25 December 2024, Wednesday
KSFE Galaxy Chits Banner 2

കോവിഡ് അനുബന്ധ ശ്വാസകോശ രോഗം ; ശസ്ത്രക്രിയ ഫലപ്രദം

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്:
February 8, 2022 6:29 pm

 

 

 

 

കോവിഡ് ബാധിച്ച് ശ്വാസകോശം സങ്കീര്‍ണ്ണാവസ്ഥയിലെത്തിയ രോഗികളില്‍ ശ്വാസകോശ ശസ്ത്രക്രിയ ഫലപ്രദമെന്ന് പ്രശസ്ത ശ്വാസകോശ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. നാസര്‍ യൂസഫ്. മലയാളികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമുള്‍പ്പെടെ 65 പേരില്‍ ഇതിനകം ഡോ. നാസര്‍ യൂസഫ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. നിരവധി അക്കാദമിക ഫോറങ്ങളിലും ഇതുസംബന്ധിച്ച് അദ്ദേഹം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് ഒരു സുനാമിയെപ്പോലെ മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഡോ. നാസര്‍ യൂസഫ് വ്യക്തമാക്കുന്നത്. വൈറസ്ബാധ മാറിയാലും ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് അതുണ്ടാക്കുന്ന പരിക്കുകള്‍ മാറണമെന്നില്ല. ശ്വാസകോശത്തിന് ഗുരുതരമായ പരിക്കേറ്റിട്ടുള്ളവരില്‍ ഒരു വിഭാഗത്തിന് ശസ്ത്രക്രിയ ഗുണംചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തൊറാസിക് സര്‍ജ്ജറിയോ താക്കോല്‍ദ്വാര ശസ്ത്രക്രിയയോ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയ അപകട സാധ്യത കുറവും രോഗികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. രക്തം കട്ടപിടിക്കുക, ശ്വാസകോശത്തില്‍ കുമിളകള്‍ വരിക, ന്യൂമാണിയ, അണുബാധ തുടങ്ങിയ വിവിധ സങ്കീര്‍ണ്ണതകളുണ്ടാകാം. ഇവരിലെല്ലാം ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗം മാറിയാലും പലരിലും ചുമ മാസങ്ങളോളം തുടരുന്നു. പനിയും കിതപ്പും ക്ഷീണവും വിട്ടുമാറാതെയുണ്ടാകാം. ചിലര്‍ക്ക് ശ്വാസകോശം പൊട്ടുകയോ ന്യൂമോണിയ ബാധിക്കുകയോ ചെയ്യാം. ശ്വാസകോശത്തിന് പൊട്ടലുണ്ടാകുകയും അതുവഴിയുണ്ടാകുന്ന ദ്വാരത്തിലൂടെ പഴുപ്പ് വരികയും ചെയ്യാം.ഇത്തരത്തില്‍ ഗുരുതരമായ അവസ്ഥയിലെത്തിയ രാജസ്ഥാനില്‍ താമസിക്കുന്ന ഒരു മലയാളി യുവാവിനെയാണ് ഡോ. നാസര്‍ യൂസഫ് ആദ്യമായി ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നെഞ്ചില്‍ പഴുപ്പും ശ്വാസകോശങ്ങളിലെ കുമിളകള്‍ ഹൃദയത്തിന് സമീപം ഒട്ടിപ്പിടിച്ചനിലയിലുമാണ് യുവാവ് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ചികിത്സതേടിയെത്തിയത്. ശ്വാസകോശത്തില്‍ ദ്വാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് പലയിടത്തും ചികിത്സിച്ചിട്ടും രോഗം ഭേദമായില്ല. തുടര്‍ന്ന് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ഡോ. നാസര്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്തുകയായിരുന്നു. കോവിഡ് മുക്തരില്‍ ശ്വാസകോശം തുറന്നുള്ള ശസ്ത്രക്രിയക്ക് സങ്കീര്‍ണ്ണതകളേരെയാണ്. ഈ സാഹചര്യത്തിലാണ് താക്കോല്‍ദ്വാര ശസ്ത്രക്രിയ വഴി പഴുപ്പ് നീക്കുകയും ദ്വാരം അടയ്ക്കുകയും ചെയ്തത്. കോവിഡാനന്തരം ശ്വാസകോശത്തില്‍ പഴുപ്പ് ബാധിക്കുന്നതും പൊട്ടലുണ്ടാവുന്നതും സ്വാഭാവികമാണെങ്കിലും പഴുപ്പ് വലിച്ചെടുക്കാനാവാത്തവിധം കട്ടയായിപ്പോവുന്നത് അപൂര്‍വ്വമാണ്. കോവിഡാനന്തരം ശ്വാസകോശത്തിന് ഗുരുതര തകരാര്‍ നേരിട്ട ഒട്ടേറെപ്പേരെ ഈ രീതിയില്‍ ഡോ. നാസര്‍ യൂസഫിന്റെ നേതൃത്വത്തില്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.ചെസ്റ്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലും തൊറാസിക് സര്‍ജ്ജന്‍മാരുടെ ദേശീയ സമ്മേളനത്തിലും ഡോ. നാസര്‍ യൂസഫ് ഇതുസംബന്ധിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.കൊച്ചി സണ്‍റൈസ് ആശുപത്രി, കോഴിക്കോട് ചെസ്റ്റ് ആശുപത്രി, മണിപ്പാല്‍ ഹോസ്പിറ്റല്‍ എന്നവിടിങ്ങളില്‍ ഡോ. നാസര്‍ യൂസഫ് സേവനം അനുഷ്ഠിക്കുന്നു.കോവിഡാനന്തരം ശ്വാസകോശം, ഹൃദയം, തലച്ചോര്‍ എന്നിവയ്ക്ക് ബാധിക്കുന്ന തകരാറുകള്‍ക്ക് കൃത്യമായി ചികിത്സ തേടണമെന്നാണ് ഡോ. നാസര്‍ യൂസഫ് വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.