരുമായ മനുഷ്യാവകാശ പ്രവർത്തകരുടെയും ദളിത് ആക്ടിവിസ്റ്റുകളുടെയും പേരുകൾ ആരും മറന്നു കാണുകയില്ലല്ലോ. 1928 ജനുവരി ഒന്നിന് ഡോ. അംബേദ്കർ കൊറെഗാവിലെ വിജയസ്തംഭത്തിൽ ആദ്യ സന്ദർശനം നടത്തിക്കൊണ്ട് പറഞ്ഞ വാക്കുകളെയാണ് ഗുരുജി തന്റെ പുസ്തകത്തിൽ നിന്ദ്യമായി പരാമർശിച്ചിരിക്കുന്നത്. ഗോൾവാല്‍ക്കറുടെ ശിഷ്യന്മാരായ മോഡിക്കും അമിത്ഷായ്ക്കും ഗുരുജി ഗോൾവാല്‍ക്കർ അംബേദ്കറെക്കുറിച്ചു പറഞ്ഞത് തെറ്റാണെന്ന് പറയാൻ കഴിയുമോ. 1990ൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിക്കൊണ്ട് അന്നത്തെ പ്രധാനമന്ത്രി വി പി സിങ് കേന്ദ്ര ഗവൺമെന്റ് സർവീസിൽ 27 ശതമാനം മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തിയപ്പോഴും അതിനെതിരായി സവർണ‑യുവജന‑വിദ്യാർത്ഥികളെ കൊണ്ട് ആത്മഹത്യകൾ വ്യാപകമായി ചെയ്യിപ്പിച്ചതും ഇതേ സംഘ്പരിവാർ ശക്തികളാണ്. ഇടയ്ക്കിടയ്ക്ക് കപടമായ അംബേദ്കർ സ്നേഹം ബിജെപി നേതാക്കൾ ഉരുവിടുന്നത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.