23 December 2024, Monday
KSFE Galaxy Chits Banner 2

വീണ്ടും സ്മാർട്ടാകുന്ന വിദ്യാലയങ്ങൾ

ഡോ. പി കെ സബിത്ത്
January 21, 2023 4:45 am

വിദ്യാഭ്യാസം എന്ന പദം കൂടുതൽ സാർത്ഥകമാകുന്നത് എല്ലാ തലങ്ങളിലും അത് സ്വയംപര്യാപ്തത കൈവരിക്കുമ്പോഴാണ്. പഠിതാക്കളിൽ മൗലികമായ ചിന്തയുണർത്താൻ പഠന പ്രവർത്തനങ്ങളിലൂടെ സാധിക്കണം. ക്ലാസ് മുറി എന്ന നാല് ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതാണ് പഠനം എന്ന ചിന്ത കാലഹരണപ്പെട്ട ഒന്നായി മാറിയിട്ട് ഏറെ നാളുകളായി. ക്ലാസ്‌മുറിയിലെ പഠനത്തെ പാടെ മാറ്റിനിർത്തണം എന്നല്ല ഉദ്ദേശിക്കുന്നത്; കാലോചിതമായ പരിഷ്കരണങ്ങൾ അവിടെ ഉണ്ടാകണം. അക്കാദമിക് സ്വയംപര്യാപ്തത വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസ സമീപനങ്ങളിൽ പ്രാഥമികമായി പരിഗണിക്കേണ്ടത്. പഠന പ്രവർത്തനങ്ങൾ യാഥാർത്ഥ്യബോധ്യവുമായി അടുത്തുനില്ക്കുന്ന ഒന്നായി മാറുമ്പോൾ അക്കാദമിക് സ്വയംപര്യാപ്തത സ്വാഭാവികമായും സംഭവിക്കും. കുട്ടികൾ ഏർപ്പെടുന്ന പ്രവർത്തനങ്ങൾക്ക് എന്ത് സാമൂഹികയുക്തിയാണ് ഉള്ളതെന്ന് അവർക്കുതന്നെ വ്യക്തമായ ബോധ്യം ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ ആർക്കോവേണ്ടി എന്തിനാണെന്ന് അറിയാതെ കേവലം ക്ലാസ് കയറ്റത്തിനു മാത്രമായി പഠനത്തിൽ ഏർപ്പെടുന്നവരായി കുട്ടികൾ മാറും. പഠനം പ്രായോഗികവും കാലോചിതവുമാക്കാനുള്ള ഏകമാർഗമാണ് അതിന് ഒരു ഗവേഷണ സ്വഭാവം ഉണ്ടാക്കുക എന്നത്. ഗവേഷണ സ്വഭാവത്തോടെയുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികളെ കൂടുതൽ ചിന്തോദ്ദീപകമാക്കും. പഠനം ജീവിതഗന്ധിയായി മാറുമ്പോഴാണ് വിദ്യാഭ്യാസം പ്രായോഗിക പരിജ്ഞാനം എന്ന നിലയിലേക്ക് ഉയരുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരളം പദ്ധതിയിലൂടെ നടപ്പിലാക്കുന്നതാണ് കേരള സ്കൂൾ വെതർ സ്റ്റേഷൻ.

കാലാവസ്ഥ സംബന്ധിച്ച പ്രായോഗിക പരിജ്ഞാനം നേടുകയാണ് ഇതിന്റെ ലക്ഷ്യം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിച്ച് അവ ഉപയോഗിച്ചുകൊണ്ട് കുട്ടികൾ കാലാവസ്ഥാ മാറ്റങ്ങളെപ്പറ്റി പ്രായോഗികപരിജ്ഞാനം നേടുന്നു. ഓരോ ദിവസങ്ങളിലെയും കാലാവസ്ഥാമാറ്റങ്ങൾ അഥവാ ദിനാവസ്ഥ രേഖപ്പെടുത്തുന്നത് കുട്ടികളുടെ നേതൃത്വത്തിലായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക ഭേദങ്ങളെപ്പറ്റി കൂടുതൽ സൂക്ഷ്മതയോടെ അടുത്തറിയുന്നതിനും ഭാവിയിലെ അന്വേഷണാത്മകമായ പഠനത്തിനുമുള്ള ഒരു സ്ഥിതിവിവരക്കണക്കാണ് ഇതുവഴി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നൂറുദിന കർമ്മ പരിപാടിയിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതിയായ വെതർ സ്റ്റേഷനുകളുടെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാകുകയാണ്. സംസ്ഥാനത്തെ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിദ്യാലയങ്ങളിൽ ‘ജ്യോഗ്രഫി’ മുഖ്യ വിഷയമായിട്ടുള്ള 258 കേന്ദ്രങ്ങളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഭൂമിശാസ്ത്ര പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോണമാണ് ഇത് ആരംഭിച്ചിട്ടുള്ളത്. ഒരുപക്ഷെ ഇന്ത്യയിൽ ആദ്യമായാകും ഇത്തരമൊരു പരിപാടിക്ക് തുടക്കമാകുന്നത്. മഴയുടെ തോത് അളക്കുന്നതിനുള്ള ‘മഴമാപിനി’, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള ‘വെറ്റ് ആർ ഡ്രൈ ബൾബ് തെർമോമീറ്റർ, കാറ്റിന്റെ ദിശ അറിയുന്നതിനായുളള ‘വിൻഡ് വെയ്ൻ’ വേഗത നിശ്ചയിക്കുന്ന ‘കപ്പ് കൗണ്ടർ അനിമോമീറ്റർ’ തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങൾ തന്നെയാണ് ‘സ്കൂൾ വെതർ സ്റ്റേഷനുകളിലും’ ഉപയോഗിക്കുന്നത്.


ഇതുകൂടി വായിക്കൂ: വിദേശ സർവകലാശാലകൾക്ക് പട്ടുപരവതാനി വേണ്ട


പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളിൽ പ്രാദേശിക കാലാവസ്ഥ മനസിലാക്കുന്നതിനും, ഭൂമിശാസ്ത്ര വിഷയത്തോടുള്ള അഭിരുചിയും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുവാനും വെതർ സ്റ്റേഷനുകൾ സഹായിക്കും. വെതർ സ്റ്റേഷൻ പ്രവർത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥാ വിവരങ്ങൾ വിദ്യാർത്ഥികളിൽ ഗവേഷണ പരിശീലനത്തിനും കാർഷിക‑വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും ഉതകുന്നതാണ്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിലെ ദിനാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും മുൻകൂട്ടി മനസിലാക്കാൻ ഇത്തരം സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളിലൂടെ കഴിയും. പ്രൈമറി തലം മുതൽ ഹയർസെക്കന്‍ഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. പ്രാഥമിക ഘട്ടത്തിൽ അധ്യാപകരുടെ സഹായത്തോടെയാകും കുട്ടികൾ കാലാവസ്ഥാ പഠനങ്ങളിൽ ഏർപ്പെടുക. ക്രമേണ കാലാവസ്ഥാ നിർണയത്തിൽ കുട്ടികളെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം. കുട്ടികളിലെ സ്വയംപഠന സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഇത്തരമൊരു ഉദ്യമം വലിയ പരിവർത്തനമാണ് നമ്മുടെ വിദ്യാഭ്യാസരംഗത്ത് സൃഷ്ടിക്കുന്നത്. പൊതുവിദ്യാലയങ്ങൾ പൊതുവെ സ്മാർട്ടാണ്, എന്നാൽ കാലോചിതമായ പരിഷ്കരണങ്ങളിലൂടെ അവ വീണ്ടും സ്മാർട്ടാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.