
രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനും മാനേജരും അഭിനവ് ബിന്ദ്രയിലൂടെ ഒളിമ്പിക്സ് മെഡലും സമ്മാനിച്ച ദോണാചാര്യ സണ്ണി തോമസ് ഇനി ഓർമ്മകളിൽ. അദ്ദേഹത്തിന്റെ പരിശീലന മികവിൽ രാജ്യം വെടിയുതിർത്തു നേടിയത് നൂറിലേറെ അന്താരാഷ്ട്ര മെഡലുകളാണ്. കോട്ടയം ഉഴവൂർ സ്വദേശിയായ സണ്ണി തോമസ് 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. ഷൂട്ടിങ്ങിൽ ഇന്ത്യക്ക് വലിയ മേൽവിലാസമൊന്നും അവകാശപ്പെടാനില്ലാതിരുന്ന കാലത്ത് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയ സണ്ണി ജോസഫ് ഇന്ത്യക്കായി നിരവധി മികച്ച ഷൂട്ടിങ് താരങ്ങളെ വാർത്തെടുത്തു. 2008 ബെയ്ജിങ് ഒളിമ്പിക്സിലെ ഷൂട്ടിങ്ങിൽ ഇന്ത്യക്കാദ്യമായി ഒരു വ്യക്തിഗത മെഡൽ നേടിക്കൊടുത്ത അഭിനവ് ബിന്ദ്രയുടെ പരിശീലകസ്ഥാനം വഹിച്ചത് സണ്ണി തോമസിന്റെ അഭിമാന നേട്ടമായിരുന്നു.
2004, 2008, 2012 വർഷങ്ങളിൽ നാല് ഒളിമ്പിക് മെഡലുകളടക്കം നൂറുകണക്കിന് അന്താരാഷ്ട്ര മെഡലുകൾ അദ്ദേഹത്തിന്റെ പരിശീലന മികവിന്റെ തെളിവായി. ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ സ്വർണം, വെള്ളി മെഡലുകൾ നേടിയത് സണ്ണി തോമസ് പരിശീലകനായിരുന്ന കാലത്താണ്. 2004ൽ ആതൻസ് ഒളിമ്പിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്.
2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടിയപ്പോഴും സണ്ണി തോമസിലെ പരിശീലകന് അംഗീകാരമെത്തി. ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺവെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിന്റെ കുട്ടികൾ വെടിവച്ചിട്ടു. ലോകകപ്പിലെ നേട്ടങ്ങൾ അൻപതോളം. 2001ൽ ദ്രോണാചാര്യ പുരസ്കാരം നൽകി രാജ്യം ആദരിച്ചു. 19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലനകനായിരുന്നു. വളരെ ചെറുപ്പം മുതൽ ഷൂട്ടിങ്ങിൽ കമ്പമുണ്ടായിരുന്ന സണ്ണി തോമസിന്റെ ജീവിതത്തിലെ വഴിത്തിരിവ് 1965ൽ കോട്ടയം റൈഫിൾ ക്ലബ്ബിൽ ചേർന്നതായിരുന്നു. 1965ൽ നടന്ന സംസ്ഥാന ഷൂട്ടിങ്ങിൽ രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടി. പിന്നീട് 1970ൽ അഹമ്മദാബാദിൽ വെപ്പൺ ട്രെയിനിങ് സ്കൂളിൽ ഷൂട്ടിങ് കോഴ്സിന് ചേർന്നു. പിന്നീട് നിരവധി മത്സരങ്ങളിൽ പങ്കെടുത്തു. 1976ൽ റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ ദേശീയ ചാമ്പ്യനായിരുന്നു. അഞ്ച് തവണ സംസ്ഥാന ചാമ്പ്യനായി.
1941ൽ കോട്ടയം ജില്ലയിലെ തിടനാട് എന്ന ഗ്രാമത്തിൽ കാഥികനായ കെ കെ തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി ജനിച്ച സണ്ണി തോമസ് കാളകെട്ടിയിലും ഈരാറ്റുപേട്ടയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം എംഡി സെമിനാരിയിൽ യുപി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോട്ടയം സിഎംഎസിൽ നിന്ന് ഫിസിക്സിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി നിയമിതനായി. അവിടെ നിന്ന് 1964ൽ ഉഴവൂർ സെന്റ് സ്റ്റീഫൻ കോളജിൽ ഇംഗ്ലീഷ് വിഭാഗം മേധാവിയായി എത്തി. 1997ൽ വിരമിക്കുന്നതു വരെ അവിടെ തുടർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.