22 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 14, 2024
July 8, 2024
July 2, 2024
July 1, 2024
June 26, 2024
June 26, 2024
June 24, 2024
June 24, 2024
June 18, 2024
June 12, 2024

പ്രതിപക്ഷവേട്ട വീണ്ടും ശക്തമാക്കി ഇഡി; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2023 10:15 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കാറായതോടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള വേട്ട കൂടുതല്‍ ശക്തമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രണ്ടു ദിവസത്തിനിടെ ഇഡിയുടെ നടപടികള്‍ക്ക് വിധേയരായത് നിരവധി പ്രമുഖ നേതാക്കള്‍. കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം നിരന്തരം ഇഡിക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവര്‍ ചോദ്യം ചെയ്യലിന് എത്താത്തതിനെ തുടര്‍ന്നാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഏജൻസി വീണ്ടും സമൻസ് അയച്ചത്. ആര്‍ജെഡി അധ്യക്ഷനും തേജസ്വിയുടെ പിതാവുമായ ലാലു പ്രസാദ് യാദവിനും സമന്‍സ് അയച്ചിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കാര്‍ത്തി ചിദംബരത്തോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. 2011ലെ ഒരു പദ്ധതിക്കായി ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ഇത് 20-ാം ദിവസമാണ് കാര്‍ത്തി ചിദംബരം ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ഇത് ദിനചര്യയായി മാറിയെന്ന് കാര്‍ത്തി പറഞ്ഞു. എല്ലായ്പോഴും ഒരേ ചോദ്യമാണ് ചോദിക്കുന്നതെന്നും ഒരേ ഉത്തരമാണ് നല്‍കുന്നതെന്നും കാര്‍ത്തി പറഞ്ഞു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാൻ സാവകാശം ആവശ്യപ്പെട്ട് ഈ മാസം 12, 16 തീയതികളിലെ ചോദ്യം ചെയ്യലിന് കാര്‍ത്തി ഹാജരായിരുന്നില്ല. 

ജോലിക്ക് ഭൂമി കേസുമായി ബന്ധപ്പെട്ട് ഈ മാസം 22ന് ഹാജരാകാൻ സമൻസ് അയച്ചിരുന്നെങ്കിലും തേജസ്വി യാദവ് ഹാജരായിരുന്നില്ല. തുടര്‍ന്നാണ് ജനുവരി അ‍ഞ്ചിന് ഹാജരാകാൻ ഇഡി വീണ്ടും സമൻസ് അയച്ചത്. ഇതേ കേസില്‍ 27ന് ഹാജരാകാനാണ് ലാലു പ്രസാദിന് നല്‍കിയിരിക്കുന്ന നോട്ടീസ്. മേയ് 2022ലെ സിബിഐ എഫ്ഐആറിനെ അടിസ്ഥാനമാക്കിയാണ് ഇഡി കേസെടുത്തത്. ലാലു പ്രസാദ് റെയില്‍വേ മന്ത്രിയായിരിക്കെ അഴിമതി നടന്നെന്നാണ് ആരോപണം. ലാലുവിന് പുറമേ ഭാര്യ റാബ്‌റി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരെയും മറ്റ് 12 പേര്‍ക്കൊപ്പം സിബിഐ എഫ്ഐആറില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

ഇഡി അയച്ച നോട്ടീസിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാള്‍ വ്യാഴാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകാൻ വിസമ്മതിച്ചത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്. കെജ്‌രിവാളിനോടും അടുത്ത മാസം മൂന്നിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി നോട്ടീസ് നിയമാനുസൃതമായിരുന്നില്ലെന്നും ബാഹ്യ ഇടപെടലുണ്ടെന്നും ലോക്‌സഭ തെരഞ്ഞെടുപ്പടുക്കുന്നതോടെ സെൻസേഷണല്‍ വാര്‍ത്ത നിര്‍മ്മിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും കെജ്‌രിവാള്‍ ഏജൻസിക്കയച്ച കത്തില്‍ പറയുന്നു. 

Eng­lish Summary;ED inten­si­fied the hunt for the oppo­si­tion; The tar­get is the Lok Sab­ha elections
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.