25 January 2026, Sunday

പെരുന്നാൾ നിറവിൽ ഉണരുന്നു… മതമൈത്രിയുടെ സംഗമസ്ഥാനം

പി ആർ റിസിയ
തൃശൂർ
April 20, 2023 10:21 pm

പെരുന്നാൾ നിറവിൽ ഉണരുന്നു… മതമൈത്രിയുടെ സംഗമസ്ഥാനം. രാജ്യത്ത് ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹങ്ങൾ മൂർച്ഛിക്കുമ്പോൾ വേലിക്കെട്ടുകളുടെ അതിർവരമ്പുകളില്ലാതെ തലയുയർത്തി നിൽക്കുകയാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഇവിടെ നടക്കുന്ന ഇഫ്താർ സംഗമങ്ങൾ ജാതിക്കും മതത്തിനും അതീതമായി ജനമനസുകളുടെ ഒത്തുകൂടലാണ്. ജനങ്ങളുടെ മനസിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകൾ പാകുന്ന ഈ ദേവാലയത്തിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളാണ് ഒഴുകിയെത്തുന്നത്. അറേബ്യൻ ഉപദ്വീപിനു പുറത്ത് സ്ഥാപിച്ച ആദ്യ പള്ളിയായ ഈ തീർത്ഥാടന കേന്ദ്രത്തിന് പറയാനുള്ളത് ചരിത്രം അടയാളപ്പെടുത്തിയ കഥകളാണ്.

ഹിന്ദുമതത്തിൽ നിന്നും മുസ്ലിം മതത്തിലേക്ക് ആകൃഷ്ടനായി വന്ന രാജാവിന്റെ പേരിൽ അറിയപ്പെടുന്ന പള്ളിക്ക് കാഴ്ചയിൽ ക്ഷേത്രത്തിനോട് സാമ്യവുമുണ്ട്. നിർമ്മാണ ശൈലിയിലെ വ്യത്യസ്തതയും ചേരമാൻ ജുമാമസ്ജിദിനെ വേറിട്ടു നിർത്തുന്നു. പ്രാചീനകാലത്തെ ബുദ്ധവിഹാരമാണ് പള്ളിയായി മാറിയതെന്ന് പഴമക്കാർ പറയുന്നു. ക്ഷേത്രക്കുളങ്ങളോട് സാമ്യമുള്ള ഒരു കുളം ഇന്നും പള്ളിയോടൊപ്പം സംരക്ഷിക്കപ്പെടുന്നുണ്ട്. തടിയിൽ തീർത്ത ഉത്തരവും ആയിരക്കണക്കിന് വർഷം പഴക്കമുണ്ടെന്ന് കരുതുന്ന പ്രസംഗപീഠവുമെല്ലാം ഇന്നും ഇവിടെയുണ്ട്. വെങ്കലത്തിൽ തീർത്ത മനോഹരമായ നിലവിളക്കാണ് മറ്റൊരു സവിശേഷത.

നിലവിളക്ക് കൊളുത്തുന്ന ഏക മുസ്ലിം ദേവാലയം എന്ന അപൂർവതയും ചേരമാൻ ജുമാ മസ്ജിദിന് സ്വന്തം. മുസരീസ് പൈത്യക പദ്ധതിയുടെ ഭാഗമായി പ്രൗഢി വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പള്ളി. പഴയ പള്ളിയുടെ നഷ്ടപ്പെട്ട ഭാഗങ്ങൾ പുനഃസ്ഥാപിക്കുക, നിസ്കാര സൗകര്യം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 25 കോടി രൂപ ചെലവിലാണ് പുനർനിർമ്മാണം. ഭൂഗർഭ പള്ളിയിലും മുകൾ ഭാഗത്തുമായി 4000ത്തോളം പേർക്ക് നിസ്കാര സൗകര്യമുണ്ടാകും.

പള്ളിയുടെ പൗരാണികത്തനിമ തിരിച്ചു കൊണ്ടുവരാനുള്ള പുനർനിർമ്മാണം അവസാനഘട്ടത്തിലാണെന്ന് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് സെയ്ദ് പറഞ്ഞു. പുനർനിർമ്മാണത്തിന് ശേഷം കലാസാംസ്കാരിക സംഗമത്തിനും പള്ളിയിൽ പൊതു ഇടം ഒരുങ്ങും. സർവ മതസ്ഥർക്കും സംഗമിക്കാവുന്ന രീതിയിൽ മതമൈത്രി വിളംബരം ചെയ്യുന്നതാണ് പുനർനിർമ്മാണം എന്ന സവിശേഷതയുമുണ്ട്.

Eng­lish Sum­ma­ry: Eid al-Fitr
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.