18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 20, 2024
September 29, 2024
September 6, 2024
August 29, 2024
August 27, 2024
August 23, 2024
July 19, 2024
July 18, 2024
May 13, 2024
May 6, 2024

ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
July 18, 2024 10:03 am

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിലായിരുന്നു അന്ത്യം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചുകാരനായ എം.എസ്. വല്യത്താൻ തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ ആദ്യ ഡയറക്ടറാണ്. കൂടാതെ, മണിപ്പാല്‍ യൂനിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറും ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്‍റെ ചെയർമാനുമായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠന ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.എസ്. വല്യത്താൻ എം.ബി.ബി.എസ് നേടിയത്. യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളില്‍ നിന്ന് എം.എസും എഫ്.ആർ.സി.എസും പൂർത്തിയാക്കി. ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷൻ ആൻഡ് റിസർച്ചില്‍ (പിജിമർ) ആതുരസേവനം ആരംഭിച്ചു. ഇതിനിടെ, ജോണ്‍ ഹോപ്കിൻസ് അടക്കം ഉന്നത വിദേശ സർവകലാശാലകളില്‍ ഹൃദയ ശസ്ത്രക്രിയയെ കുറിച്ച്‌ ഉന്നതപഠനം നടത്തി.

ആദ്യ ഡയറക്ടറായ എം.എസ്. വല്യത്താൻ ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റി. മെഡിക്കല്‍ സാങ്കേതികവിദ്യക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയ അദ്ദേഹം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൃദയ വാല്‍വുകള്‍ ശ്രീചിത്രയില്‍ നിർമിച്ച്‌ കുറഞ്ഞു വിലക്ക് ലഭ്യമാക്കുകയും രക്തബാഗുകള്‍ നിർമിച്ച്‌ വ്യാപകമാക്കുകയും ചെയ്തു.

ശ്രീചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിലെ സേവനത്തിന് പിന്നാലെ മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ എം.എസ്. വല്യത്താൻ ആയുർവേദ ഗവേഷണത്തിലേക്ക് കടന്നു. ആയുർവേദവും അലോപതിയും സമന്വയിപ്പിച്ചുള്ള നിർദേശങ്ങള്‍ നല്‍കി. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴില്‍ വിവിധ സ്ഥാപനങ്ങളെ ഏകീകരിക്കാനും കോഴിക്കോട്ട് കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ് തുടങ്ങാനും അദ്ദേഹം ശ്രമം നടത്തി. പത്മവിഭൂഷണ്‍ അടക്കമുള്ള ബഹുമതികള്‍ നല്‍കി ആദരിച്ചു.

ആരോഗ്യ രംഗത്തെ നൂതനാശയങ്ങളുടെ വഴികാട്ടി: ബിനോയ് വിശ്വം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നൂതനാശയങ്ങളുടെയും വിപ്ലവകരമായ മുന്നേറ്റങ്ങളുടെയും വഴികാട്ടിയായിരുന്നു ഡോ. എം എസ് വല്യത്താനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി അച്യുതമേനോന്റെ നേതൃത്വത്തിൽ ആരോഗ്യകേരളത്തിന്റെ വഴി വെട്ടിത്തുറക്കാൻ അണിനിരന്ന അർപ്പണബോധമുള്ള ഭിഷഗ്വരന്മാരിൽ അഗ്രിമ സ്ഥാനത്താണ് ഡോ. വല്യത്താന്റെ സ്ഥാനം. ആ മഹത്തായ കൂട്ടായ്മയുടെ എക്കാലത്തെയും വലിയ നേട്ടമാണ് തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.

അന്നോളമുള്ള ചികിത്സാ സമ്പ്രദായത്തിന്റെ ഗതിമാറ്റിവിട്ട ശ്രീചിത്രയുടെ സ്ഥാപക ഡയറക്ടറായി വല്യത്താൻ ചെയ്ത സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും. രോഗികളുടെ ഹൃദ്രോഗ ചികിത്സയ്ക്കൊപ്പം സമൂഹത്തിന്റെ ഹൃദയസ്പന്ദങ്ങൾക്കും അദ്ദേഹം കാതുകൊടുത്തു.

മണിപ്പാലിലേക്ക് പ്രവർത്തന രംഗം മാറ്റിയപ്പോഴും ആയുർവേദ ഗവേഷണത്തിലേക്ക് ശ്രദ്ധ മാറ്റിയപ്പോഴും അദ്ദേഹം ശ്രീചിത്രയെ മറന്നില്ല. കൂടിക്കണ്ടപ്പോഴെല്ലാം അച്യുമേനോനെന്ന മഹാനായ മനുഷ്യനെക്കുറിച്ച് ആവേശം കൊള്ളുമായിരുന്ന ഡോ. വല്യത്താൻ രാഷ്ട്രീയത്തിന് പുറത്തുള്ള പ്രസ്ഥാനത്തിന്റെ ബന്ധുവായിരുന്നുവെന്ന് ബിനോയ് വിശ്വം അനുസ്മരിച്ചു.

Eng­lish Sum­ma­ry: Dr. M.S. Valy­athan passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.