
വ്യത്യസ്ത ജനന തീയതിയിലുള്ള രണ്ട് പാൻ കാർഡുകൾ കൈവശംവെച്ച കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാൻ, മകൻ അബ്ദുല്ല അസം ഖാൻ എന്നിവർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് രാംപൂരിലെ എംപി/എംഎൽഎ സ്‌പെഷ്യൽ കോടതി. 2019‑ൽ ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് ഇവർക്കെതിരെ പരാതി നൽകിയത്. 1993 ജനുവരി ഒന്നിനും, 1990 സെപ്റ്റംബർ 30നും ഉള്ള ജനന തീയതിയിൽ അബ്ദുല്ല അസം ഖാന് രണ്ട് പാൻ കാർഡുകൾ ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.
2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 25 വയസ്സ് തികഞ്ഞുവെന്ന് കാണിക്കാൻ രണ്ടാമത്തെ ജനനതീയതി കെട്ടിച്ചമച്ചതാണെന്നാണ് പ്രോസിക്യൂഷൻ വാദം. അബ്ദുല്ല പിന്നീട് വിജയിച്ച സ്വാർ അസംബ്ലി സീറ്റിലേക്കുള്ള നാമനിർദേശത്തിന് മുന്നോടിയായി പഴയ പാൻ കാർഡിന് പകരം പുതിയ പാൻ കാർഡ് നൽകുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാജ രേഖകൾ നിർമിക്കാനും ഉപയോഗിക്കാനും ബാങ്ക് രേഖകൾ മാറ്റാനും അസം ഖാൻ മകനുമായി ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി. ബാങ്ക് രേഖകളും ഇൻകംടാക്‌സ് വിവരങ്ങളുമെല്ലാം വിശദമായി പരിശോധിച്ചാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്ന് സ്‌പെഷ്യൽ ജഡ്ജി ശോഭിത് ബൻസാൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കൽ), 468 (തട്ടിപ്പ് നടത്താൻ വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ ഉപയോഗിക്കൽ), 120 ബി (ഗൂഢാലോചന) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
അസം ഖാനും മകനുമെതിരായ കോടതി വിധിയോട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷമായാണ് പ്രതികരിച്ചത്. “അധികാരത്തിന്റെ ബലത്തിൽ അനീതിയും അടിച്ചമർത്തലുമായി മുന്നോട്ടുപോകുന്നവർ ഏറ്റവും മോശമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. എല്ലാം…എല്ലാം…കാണുന്നുണ്ട്,” എന്ന് അഖിലേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.