22 December 2024, Sunday
KSFE Galaxy Chits Banner 2

ഗില്ലും കൂറുമാറി: ബ്ലാസ്റ്റേഴ്സിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

Janayugom Webdesk
കൊച്ചി
July 11, 2023 8:32 am

ഒന്നര മാസം നീണ്ട ചർച്ചകൾക്കൊടുവിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് ഗില്ലിനെ റാഞ്ചി കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാൾ. 22കാരനായ താരത്തിനെ 1.2 കോടി രൂപയ്ക്കാണ് ഈസ്റ്റ് ബംഗാൾ പാളയത്തിൽ എത്തിച്ചത്. മൂന്നു വർഷത്തേക്കാണ് കരാർ. എന്നാൽ രണ്ടു വർഷത്തേക്കു കൂടി കരാർ ദീർഘിപ്പിക്കാനുള്ള ഉപാധിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈസ്റ്റ് ബംഗാളുമായുള്ള കരാർ യാഥാർത്ഥ്യമായതോടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഗോൾകീപ്പർ എന്ന ഖ്യാതിയും ഗില്ലിനെ തേടിയെത്തി. കരാർ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നാളെ താരം ഈസ്റ്റ് ബംഗാളിന്റെ ഹോം തട്ടകത്തിൽ എ­ത്തി മെഡിക്കൽ പൂർത്തിയാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ ഇന്ത്യൻ ഫുട്ബോളിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ഗിൽ. ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് ഇന്ത്യൻ ആരോസ്, ബംഗളൂരു എഫ്‌­സി എന്നിവയിൽ കളിച്ച ശേഷമാണ് ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. 2021‑ൽ ആൽബിനോ ഗോമസിനു പരി­ക്കേറ്റതോടെയാണ് ഗിൽ ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി മാറുന്നത്.
ആ സീസണിൽ തന്നെ മിന്നുന്ന അക്രോബാറ്റിക് സേവുകളിലൂടെ ക­യ്യടി നേടിയ താരം സീസണിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൺ ഗ്ലൗവും സ്വന്തമാക്കി.

ഐഎസ്എൽ ചരിത്രത്തിൽ ഗോൾഡൺ ഗ്ലൗ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും അന്ന് ഗില്ലിനായി. 20 വയസായിരുന്നു അന്ന് താരത്തിന്റെ പ്രായം. പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരം ഒ­ന്നാം നമ്പർ ഗോൾകീപ്പറായ താരം ഇക്കഴിഞ്ഞ സീസണിൽ 19 മത്സരങ്ങളിൽ ഗോൾവല കാ­ത്തു. അതിൽ നാലു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാനും താരത്തിനായി. ബ്ലാസ്റ്റേഴ്സിനായുള്ള പ്രകടനത്തിലൂടെ ദേശീയ ശ്രദ്ധനേടിയ താരത്തി­ന് കഴിഞ്ഞ വർഷം ദേശീയ ടീമിലേക്ക് ക്ഷണവും ലഭിച്ചിരുന്നു.

Eng­lish Sum­ma­ry: Gill also defect­ed: Dropouts con­tin­ue at Blasters
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.