12 December 2025, Friday

Related news

December 12, 2025
December 6, 2025
November 30, 2025
November 25, 2025
November 25, 2025
November 23, 2025
November 17, 2025
November 15, 2025
November 14, 2025
November 10, 2025

വ്യാപാര യുദ്ധത്തിന് അയവ് ; ട്രംപ് — ഷി കൂടിക്കാഴ്ചയില്‍ പുരോഗതി

ചൈനീസ് തീരുവ 47 ശതമാനമായി കുറച്ചു, അപൂര്‍വ ധാതു കയറ്റുമതിയിലും ധാരണ
Janayugom Webdesk
സിയോള്‍
October 30, 2025 10:21 pm

ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ചൈനയില്‍ നിന്നുള്ള അപൂര്‍വ ധാതുക്കളുടെ കയറ്റുമതിക്ക് ഇനി തടസങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയെ ‘വലിയ വിജയം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, 2026 ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും അറിയിച്ചു.

മയക്കുമരുന്നിനായുള്ള രാസവസ്തുക്കളുടെ ഒഴുക്ക് അമേരിക്കയിലേക്ക് എത്തുന്നത് തടയുന്നതിനായി, ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ട്രംപ് നേരത്തെ 20% തീരുവ ചുമത്തിയിരുന്നു. എന്നാല്‍, എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ, തീരുവ 10 ശതമാനമായി കുറയ്ക്കുന്ന തീരുമാനം ട്രംപ് പ്രഖ്യാപിച്ചു. യുഎസിലേക്ക് സിന്തറ്റിക് ഓപിയോയിഡായ ഫെന്റനൈല്‍ കടത്തുന്നതില്‍ ചൈനയ്ക്ക് വലിയ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ചൈനയ്ക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്തിയത്. യുഎസിലേക്ക് വരുന്ന ഫെന്റനൈല്‍ രാസവസ്തുക്കളെ തടയാന്‍ ഷി ജിന്‍പിങ് കഠിനമായി പരിശ്രമിക്കുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗ്യോങ്ജുവില്‍ നടന്ന ഏഷ്യ‑പസഫിക് എക്കണോമിക് കോ-ഓപ്പറേഷന്‍ ഉച്ചകോടിയുടെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 

അപൂര്‍വ ധാതുക്കളുടെ കാര്യങ്ങളെല്ലാം ഒത്തുതീര്‍പ്പായി, ഇത് ലോകത്തിന് മുഴുവന്‍ ഉപകാരപ്രദമാകും. ഈ കരാര്‍ എല്ലാ വര്‍ഷവും പുതുക്കി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, റഷ്യ‑ഉക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതിനായി താനും ഷിയും തമ്മില്‍ ധാരണയായതായും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയില്‍ നിന്നുള്ള ചെെനയുടെ എണ്ണ ഇറക്കുമതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്കൻ സോയാബീന്‍ ഇറക്കുമതി ചെെന പുനരാരംഭിക്കും. ഏതാനും മാസങ്ങൾക്ക് ശേഷം ചൈന ആദ്യമായി യുഎസ് സോയാബീൻ വാങ്ങിയതായി കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതീക്ഷയ്ക്ക് വിപരീതമായി തായ‍്‍വാന്‍ പ്രതിസന്ധിയും ചര്‍ച്ചയായില്ല. യുഎസ്-ചൈന ബന്ധത്തെ യാത്രാ കപ്പലിനോട് ഉപമിച്ച ഷി, രാജ്യങ്ങൾ ശരിയായ പാതയിൽ തന്നെ തുടരണമെന്നും പങ്കാളികളും സുഹൃത്തുക്കളും ആയിരിക്കണമെന്നും പറഞ്ഞു. ലോകം നിരവധി കഠിനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി ഉത്തരവാദിത്തം വഹിക്കാനും രണ്ട് രാജ്യങ്ങളുടെയും മുഴുവൻ ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ മികച്ച കാര്യങ്ങൾ കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്നും ഷി കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾക്ക് ഇടയില്‍ സംഘർഷങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.