12 February 2026, Thursday

Related news

February 3, 2026
February 2, 2026
January 31, 2026
January 21, 2026
December 16, 2025
December 1, 2025
November 23, 2025
November 21, 2025
October 10, 2025
October 10, 2025

പി വി അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്

Janayugom Webdesk
നിലമ്പൂർ
November 21, 2025 8:53 pm

തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. അൻവറിന്റെ മഞ്ചേരി പാർക്കിലും സഹായി സിയാദിന്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്. അൻവറിന്റെ വീട്ടിൽ ഇന്നലെ രാവിലെ 6.30ഓടെയാണ് ഇഡി സംഘം എത്തിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
കെഎഫ്‍സി ലോണുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പി വി അൻവർ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പയെടുത്തെന്നാണ് പരാതി. 2015 ലാണ് പി വി അൻവറും സഹായി സിയാദും ചേർന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പി വി അൻവറിന്റെ സിൽസില പാ‍ർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പരിശോധന. മതിയായ രേഖകളില്ലാതെയാണ് പി വി അൻവർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം. ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നേരത്തെ കേസിൽ പരാതിക്കാരുടെ മൊഴി ഉൾപ്പെടെ എടുത്തിരുന്നു.
അഞ്ചുകോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. മാലാംകുളം കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ആദ്യം 7.50 കോടിയാണ് കടം എടുത്തത്. ഓഹരി ഉടമ എന്ന നിലയിൽ ആണ് സിയാദ് പണം കടമെടുത്തത്. പി വി ആർ ഡെവലപ്പേഴ്സ് എന്ന കമ്പനിയുടെ പേരിലും അഞ്ച് കോടി വായ്പ എടുത്തു. കെഎഫ്‍സിയിൽ നിന്ന് നേരത്തെ വായ്പ എടുത്തത് മറച്ചുവച്ച് അതേ ഈട് വച്ച് വീണ്ടും വായ്പ എടുത്തു. ഈ രണ്ട് കമ്പനികളുടെ സാമ്പത്തിക ഇടപാട് ആണ് ഇഡി അന്വേഷിക്കുന്നത്. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രൻ ആണ് പരാതിക്കാരൻ. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൽ അൻവർ നാലാം പ്രതിയാണ്. സഹായി സിയാദ്, കെ എഫ് സി ചീഫ് മാനേജർ അബ്ദുൽ മനാഫ്, ഡെപ്യൂട്ടി മാനേജർ മിനി, മുനീർ അഹമ്മദ് എന്നിവരെല്ലാം വിജിലൻസ് കേസിൽ പ്രതികളാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധനയ്ക്ക് എത്തിയതോടെ കെ എഫ് സി ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.