സംസ്ഥാനത്തെ പരിസ്ഥിതി ദുര്‍ബല മേഖല സംബന്ധിച്ചു പഠിച്ച് സുപ്രീംകോടതി നിര്‍ദേശിച്ച കേന്ദ്ര സമിതിക്കു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. സംരക്ഷിത വനങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്നും സികെ ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് അദ്ദേഹം മറുപടി നല്കി.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ വനാതിര്‍ത്തി പരിശോധിച്ചശേഷം, ജനവാസകേന്ദ്രങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, കൃഷിസ്ഥലങ്ങള്‍, തോട്ടങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പഠന റിപ്പോര്‍ട്ട് ലഭ്യമായാല്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വരുന്ന കെട്ടിടങ്ങളുടെയും ജനവാസമേഖലകളുടെയും വ്യക്തമായ വിവരങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്തി ഉത്തരവില്‍ ഇളവ് നേടിയെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജനസാന്ദ്രത കൂടിയ മേഖലകളെയും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളെയും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദ്ദശേമാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്താനും കേരളത്തിന്റെ കുറഞ്ഞ ഭൂവിസ്തൃതിയും ജനസാന്ദ്രതയും ഉള്‍പ്പെടെയുള്ള പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും പരിസ്ഥിതിലോല പ്രദേശം പ്രഖ്യാപിക്കുന്നകാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ച് കേന്ദ്രം തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നത്. കേരളത്തിനു പ്രത്യേക ഇളവ് വേണമെന്ന് കേന്ദ്ര വനം ‑പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാര്‍ ചൗബയുമായി മുഖ്യവനം മേധാവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
English Summary;Ecologically sensitive area: Report will be submitted within three months:Minister AK Saseendran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.