18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 25, 2024
October 7, 2024
October 4, 2024
September 28, 2024
September 26, 2024
September 23, 2024
July 23, 2024
July 23, 2024
July 23, 2024

സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍; രാജ്യത്ത് തൊഴിലില്ല

റെജി കുര്യന്‍
ന്യൂഡല്‍ഹി
July 22, 2024 11:12 pm

രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ. പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ കാര്‍ഷികേതരമേഖലയില്‍ പ്രതിവര്‍ഷം 80 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ 2030 വരെ സൃഷ്ടിക്കണമെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.
തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറച്ച് സ്വകാര്യ മേഖലയെ മുന്‍നിര്‍ത്തിയുള്ള തൊഴിലവസരങ്ങളാണ് ഉന്നം വയ്ക്കുന്നതെന്ന് സര്‍വേ പറയുന്നു. സ്വകാര്യ കോര്‍പറേറ്റ് മേഖലയില്‍ ലാഭം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടുന്ന സര്‍വേ ഈ മേഖലയുടെ പിന്തുണയോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് കളമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയിലെ 33,000 കമ്പനികളുടെ നികുതിക്കു മുമ്പുള്ള ലാഭം നാലിരട്ടിയായെന്നും സര്‍വേയിലുണ്ട്. കോര്‍പറേറ്റ് മേഖലയുടെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് ഇന്നത്തെ ബജറ്റിലും പ്രതിഫലിച്ചേക്കും.

മൂന്നാം നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കന്നി ബജറ്റിന് മുന്നോടിയായാണ് രാജ്യത്തെ സമ്പദ്ഘടന അവലോകനം ചെയ്തുള്ള സാമ്പത്തിക സര്‍വേ ഇന്നലെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മേശപ്പുറത്തുവച്ചത്. രാജ്യത്തെ സമ്പദ്‌രംഗം കരുത്തുറ്റതെന്നും നടപ്പ് സാമ്പത്തിക വര്‍ഷം 6.5‑ഏഴ് ശതമാനം ജിഡിപി വര്‍ധന ഉണ്ടാകുമെന്നുമാണ് സര്‍വേ വിലയിരുത്തല്‍. എന്നാല്‍ ഈ കണക്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ട 8.2 ശതമാനം ജിഡിപി വളര്‍ച്ചയെന്ന ലക്ഷ്യത്തിലും താഴെയെന്നതും ശ്രദ്ധേയം.
ആഭ്യന്തര വളര്‍ച്ച ലക്ഷ്യം കൈവരിക്കുമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത് നാഗേശ്വരന്‍ പ്രതികരിച്ചത്. ധനക്കമ്മി കുറയ്ക്കുന്നതിനൊപ്പം നിക്ഷേപ അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്നും നാഗേശ്വരന്‍ വ്യക്തമാക്കി. ചൈനയില്‍ നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ഇക്കണോമിക് സര്‍വേ പിന്തുണയ്ക്കുന്നു.
വിദേശ കടത്തിന്റെ തോത് മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്താല്‍ ഇന്ത്യ ഏറ്റവും കുറവുള്ളവരുടെ പട്ടികയിലാണ്. കാര്‍ഷിക മേഖലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യവസായ വളര്‍ച്ചാ തോതും വര്‍ധിപ്പിക്കണം. ഉല്പാദനത്തിന്റെ അടിസ്ഥാനത്തില്‍ വ്യവസായങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹന പദ്ധതി വര്‍ധിച്ച നേട്ടമാണ് നല്‍കുന്നതെന്നും ഇലക്ട്രോണിക്, ഫാര്‍മസി മേഖലയില്‍ നിക്ഷേപം 1.28 ലക്ഷം കോടി മറികടന്നെന്നും സിഇഎ പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സമഗ്രമായ അഴിച്ചുപണി അനിവാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇക്കണോമിക് സര്‍വേയിലെ വളര്‍ച്ചാ ലക്ഷ്യം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഭക്ഷ്യ വിലക്കയറ്റം പ്രതിവര്‍ഷം 10 ശതമാനമാണ് വര്‍ധിക്കുന്നത്. ആഗോള വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും കയറ്റുമതിയില്‍ വര്‍ധനവ് പ്രതീക്ഷിച്ച് ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.5‑ഏഴ് ശതമാനം ഉയരുമെന്നത് വാസ്തവ വിരുദ്ധമാണ്. രാജ്യത്തെ ഗ്രാമീണ മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ബജറ്റ് ഇന്ന്

കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മുൻ സർക്കാരുകളിൽനിന്ന് വ്യത്യസ്തമായി സഖ്യകക്ഷികളെയും പ്രീതിപ്പെടുത്തേണ്ട ബാധ്യതയുണ്ടെന്നതിനാൽ കൂടുതൽ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. തുടർച്ചയായി ഏഴാമത്തെ ബജറ്റ് അവതരിപ്പിക്കുന്ന നിർമ്മലാ സീതാരാമൻ മൊറാർജി ദേശായിയുടെ റെക്കോഡ് മറികടക്കും.
രാവിലെ 11 മണിക്കാണ് ലോക്‌സഭയിൽ ബജറ്റ് അവതരണം ആരംഭിക്കുക. പാർലമെന്റിന്റെ ഔദ്യോഗിക ചാനലുകളിലും ദൂരദർശൻ, സൻസദ് ടിവിയിലും തത്സമയം കാണാം. സർക്കാരിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലും ലൈവ് സ്ട്രീമിങ് ഉണ്ടാകും. ഔദ്യോഗിക വെബ്സൈറ്റായ www.indiabudget.gov.inൽ ബജറ്റ് രേഖകള്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പൊതുജനങ്ങൾക്ക് ലഭ്യമാകും. 

യാഥാര്‍ത്ഥ്യങ്ങള്‍ക്ക് വിരുദ്ധം: സിപിഐ

രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വേയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. മോഡി സര്‍ക്കാരിന്റെ നയങ്ങളും നിലപാടുകളും പദ്ധതികളും കോര്‍പറേറ്റ് മേഖലയുടെ വളര്‍ച്ചയും ലാഭക്കൊയ്ത്തും മാത്രം ലക്ഷ്യമിട്ടാണ് എന്നത് മറനീക്കി പുറത്തുവന്നെന്നും ദേശീയ സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.