കൊടുവള്ളിയിൽ കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന കേന്ദ്രത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്സ് (ഡിആർഐ) നടത്തിയ റെയ്ഡിൽ 7.2 കിലോ സ്വർണവും 13.50 ലക്ഷം രൂപയും പിടികൂടി. 4.11 കോടി രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. വിവിധ രൂപത്തിൽ കൊണ്ടുവരുന്ന സ്വർണം ഉരുക്കുന്ന കേന്ദ്രത്തിലായിരുന്നു റെയ്ഡ്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി കോമ്പൗണ്ട് രൂപത്തിലാക്കി കടത്തുന്ന സ്വർണം ഇവിടെ എത്തിച്ച് സ്വർണമായി വേർതിരിച്ചെടുക്കുകയായിരുന്നു പതിവ്.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ്, കൊടുവള്ളി സ്വദേശി ജയഫർ എന്നിവരെ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാന്റിലാണ്. കൊടുവള്ളി കിഴക്കോത്തെ ജയഫറിന്റെ വീട്ടിൽനിന്നാണ് സ്വർണവും പണവും പിടിച്ചെടുത്തത്. തിങ്കളാഴ്ച രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെയാണ് കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽ നിന്നുള്ള ഡിആർഐ സംഘം റെയ്ഡ് നടത്തിയത്.
സ്വർണ ഉരുപ്പടികൾ ഇവിടെ വച്ച് ഉരുക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. വീടിന്റെ ടെറസിലും തൊട്ടടുത്ത് ഷെഡ് നിർമിച്ച് അവിടെവച്ചുമാണ് ഉരുപ്പടികൾ ഉരുക്കിയിരുന്നത്. ഇവിടെ നിന്നും ഉരുക്കിയശേഷം ജ്വല്ലറികളിലേക്ക് നൽകുകയാണ് ചെയ്യുന്നത്. സ്വർണം കൊടുവള്ളിയിലെ മഹിമ ജ്വല്ലറിയിൽ നൽകിയതായുള്ള വിവരത്തെത്തുടര്‍ന്നാണ് ഉടമയയായ മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.
കരിപ്പൂരിൽനിന്ന് വൻതോതിൽ കടത്തുന്ന സ്വർണ ഉരുപ്പടികളും കാപ്സ്യൂളുകളാക്കിയും മിശ്രിതമായും മറ്റും എത്തിക്കുന്ന സ്വർണവും ഇവിടെ വച്ചാണ് ഉരുക്കി യഥാർഥ രൂപത്തിലാക്കിയിരുന്നത്. കാപ്സ്യൂളുകൾ, ചൂടാക്കി ഉരുക്കികൊണ്ടിരുന്നവ, ഉരുക്കിവച്ച സ്വർണം എന്നിവയെല്ലാം പിടികൂടിയതിൽ ഉൾപ്പെടും. പത്തംഗ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്. കള്ളക്കടത്ത് സ്വർണം പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഡിആർഐ തീരുമാനിച്ചു. സ്വർണം ഉരുക്കിയ കേന്ദ്രത്തിൽ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറേക്കാലമായി ഇവിടെവച്ച് സ്വർണം ഉരുക്കിയിരുന്നതായി ഡിആർഐ സംഘത്തിനു വിവരം ലഭിച്ചു.
2021 ഡിസംബറിൽ മലപ്പുറത്തെ തവനൂരിൽ നടത്തിയ ഓപ്പേറഷനിൽ 9.75 കിലോ സ്വർണമാണ് പടികൂടിയത്. അവിടെയും ഉരുക്കൽ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. ഉരുക്കൽ കേന്ദ്രത്തിൽ നടക്കുന്ന രണ്ടാമത് വലിയ റെയ്ഡാണ് ഇത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ സംഘം കൊടുവള്ളിയിൽ താമസിച്ചു നിരീക്ഷിച്ചുവരികയായിരുന്നു. മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് ഉരുക്കാൻ നൽകിയ സ്വർണമാണ് പിടികൂടിയതെന്നാണ് ഡിആർഐ വ്യക്തമാക്കുന്നത്. ഉരുക്കൽ കേന്ദ്രത്തില്‍ വന്നുപോയവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോഴിക്കോട് നഗരത്തിലെ ചില ജ്വല്ലറികള്ക്കുവേണ്ടിയും ഇവിടെവച്ച് സ്വർണ ഉരുപ്പടികൾ ഉരുക്കിയിരുന്നതായി പ്രതികൾ ഡിആർഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.
English Summary;DRI raid in Koduvalli: Gold worth 4.11 crore seized, four arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.