19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ നിലപാടുള്ളവര്‍ക്ക് ചുറ്റികകളും വാള്‍മുനകളും

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
June 16, 2023 4:30 am

‘വരിയന്‍ പുലിയെ ച്ചുരികകള്‍ കൊണ്ടും കരടി മൃഗത്തെപ്പരിഘം കൊണ്ടും ദന്തികുലത്തെ കുന്തം കൊണ്ടും ബാലമൃഗത്തെ വേലുകള്‍ കൊണ്ടും’ കൊന്നുതള്ളുന്ന കിരാതനയത്തെക്കുറിച്ച് കുഞ്ചന്‍ നമ്പ്യാര്‍ ‘കിരാതം’ എന്ന തുള്ളല്‍ക്കഥയില്‍ ദീര്‍ഘമായി വിവരിച്ചിട്ടുണ്ട്. അതില്‍തന്നെ പരാമര്‍ശിക്കുന്നതുപോലെ ‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലാ’ എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ബിജെപി ഇതര സര്‍ക്കാരുകള്‍ നിലനില്ക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഇരമ്പിയാര്‍പ്പിച്ച് എത്തിക്കുന്നത്. ബംഗാള്‍, ബിഹാര്‍, ഡല്‍ഹി, തെലങ്കാന, രാജസ്ഥാന്‍ ഇവിടങ്ങളിലെല്ലാം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സിബിഐയും കടന്നാക്രമണം നടത്തി. ഒടുവില്‍ തമിഴ്‌നാട് സെക്രട്ടേറിയറ്റും അതിക്രമിച്ചു കടന്നിരിക്കുന്നു. നോട്ടീസോ സമന്‍സോ നല്കാതെ, നടപടിക്രമങ്ങളൊന്നും പാലിക്കാതെ, സര്‍ക്കാരിന്റെ അനുമതി പോലും വാങ്ങാതെ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കടക്കുകയായിരുന്നു ഇഡി. നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും ഫാസിസ്റ്റ് പ്രവണതകളുടെ പരമോന്നത ഉദാഹരണമാണ് തമിഴ്‌നാട് സെക്രട്ടേറിയറ്റിലും മന്ത്രിമന്ദിരത്തിലും അരങ്ങേറിയത്. 18 മണിക്കൂറിലേറെ ചോദ്യം ചെയ്യല്‍, അര്‍ധരാത്രിയില്‍ അറസ്റ്റ്, ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന ഫെഡറലിസ വ്യവസ്ഥകളെയും ചട്ടങ്ങളെയും നഗ്നമായി ലംഘിക്കുകയാണ് നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും ഫാസിസ്റ്റ് ഭരണകൂടം.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നരേന്ദ്രമോഡി തന്നെയായിരിക്കും പ്രധാനമന്ത്രിയെന്നും ഇരുപത്തിയഞ്ച് സീറ്റ് തമിഴ്‌നാട് നല്കണമെന്നും തമിഴ്‌നാട്ടില്‍ നിന്ന് ഒരു പ്രധാനമന്ത്രി വേണമെന്നും അമിത് ഷാ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് 2011 മുതല്‍ 2016 വരെ ജയലളിതാ സര്‍ക്കാരില്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ഇപ്പോള്‍ ഡിഎംകെ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായി ചുമതല വഹിക്കുന്ന വി സെന്തില്‍ ബാലാജിയെ അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലും ഇഡിയും കസ്റ്റംസും സിബിഐയും ഭരണകൂട മര്‍ദനോപകരണങ്ങളായി പാറിപ്പറക്കുന്നുണ്ട്. പക്ഷെ, അവര്‍ക്കാര്‍ക്കും രേഖകളോ ശരിയായ തെളിവുകളോ കിട്ടാത്തതുകൊണ്ട് തടിതപ്പേണ്ടിവന്നു. കര്‍ണാടകയും കേരളവും തമിഴ്‌നാടും തെലങ്കാനയുമുള്‍പ്പെടുന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ് മോഡി ഭരണകൂടം. രാജ്യത്ത് ഉയര്‍ന്നുവരുന്ന 23 മതനിരപേക്ഷ കക്ഷികളുടെ സഖ്യത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാനാണ് സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ജനാധിപത്യ ഭാരതം മതനിരപേക്ഷതയെയും ജനാധിപത്യ തത്വസംഹിതകളെയും ഭരണഘടനാ മൂല്യങ്ങളെയും ധ്വംസിക്കുവാനുള്ള അധമ പ്രവര്‍ത്തനങ്ങളെ പാടേ നിരാകരിക്കുകതന്നെ ചെയ്യും. ‘ഏക മതം, ഏക ജാതി, ഏക ഭാഷ, ഏക വസ്ത്രം, ഏക സംസ്കാരം, ഏക ഭക്ഷണം’ എന്നാണ് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. ‘നാനാത്വത്തില്‍ ഏകത്വം’ എന്ന തത്വസംഹിതയെ അവര്‍ തമസ്കരിക്കുന്നു.


ഇതുകൂടി വായിക്കൂ: കേന്ദ്രത്തിന്റേത് ശത്രുരാജ്യത്തോടുള്ള സമീപനം


മണിപ്പൂര്‍ കത്തിയമരുമ്പോള്‍, ഇരകളായ ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞ് സമരം ചെയ്യുമ്പോള്‍ നരേന്ദ്രമോഡി മഹാമൗനത്തിന്റെ വാല്മീകത്തിലാണ്. ഈ ഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജീവചരിത്രമെഴുതിയ ഇന്ത്യയുടെ രണ്ടാം രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ എഴുത്ത് ശ്രദ്ധേയമാണ്. ‘ഭീഷണമായ മറ്റ് പ്രവണതകള്‍ വളര്‍ന്നുവരുന്നുണ്ടായിരുന്നു. സാമ്പത്തിക വികസനത്തിലൂടെ നേടിയെടുത്ത ഐക്യദാര്‍ഢ്യത്തെ മതവും ഭാഷയും അടിസ്ഥാനമാക്കിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇളക്കുമെന്ന് ഭീഷണിപ്പെടുത്തി. നെഹ്രു വിശ്വസിക്കാന്‍ ആഗ്രഹിച്ചതുപോലെ ജാതി അതിന്റെ അന്യരൂപത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നെങ്കിലും അത്, രാഷ്ട്രീയ വസ്ത്രം ധരിക്കുകയായിരുന്നു’. ജാതി രാഷ്ട്രീയത്തിന് രാഷ്ട്രീയ വേഷം ധരിപ്പിച്ച് മതവിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന, വ്യാജ ഏറ്റുമുട്ടലുകള്‍ ആസൂത്രണം ചെയ്യുന്ന നരേന്ദ്രമോഡി — അമിത് ഷാ സഖ്യം കേന്ദ്ര അന്വേഷണ ഏജന്‍സികളിലൂടെ, അവരുടെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ ഇന്ത്യന്‍ മതനിരപേക്ഷ ശ ക്തികളെയും അവര്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകളെയും വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും തോക്കിന്‍ മുനകള്‍ നീട്ടുകയുമാണ്. കാലം ഇവര്‍ക്ക് മാപ്പ് നല്‍കട്ടെ. അനന്തരം ജനാധിപത്യം അനശ്വരവും അനന്തവുമായി നിലകൊള്ളുമെന്നതിന് കാലവും ചരിത്രവും സാക്ഷി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.