7 December 2025, Sunday

Related news

October 12, 2025
October 10, 2025
September 22, 2025
September 20, 2025
August 22, 2025
May 19, 2025
March 10, 2025
February 12, 2025
October 18, 2024
September 26, 2024

ശബരിമലയിൽ കരിനിഴൽ വീഴ്ത്താന്‍ പാഴ്ശ്രമം

വി എന്‍ വാസവന്‍
സഹകരണം തുറമുഖം ദേവസ്വം മന്ത്രി
October 10, 2025 10:11 pm

മഭാവനയുടെ സങ്കല്പം ലോകത്തിന് പകർന്നുനൽകുന്ന വിശ്വതീർത്ഥാടന കേന്ദ്രമായ ശബരിമലയെപ്പോലെ മറ്റൊരാരാധനാലയം ലോകത്തില്ല. മതാതീത ആത്മീയതയുടെ ഉന്നതങ്ങളിൽ നിലകൊള്ളുന്ന ക്ഷേത്രത്തിന്റെയും ക്ഷേത്രസങ്കേതത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന സർക്കാരാണ് നിലവിൽ കേരളം ഭരിക്കുന്നത്. ശബരിലയിൽ എത്തിച്ചേരുന്ന ഓരോ ഭക്തനും ദർശനം ഉറപ്പാക്കുന്നതിന് വേണ്ടി തിരുവിതാകൂർ ദേവസ്വം ബോർഡും, സർക്കാരും ശ്രദ്ധാപൂർവമായ നടപടികളാണ് കൈക്കൊള്ളുന്നത്. ക്ഷേത്രവികസനത്തിനായി 2016–21 കാലത്തെ സർക്കാരും നിലവിലുള്ള സർക്കാരും ശബരിമല മാസ്റ്റർപ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശബരിമല വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ പദ്ധതികൾ ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 70,37,74,264 രൂപ വിവിധ പദ്ധതികൾക്കായി 2016–17 മുതൽ 2024–25 വരെ ചെലവഴിച്ചിട്ടുണ്ട്. ശബരിമല സന്നിധാനത്തിന്റെയും പമ്പ ട്രക്ക് റൂട്ടിന്റെയും വികസനത്തിനായി 1,033.62 കോടി രൂപ ചെലവാകുമെന്ന് സർക്കാർ കണക്കാക്കിയിട്ടുണ്ട്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള റോപ്പ് വേയ്ക്ക് എല്ലാ സാങ്കേതിക നടപടികളും പൂർത്തീകരിച്ച് കേന്ദ്രമന്ത്രാലയത്തിന് സമർപ്പിച്ചുകഴിഞ്ഞു. തീർത്ഥാടകരുടെ സൗകര്യത്തിനായി 116.41 കോടി രൂപ ചെലവഴിച്ച് ഇടത്താവളങ്ങളുടെ നിർമ്മാണം നടന്നുവരുന്നുണ്ട്. നിലയ്ക്കലുള്ള ഏഴ് വിരി കെട്ടിടങ്ങളിൽ മൂന്ന് കെട്ടിടങ്ങൾ 2024–25 തീർത്ഥാടന കാലത്ത് തന്നെ തീർത്ഥാടകർക്ക് തുറന്നു കൊടുത്തിരുന്നു. മണിയങ്കോട് കഴക്കൂട്ടം ഇടത്താവളങ്ങളുടെയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്.
1,200ലധികം ക്ഷേത്രങ്ങളുടെ ആത്മീയവും സാംസ്കാരികവും ചരിത്രപരവുമായ മൂല്യങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും സംരക്ഷിച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് ഏറ്റവും ശ്രേഷ്ഠമായ സൗകര്യങ്ങൾ ഒരുക്കി ശബരിമലയെ ആഗോള തീർത്ഥാടക കേന്ദ്രമായി ശബരിമല സങ്കേതത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സർക്കാർ സഹായത്തോടെ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പ ഭക്തരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ സംഗമം കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തുന്ന ഒന്നായി മാറി. 

അയ്യപ്പസംഗമത്തിൽ 15 രാജ്യങ്ങളിൽനിന്നും 14 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടായി 4,126 അയ്യപ്പ ഭക്തരാണ് സംഗമത്തിനെത്തിയത്. ഇതില്‍ വിദേശരാജ്യങ്ങളിൽനിന്ന് 182 പേരുണ്ടായിരുന്നു. ശബരിമല വികസനത്തിലെ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് മൂന്ന് സമാന്തര സെഷനുകളിലായി സജീവ ചർച്ചകൾ നടന്ന സംഗമത്തിൽ ക്രിയാത്മക നിർദേശങ്ങളാണ് ഉയർന്നുവന്നത്. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർത്ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീർഘകാല പദ്ധതികള്‍ ചർച്ച ചെയ്തു. രണ്ടാമത്തെ സെഷൻ ‘ആത്മീയ ടൂറിസം സർക്യൂട്ടുകൾ’ എന്ന വിഷയത്തിലായിരുന്നു. മൂന്നാമെത്ത സെഷൻ ‘തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും’. ഈ ചർച്ചകളിലെല്ലാം അയ്യപ്പ ഭക്തരുടെ സജീവമായ പങ്കാളിത്തം മഹത്തായ ലക്ഷ്യം വിജയകരമായി എന്ന് വ്യക്തമാക്കുന്നതായിരുന്നു. കേരളത്തെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന സങ്കുചിത താല്പര്യക്കാർക്ക് കനത്ത തിരിച്ചടിയായിരുന്നു ആഗോള അയ്യപ്പസംഗമത്തിന്റെ സ്വീകാര്യത. ലോക മലയാളി സമൂഹം ദേവസ്വം ബോർഡിന്റെയും, സർക്കാരിന്റെയും നടപടികൾ ഹൃദയപൂർവം സ്വീകരിച്ചതിന്റെ അസഹിഷ്ണുതയിൽ നിന്ന് പ്രതിപക്ഷവും, ബിജെപിയും ചേർന്ന് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ട് ആരോപണങ്ങളുടെ പുകമറ ഉയർത്തുകയാണ്. അയ്യപ്പസംഗമത്തെ ഇകഴ്‍ത്തികാട്ടാൻ ബിജെപിയുടെ നേതൃത്വത്തിൽ ബദൽ സംഗമം വരെ നടത്തി. വർഗീയ വിഷം ചീറ്റുന്ന വേദിയായി അത് മാറി. വാവരെ വരെ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണുണ്ടായത്. അയോധ്യയിൽ പ്രയോഗിച്ച അതേ ആയുധം തന്നെ ഇവിടെയും പ്രയോഗിക്കും എന്ന കലാപ ആഹ്വാനം അവരുയർത്തി.
സെപ്റ്റംബർ 17ന് ആഗോള അയ്യപ്പ സംഗമത്തിന് രണ്ട് ദിവസം മുമ്പുതന്നെ അയ്യപ്പ ഭക്തരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഒരു പ്രമഖ ചാനലിലൂടെ ഉണ്ണികൃഷ്ണൻ പോറ്റിയെന്നയാൾ ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ പീഠങ്ങൾ കാണാനില്ല എന്ന ആക്ഷേപം ഉന്നയിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട കേരള ഹൈക്കോടതി ഇക്കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം വിജിലൻസിനോട് ആവശ്യപ്പെടുകയുമുണ്ടായി. മാധ്യമങ്ങളിലൂടെ വാർത്തകളറിഞ്ഞ് ഭയന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായി പള്ളിക്കത്തോട് ഇളമ്പള്ളി വാസുദേവൻ, തന്റെ പക്കൽ ഒളിപ്പിച്ച് സൂക്ഷിക്കാൻ ഏല്പിച്ചിരുന്ന പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏല്പിച്ചു. അയാള്‍ അത് സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ തിരികെ എത്തിച്ചു. അന്വേഷണം നടത്തിയ ദേവസ്വം വിജിലൻസ്, കാണാതായെന്ന് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞ പീഠം അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽ നിന്നു തന്നെ കണ്ടെത്തി.
ഉണ്ണികൃഷ്ണൻ പോറ്റി വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഉടനെ തന്നെ അത് ഏറ്റെടുത്തുകൊണ്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവന്നു. ആരോപണത്തിന്റെ നിജസ്ഥിതിയോ, ആരോപണങ്ങൾ ഉന്നയിക്കുന്ന ആളിന്റെ വിശ്വാസ്യതയോ കണക്കിലെടുക്കാതെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനുള്ള ഗൂഢശ്രമമാണ് നടത്തിയത്. കാണാതായി എന്ന് പറഞ്ഞ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നു തന്നെ കണ്ടെടുത്തപ്പോൾ ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പ്രതിപക്ഷം. പൊതുജനങ്ങൾക്ക് മുന്നിൽ തങ്ങൾക്കുണ്ടായ ജാള്യത മറയ്ക്കാൻ ദേവസ്വം ബോർഡിനും, സർക്കാരിനുമെതിരെ തുടരെ ആരോപണങ്ങൾ ഉന്നയിക്കുന്നു.

2025ൽ ശബരിമലയിലെ ദ്വാരപാലക ശില്പത്തിന്റെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പരാതിയോ, ആക്ഷേപമോ ഇപ്പോൾ ആരും ഉയർത്തുന്നില്ല. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നതുപോലെ സ്പോൺസറുടെ കൈവശം കൊടുത്തുവിടുകയല്ല ചെയ്തത്. ഈ വർഷം സ്വർണംപൂശിയ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫിസർ, അഡ്മിനിസ്ട്രേറ്റ് ഓഫിസർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യത്തിൽ മഹസർ തയ്യാറാക്കി സീൽ ചെയ്ത് നടപടിക്രമങ്ങളുടെ വീഡിയോ ചിത്രീകരണം നടത്തി യൂണിഫോമിട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ സുരക്ഷിത വാഹനത്തിലാണ് പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്. വാഹനത്തിൽ തിരുവാഭരണം കമ്മിഷണറുടെ നേതൃത്വത്തിൽ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഈ നടപടികളെല്ലാം ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതുമാണ്. 2019ൽ സ്വർണം പൂശി നൽകിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിലായിരുന്നു ഇതു സംബന്ധിച്ച വാറന്റി. അതുകൊണ്ട് മാത്രമാണ് സ്പോൺസറോട് ചെന്നെെയിൽ എത്തിച്ചേരാൻ നിർദേശം നൽകിയത്. ഈ സ്പോൺസർഷിപ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സ്വർണം പൂശിയ ശേഷം ഹൈക്കോടതി അനുമതിയോടെ തിരികെയെത്തിച്ച ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കയാണ്. ശബരിമലയിലെ കാര്യങ്ങൾ സുതാര്യമായി കൊണ്ടുപോകുന്നതിന് കർശനമായ നടപടികൾ സ്വീകരിച്ചാണ് ദേവസ്വം ബോർഡും, സർക്കാരും മുന്നോട്ടു നീങ്ങുന്നത്. അനധികൃത സ്പോൺസർഷിപ്പ് കോഓഡിനേറ്റർമാരെ ഒഴിവാക്കാൻ ബോർഡ് തന്നെ നടപടികൾ സ്വീകരിച്ചുവെന്ന കാര്യം ശ്രദ്ധേയമാണ്. 2019ല്‍ ദ്വാരപാലക ശില്പപാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതു സംബന്ധിച്ച ആക്ഷേപങ്ങൾ ഉയർന്നപ്പോൾത്തന്നെ സർക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം, ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക ടീം, കേരള പൊലീസിലെ വിജിലൻസിലെ ഉന്നതരടങ്ങിയ വിങ് തുടങ്ങി വിദഗ്ധസംഘത്തെ വച്ച് ഇക്കാര്യം അന്വേഷിക്കണമെന്നതായിരുന്നു സർക്കാർ നിർദേശം. ഈ ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്റ്റാന്റിങ് കൗൺസിൽ മുഖാന്തിരം കോടതിയെ അറിയിച്ചു. ഹൈക്കോടതി ഇത് അംഗീകരിച്ചുകൊണ്ടാണ് സ്പെ ഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചത്. 

പ്രതിപക്ഷം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് അപലപനീയമാണ്. കോടതി വിധി അനുസരിച്ചിട്ടുള്ള അന്വേഷണവുമായി സഹകരിക്കുന്നതിനുപകരം അതിനെ അപകീർത്തിപ്പെടുത്തുവാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ട വിഷയം മാനിക്കാതെ കലാപാഹ്വാനവുമായി മുന്നോട്ട് പോവുകയാണ്, ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. വിഷയത്തിൽ ദേവസ്വം ബോർഡും, സർക്കാരും കൈക്കൊണ്ട നിലപാടിനുള്ള അംഗീകാരമാണ് ഏറ്റവും അവസാനം പുറത്തുവന്നിരിക്കുന്ന ഹൈക്കോടതി ഉത്തരവ്. ദേവസ്വം വിജിലൻസ് നൽകിയ റിപ്പോർട്ട് പരിഗണിച്ച കോടതി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ദേവസ്വം ബോർ‍ഡും, സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാടുകൾ കൃത്യവും, വ്യക്തവുമാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആര് തെറ്റ് ചെയ്താലും അന്വേഷിച്ച് നടപടിയെടുക്കണം എന്നതായിരുന്നു സർക്കാരിന്റെയും, ദേവസ്വം ബോർഡിന്റെയും നിലപാട്. കോടതിയുടെ നിർദേശാനുസരണം നടത്തുന്ന അന്വേഷണത്തിലൂടെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും.
ശബരിമല ക്ഷേത്രത്തിൽ നിന്ന് ഒരു തരിപൊന്ന് ആരെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ച് ശബരിമലയിൽ എത്തിക്കാനും, കുറ്റവാളികളെ കൽത്തുറുങ്കിൽ അടയ്ക്കാനും ശേഷിയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുക തന്നെ ചെയ്യും. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ല. അഴിമതിക്കാർക്കും, കുറ്റവാളികൾക്കുമെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന നിലപാടാണ് എന്നും ഇടതുപക്ഷ സർക്കാരുകൾക്കുള്ളത്. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.