
ക്രിസ്തുമസ്-പുതുവത്സര അവധിക്കാലം മുതലെടുക്കാൻ വിമാന കമ്പനികൾ നടത്തുന്ന കൊള്ള കേന്ദ്ര സർക്കാരിന്റെ സ്വകാര്യ വല്‍ക്കരണത്തിന്റെ ഫലമാണെന്ന് എഐവൈഎഫ്. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്നുള്ള പ്രതിസന്ധിക്ക് പിന്നാലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നടപടി യാത്രക്കാരോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇൻഡിഗോയുടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതോടെയാണ് പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ദുരിതം വർധിച്ചത്. ഇത് മുതലെടുത്ത് മറ്റ് കമ്പനികൾ ടിക്കറ്റ് നിരക്ക് വൻ തോതിൽ വർധിപ്പിക്കുകയായിരുന്നു.
നിലവിൽ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ–സ്റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയാണ് ഈടാക്കുന്നത്. ദില്ലിയിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാന ടിക്കറ്റ് നിരക്കും, മുംബൈ ‑പൂനെ ‑ബംഗളൂരു സർവീസുകളുടെ ടിക്കറ്റ് നിരക്കും അതി ഭീമമായിത്തന്നെ വർധിപ്പിച്ചു. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്ന വിഷയത്തിൽ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്ന വിമാനക്കമ്പനികൾക്കെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ പ്രസ്താവനയില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.