കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനെ ആസ്പദമാക്കി കേരള ചീഫ് സെക്രട്ടറി വി പി ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്കാരം ശാകുന്തളം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ആട്ടവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. യുവതലമുറ കഥകളിയെ കുറിച്ച് കൂടുതൽ അടുത്തറിയണമെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. നല്ല മലയാളവും നല്ല വാസനയും നമുക്ക് വേണം. സാംസ്കാരികമായ ആസ്വാദനത്തിന്റെ തലമുള്ളവർക്ക് ദുഷ്ടചിന്തകളൊന്നും മനസിലേക്ക് ഓടിയെത്തില്ല. കഥകളിയും കൂടിയാട്ടം പോലുള്ള കലാരൂപങ്ങൾക്ക് സ്ഥിരം അവതരണ വേദികളുണ്ടാകേതുണ്ട്.
മുദ്രകളും ചലനങ്ങളും വരും തലമുറയ്ക്കു കൂടി അനുഭവവേദ്യമാകുന്ന തരത്തിൽ കൂടുതൽ ജനകീയമാകണമെന്നും അടൂർ പറഞ്ഞു. വനജ്യോത്സനയുടെയും ദീർഘാപാംഗന്‍റെയും കളിത്തോഴി മാത്രമല്ല പ്രണത്തിന്‍റെയും വിരഹത്തിന്‍റെയും പരിഛേദം കൂടിയാണു ശകുന്തള. ഇത്തരം നാടകീയ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന കാവ്യഭാഷ്യം ചമയ്ക്കുകയാണ് വി.പി. ജോയിയുടെ ശകുന്തള എന്ന കവിത. കുടമാളൂർ കരുണാകരൻ നായർ കുടുംബാംഗങ്ങളായ രാജലക്ഷ്മി, മുരളി കൃഷ്ണൻ, സുഭദ്ര നായർ എന്നിവർ മാതംഗി, ദുഷ്യന്തൻ, ശകുന്തള എന്നീ കഥാപാത്രങ്ങളായി വേഷമിട്ട് അരങ്ങിലെത്തി. മുരളി കൃഷ്ണനാണ് “ശകുന്തള ’ കവിതയെ ആട്ടക്കഥാ രൂപത്തിലാക്കിയത്. കലാമണ്ഡലം ബാലചന്ദ്രൻ സംഗീതം നൽകി. ഉദ്ഘാടന ചടങ്ങിൽ ചീഫ് സെക്രട്ടറി വി.പി. ജോയി അധ്യക്ഷത വഹിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിച്ചു.
കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ് ശ്രീകല, ഡോ. പി.വേണുഗോപാലൻ, ആനി ജോൺസൺ എന്നിവർ സംസാരിച്ചു. ലക്ഷ്മിദാസ് കവിതാലാപനം നടത്തി. നീന ശബരീഷ് കഥാസന്ദർഭം അവതരിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണന്‍റെ ജന്മദിനം കൂടിയായിരുന്ന ഇന്നലെ അദ്ദേഹത്തെ വൈലോപ്പിള്ളി സംസ്കൃതി ഭവനുവേണ്ടി വി.പി. ജോയി ആദരിച്ച് മധുര വിതരണം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.