14 January 2026, Wednesday

Related news

July 1, 2025
March 1, 2025
February 28, 2025
February 12, 2025
February 11, 2025
February 7, 2025
February 7, 2025
February 4, 2025
February 2, 2025
February 2, 2025

സാധാരണക്കാരന്റെ കുടുംബ ബജറ്റ് കുത്തനെ ഇടിഞ്ഞു

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 25, 2024 10:55 pm

രാജ്യത്തെ സാധാരണക്കാരന്റെ കുടുംബ ബജറ്റില്‍ കാര്യമായ കുറവു വന്നതായി റിപ്പോര്‍ട്ട്. ഓഹരി വിപണിയിലെ ബ്രോക്കറേജ് സ്ഥാപനമായ സിസ്റ്റേമെട്രിക്സ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇക്വിറ്റീസ് എന്ന സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടിലാണ് യഥാര്‍ത്ഥ കുടുംബ വരുമാനത്തില്‍ കഴിഞ്ഞ കുറേ മാസമായി ഇടിവു വന്നതായി വെളിപ്പെടുത്തുന്നത്. വരുമാനത്തിലുണ്ടായ കുറവ് രാജ്യത്തെ സമ്പദ്‌രംഗത്തിന് ഇത് വെല്ലുവിളിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കണക്കുകളുടെ കളിയിലൂടെ രാജ്യത്തെ സമ്പദ്‌മേഖല ശുഭമെന്ന കേന്ദ്രസര്‍ക്കാരിന്റെ വായ്ത്താരികള്‍ക്കിടയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ തൊഴില്‍മേഖലയുടെ ശരാശരികള്‍ വിലയിരുത്തുന്ന റിസര്‍വ് ബാങ്കിന്റെ ക്ലെംസ് (കെഎല്‍ഇഎംഎസ്), ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്), ഹൗസ്‌ഹോള്‍ഡ് കണ്‍സ്യൂമര്‍ എക്സ്‌പെന്‍ഡിച്ചര്‍ സര്‍വേ (എച്ച്സിഇഎസ്) തുടങ്ങിയ റിപ്പോര്‍ട്ടുകളെ ഉള്‍പ്പെടെ ഇത് സ്വാധീനിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ തൊഴിലില്ലായ്മയുടെ നിലവിലെ തോതിലും വന്‍ വർധനവ് ഉണ്ടായേക്കും.

രാജ്യത്തെ യഥാര്‍ത്ഥ കുടുംബവരുമാനം മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 78 ശതമാനമാണ്. ഇതില്‍ വർധനവ് ഉണ്ടാകുന്നില്ലെങ്കില്‍ ആഭ്യന്തര വളര്‍ച്ചാ നിരക്കിനെ ബാധിക്കും. സര്‍ക്കാര്‍ ലക്ഷ്യമിടുന്ന വളര്‍ച്ചാനിരക്ക് കൈവരിക്കുക അസാധ്യമായി മാറിയേക്കും. ബാങ്കിങ് മേഖലയ്ക്കും തിരിച്ചടിയാകും. മെച്ചപ്പെട്ട മണ്‍സൂണ്‍ വരുമാന വർധനവിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഘടനാപരമായുണ്ടാകുന്ന കാലതാമസം മറികടന്നാല്‍ മാത്രമേ സ്ഥിതിഗതികളില്‍ മാറ്റം വരൂ. ഇതിനായി കേന്ദ്രം സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ പണം ഒഴുക്കി ഗ്രാമീണ മേഖലയിലെ വരുമാന വർധനവിന് കളമൊരുക്കണം. ഈ നടപടിയിലൂടെ മാത്രമേ സമ്പദ് മേഖല ലക്ഷ്യമിടുന്ന വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാന്‍ അവസരമുള്ള മേഖലകളില്‍ ഡിമാന്റില്‍ വർധനവുണ്ടായി. ഫാഷന്‍, റീട്ടെയില്‍, ആഭരണ മേഖലകളുടെ വളര്‍ച്ചയാണ് ഇതിന് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. കമ്പനികള്‍ സൗജന്യങ്ങളും ഡിസ്കൗണ്ടുകളും കുറച്ച് ലാഭത്തില്‍ വർധനവുണ്ടാക്കി. ബാങ്കിങ് മേഖലയില്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ റീട്ടെയില്‍ വായ്പാ മേഖലയില്‍ വളര്‍ച്ച കുറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് ലോണ്‍, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിവയുടെ തോതിലാണ് മുന്‍ കാലങ്ങളെ അപേക്ഷിച്ച് കുറവ് വന്നിരിക്കുന്നത്. അതേസമയം ഭവന വായ്പകളെ ഇത് ബാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.