28 April 2024, Sunday

ഡോ. സബ്യസാചി ദാസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
August 22, 2023 4:30 am

ഇന്ത്യയില്‍ സ്വകാര്യമേഖലയില്‍ സര്‍വകലാശാലകള്‍ ഉയര്‍ന്നുവന്നപ്പോള്‍ 2014ല്‍ ഹരിയാനയിലെ സോനപ്പെട്ടില്‍ സ്ഥാപിതമായതാണ് അശോക യൂണിവേഴ്സിറ്റി. 4,500 വിദ്യാര്‍ത്ഥികളും 200 ഫാക്കല്‍റ്റി അംഗങ്ങളുമുള്ള‍ പ്രസ്തുത സര്‍വകലാശാലയില്‍ കല, സാഹിത്യം, സാമൂഹ്യശാസ്ത്രം‍, ശാസ്ത്രവിഷയങ്ങള്‍ എന്നിവയാണ് പഠിപ്പിക്കുന്നത്. അതില്‍ തന്നെ കലാ, സാഹിത്യ, സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. ഇവിടെ സാമ്പത്തികശാസ്ത്ര വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് സബ്യസാചി  ദാസ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് അശോക യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായത്. രാഷ്ട്രമീമാംസ, അപ്ലൈഡ് മൈക്രോ ഇക്കണോമിക്സ് എന്നിവയാണ് വിഷയങ്ങള്‍. ജനാധിപത്യ പ്രക്രിയയില്‍ ഉയര്‍ന്നുവരുന്ന അസമത്വങ്ങളെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പ്രധാന പഠനങ്ങള്‍. ഇന്ത്യയുടെ സൂക്ഷ്മ സാമ്പത്തിക പ്രക്രിയകളെക്കുറിച്ച് വിശദമായി പഠിച്ചിട്ടുള്ള ആളാണ് പ്രൊഫ. ദാസ്. ഗ്രാമീണ ഇന്ത്യയിലെ മൊത്തക്കച്ചവടമേഖല നേരിടുന്ന സംഭരണസൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചാണ് നിലവില്‍ അദ്ദേഹം ഗവേഷണം നടത്തുന്നത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും മുമ്പ് പ്രൊഫ. ദാസ് അധ്യാപകനായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. അതിന് കാരണമായത് “ഡെമോക്രാറ്റിക് ബാക്ക് സ്ലൈഡിങ് ഇന്‍ ദി വേള്‍ഡ് ലാര്‍ജസ്റ്റ് ഇക്കണോമി” എന്ന അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധമാണ്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ്ങില്‍ പ്രതിഫലിച്ച ചില അസ്വാഭാവികതകളാണ് ആ പ്രബന്ധം പഠനവിഷയമാക്കിയിരിക്കുന്നത്. തികച്ചും സ്ഥിതി വിവരക്കണക്കുകളെ ആസ്പദമാക്കിയുള്ള പഠനം. ഈ പഠനത്തില്‍ ഒരിടത്തും ആര്‍ക്കു നേരെയും ഗവേഷകന്‍ ആരോപണങ്ങളുന്നയിക്കുന്നില്ല. എങ്കിലും കേന്ദ്രഭരണത്തിലുള്ള പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നും അനുയായികളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് ഗവേഷണ പ്രബന്ധത്തിനെതിരെ ഉയരുന്നത്. ഈ വിമര്‍ശനങ്ങളുടെ പരിസമാപ്തിയാണ് പ്രൊഫ. ദാസിന് ജോലി നഷ്ടപ്പെടുത്തിയത്.

സാമൂഹ്യശാസ്ത്രത്തിലായാലും ശാസ്ത്രവിഷയങ്ങളിലായാലും പഠനവിഷയവുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ തന്നെ സ്റ്റാറ്റിസ്റ്റിക്സ് അഥവാ സ്ഥിതിവിവരശാസ്ത്രം വളരെ പ്രധാനപ്പെട്ട ഒരു ശാസ്ത്രശാഖയാണ്. മെഡിക്കല്‍ സയന്‍സില്‍ ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക രോഗം കാണപ്പെടുന്നുവെങ്കില്‍ അതിനെക്കുറിച്ചു പഠിക്കാനും സ്ഥിതിവിവരശാസ്ത്രമാണ് നിദാനം. വയനാട്ടിലെ ആദിവാസി ഗോത്രങ്ങളില്‍ കാണപ്പെടുന്ന അരിവാള്‍രോഗം ഉദാഹരണമായി എടുത്താല്‍ അത് ഏത് ഗോത്രത്തില്‍ കൂടുതലായി കാണപ്പെടുന്നു? അതിന്റെ കാരണമെന്ത്? എന്ന് ശാസ്ത്രീയമായി കണ്ടുപിടിച്ചത് സ്ഥിതിവിവര ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്. അതുപോലെത്തന്നെ ചില തീരപ്രദേശങ്ങളില്‍ കാന്‍സര്‍ രോഗം കൂടുതലായി കാണപ്പെടുന്നത് ഏത് വിഭാഗം ജനങ്ങളെ ബാധിക്കുന്നു, കാരണമെന്ത് തുടങ്ങിയ കാര്യങ്ങള്‍‍ വിശദമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്താണ് കണ്ടുപിടിക്കുന്നത്.

സ്ഥിതിവിവര ശാസ്ത്രം മുന്നോട്ടുവയ്ക്കുന്നത് ഒരു കൂട്ടം വസ്തുതകളാണ്. അവ വിശകലനം ചെയ്താണ് ശാസ്ത്രം വ്യക്തമായ നിഗമനങ്ങളിലെത്തുന്നത്. പ്രൊ. സബ്യസാചി ദാസും ചെയ്തത് അതുമാത്രമാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മണ്ഡലങ്ങളിലെ വോട്ടിങ് കണക്കുകള്‍ പരിശോധിച്ച് വ്യക്തമായ വസ്തുതകളാണ് അദ്ദേഹത്തിന്റെ പ്രബന്ധത്തില്‍ പഠനവിധേയമാക്കിയത്. ഈ സ്ഥിതിവിവരക്കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് തെരഞ്ഞെടുപ്പില്‍ നടന്നിരിക്കാനിടയുള്ള ക്രമക്കേടുകളിലേക്കും. അതായത്, യോഗേന്ദ്രയാദവ് ഈ പഠനത്തെക്കുറിച്ച് പറഞ്ഞതുപോലെ “ഇലക്ഷന്‍ ഫോറന്‍സിക്സ്”. തെരഞ്ഞെടുപ്പിനുശേഷമുള്ള പോസ്റ്റ്മോര്‍ട്ടത്തില്‍ ഒരു ഫോറന്‍സിക് വിദഗ്ധനുമുന്നില്‍ തെളിയുന്നതെന്ത്?
2019ലെ ബിജെപിയുടെ വിജയത്തില്‍ വളരെ കുറഞ്ഞ മാര്‍ജിനില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച മണ്ഡലങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അതില്‍ അസ്വാഭാവികതയുണ്ട് എന്നാണ് പ്രൊഫ. ദാസിന്റെ ഒരു നിഗമനം. ഇവയില്‍ ഭൂരിഭാഗവും എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. 1977 മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം പ്രൊഫ. ദാസ് എത്തിച്ചേര്‍ന്ന നിഗമനം ഇത്തരമൊരു പ്രതിഭാസം ഒരു തെരഞ്ഞെടുപ്പിലും കാണാനായില്ല എന്നാണ്. പക്ഷെ ഇത് ഒരു അട്ടിമറിയാണെന്ന് അദ്ദേഹം പറയുന്നില്ല. കാരണം വളരെ കൃത്യമായി വോട്ടര്‍മാരുടെ പോളിങ് പാറ്റേണ്‍ പഠിച്ച് അത് സ്വാധീനിക്കാന്‍ സാധിച്ചാല്‍ ഇത്തരം ഫോട്ടോഫിനിഷ് സാധ്യമാവും പണംകൊണ്ടോ, സ്വാധീനംകൊണ്ടോ, ജാതി-മത വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടോ, ഒരു പ്രത്യേക വിഭാഗത്തിനെ നേരത്തെതന്നെ വോട്ടര്‍പ്പട്ടികയില്‍ നിന്നുതന്നെ ഇല്ലാതാക്കിയോ ഒക്കെ ഇക്കാര്യം സാധിക്കാം. പക്ഷെ മറ്റൊരു കാര്യം, ഇത്തരത്തില്‍ ഇലക്ഷന്‍ പ്രചാരണകാലത്ത് ഒരു മേല്‍ക്കൈയും എന്‍ഡിഎ കക്ഷികള്‍ക്ക് ഇല്ലാതിരുന്ന മണ്ഡലങ്ങളായിരുന്നു ഇവ എന്നതാണ്.

പ്രൊഫ. ദാസിന്റെ പഠനത്തില്‍ കണ്ടെത്തിയ വളരെ ഗുരുതരമായ ഒരു കാര്യം 373 ലോക്‌സഭാ മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തിയ വോട്ടുകളും തമ്മിലുണ്ടായ വലിയ അന്തരമാണ്. നൂറുകണക്കിന് മണ്ഡലങ്ങളില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ ഇപ്രകാര്യം വ്യത്യാസം വന്നിരിക്കുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ ആദ്യം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതികള്‍ പ്രവഹിച്ചതോടെ ആ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി. ഒരു മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 10,000 ആയിരിക്കെ സ്ഥാനാര്‍ത്ഥികള്‍ക്ക് മൊത്തമായി 15,000 വോട്ട് ലഭിച്ചാല്‍ കൂടുതലായി വന്ന 5000 വോട്ടുകള്‍ എവിടെനിന്ന് എന്നത് തികച്ചും സ്വാഭാവികമായ ചോദ്യമാണ്. ആ ചോദ്യത്തിന് മറുപടി കണ്ടെത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയുമാണ്.

പോള്‍ ചെയ്ത വോട്ടുകളെക്കാള്‍ ഒരു വോട്ട് അധികം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി ലഭിച്ച വോട്ടുകള്‍ കൂട്ടിനോക്കുമ്പോള്‍ ഉണ്ടെങ്കില്‍ ആ തെരഞ്ഞെടുപ്പ് അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ന്യായയുക്തമായ നടപടി. 373 മണ്ഡലങ്ങളില്‍ ഇത്തരം ഒരു അസാധാരണമായ പ്രതിഭാസം കണ്ടെത്തിയാല്‍ അത് ഗുരുതരമായ കാര്യമാണ്. വിശദമായ അന്വേഷണം നടക്കേണ്ടതാണ്. 2019ല്‍ തന്നെ ‘ദ ക്വിന്റ്’ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. യുപിയിലെ മഥുരയില്‍ ഇവിഎം യന്ത്രത്തില്‍ പോള്‍ ചെയ്ത വോട്ടുകള്‍ 10,88,206. എല്ലാ സ്ഥാനാര്‍ത്ഥികളുടെയും എണ്ണിക്കഴിഞ്ഞ വോട്ട് 10,98,112. അധികം വന്നത് 99,06 വോട്ടുകള്‍, കാഞ്ചീപുരത്ത് ഇവിഎം പോള്‍ ചെയ്തത് 12,14,086. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കാകെ കിട്ടിയത് 12,32,417. അധികം വന്നത് 17,871. ഇത്തരത്തില്‍ 373 മണ്ഡലങ്ങള്‍കണ്ടെത്തിയെന്നാല്‍ ലോക്‌സഭയിലെ മൂന്നില്‍ രണ്ട് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നുതന്നെയാണ്.
ഇനി അശോക യൂണിവേഴ്സിറ്റിയിലെ വിശേഷണങ്ങളിലേക്ക് പോയാല്‍ പ്രൊഫ. ദാസിന് രാജിവയ്ക്കേണ്ടിവന്ന സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് മോസ്കോ, മദ്രാസ്, ഓക്സ്ഫോ‍ര്‍ഡ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ പഠിച്ച് ഓക്സ് ഫോര്‍ഡിലും ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമൊക്കെ പഠിപ്പിച്ച അശോക യൂണിവേഴ്സിറ്റിയിലെ മലയാളിയായ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ പുലാപ്ര ബാലകൃഷ്ണന്‍ രാജിവച്ചിരിക്കുകയാണ്. രാഷ്ട്രമീമാംസ, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, ഇംഗ്ലീഷ് അങ്ങനെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകള്‍ മുഴുവന്‍ ഡോ. സബ്യസാചി ദാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡോ. ദാസിന്റെ ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കേണ്ടതും അപാകതകള്‍ പരിഹരിക്കപ്പെടേണ്ടതും ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയുടെ തകര്‍ച്ച തടയാന്‍ അനിവാര്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.