
‘പ്രശ്നങ്ങൾ പരിഹരിക്കാനും പുതുതായി ആരംഭിക്കാനും ജിജ്ഞാസുക്കളായിരിക്കുക’. 100-ാം വയസില്‍ ബുധനാഴ്ച അന്തരിച്ച പ്രശസ്ത ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. ഏക്‌നാഥ് വസന്ത് ചിറ്റ്നിസിന്റെ ജീവിതസന്ദേശം ഇങ്ങനെ ചുരുക്കാം. സ്വാതന്ത്ര്യം നേടി പരിമിതികളിലൂടെ പിച്ചവച്ചു തുടങ്ങിയ ഒരു രാഷ്ട്രം ബഹിരാകാശ ശക്തിയായി പരിവർത്തനപ്പെടുമ്പോൾ അദ്ദേഹം കാർമ്മികനും സാക്ഷിയുമായി. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകരിൽ പ്രമുഖനായ ഡോ. വിക്രം സാരാഭായിയുടെ അടുത്ത സഹകാരിയായിരുന്നു പ്രൊഫ. ചിറ്റ്നിസ്. വിദൂര ഗ്രാമങ്ങളെ ഉപഗ്രഹങ്ങൾ വഴി ബന്ധിപ്പിക്കുകയും ഇന്നത്തെ ഡിജിറ്റൽ വിപ്ലവത്തിന് അടിത്തറയിടുകയും ചെയ്ത പദ്ധതികളിൽ നിർണായക പങ്ക് വഹിച്ചു. 100-ാം വയസിലും ശരീരവും മനസും സജീവമായിരുന്നു. “മതിയായ ഉറക്കം”, മരുന്നുകളില്ലാതെയുള്ള ജീവിതം, ലളിതമായ ഒരു തത്ത്വചിന്ത ഇവയാണ് ആരോഗ്യത്തിന് കാരണം, അദ്ദേഹം പറയുന്നു. “സാങ്കേതിക പുരോഗതിയുടെ വേഗതയിൽ കുടുങ്ങിപ്പോകരുത്. പ്രശ്നങ്ങൾ പരിഹരിക്കാനും പുതുതായി ആരംഭിക്കാനും ജിജ്ഞാസുക്കളായിരിക്കുക, ” യുവ ശാസ്ത്രജ്ഞരോട് നിരന്തരം പറഞ്ഞു.
1925ൽ കോലാപ്പൂരിൽ ജനിച്ച ചിറ്റ്നിസിന് എട്ടാം വയസിൽ അമ്മയും 16 വയസിൽ അച്ഛനും നഷ്ടപ്പെട്ടു. മുത്തശിയാണ് വളർത്തിയത്. 1896ൽ മറാത്തിയിൽ പ്രസിദ്ധീകരിച്ച ‘വണ്ടേഴ്സ് ഓഫ് സ്പേസ്’ എന്ന കൃതിയിലൂടെ മുത്തച്ഛനായ മൽഹർ ഖണ്ഡേറാവു ചിറ്റ്നിസിൽ ബഹിരാകാശത്തോടുള്ള അഭിനിവേശം വളർത്തി. പൂനെ സർവകലാശാലയിൽ നിന്ന് ഒന്നാം ക്ലാസ് ബഹുമതികളോടെ ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. ഓൾ ഇന്ത്യ റേഡിയോയിൽ പ്രതിമാസം 500 രൂപ ശമ്പളത്തിൽ ഉയർന്നൊരു പദവി തേടിയെത്തി. അക്കാലത്ത് അത് ഒരു വലിയ തുകയാണ്. എന്നാൽ 1950ൽ പൂനെയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ കേട്ട വിക്രംസാരാഭായിയുടെ പ്രസംഗം കാര്യങ്ങളെ മാറ്റിമറിച്ചു. അഹമ്മദാബാദിൽ ഒരു ബഹിരാകാശ ഭൗതികശാസ്ത്ര ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള വിക്രം സാരാഭായിയുടെ കാഴ്ചപ്പാട് ചിറ്റ്നിസിനെ മോഹിപ്പിച്ചു. “വിക്രം സാരാഭായിയോടൊപ്പം പ്രവർത്തിച്ച നാളുകൾ സമ്പന്നമായിരുന്നു, ” പ്രൊഫ. ചിറ്റ്നിസ് ഓർമ്മിച്ചിരുന്നു. പുതുതായിത്തുടങ്ങിയ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ (പിആർഎൽ) ഭാഗമായി. രാവിലെ ഒരു പ്രാദേശിക കോളജിൽ പഠിപ്പിക്കുകയും ഉച്ചകഴിഞ്ഞ് ഗവേഷണം നടത്തുകയും ചെയ്തു.പിആർഎല്ലിൽ, പ്രൊഫ. ചിറ്റ്നിസ് ബഹിരാകാശ ഭൗതികശാസ്ത്രത്തിൽ ഗവേഷണം ആരംഭിച്ചു. ഡോക്ടറൽ പഠനത്തിനിടെ, കോസ്മിക് കിരണങ്ങൾ പഠിക്കുന്നതിനായി അദ്ദേഹം ഒരു സെറെൻകോവ് കൗണ്ടറും അനുബന്ധ ഇലക്ട്രോണിക്സും നിർമ്മിച്ചു. 1956 മുതൽ 1958 വരെ, എംഐടിയിലെ പ്രൊഫസർ ബ്രൂണോ റോസിയുടെ സംഘവുമായി സഹകരിച്ച് കോസ്മിക് കിരണങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിപുലമായ എയർ ഷവർ പരീക്ഷണത്തിനായി അദ്ദേഹം കൊടൈക്കനാലിൽ സെറെൻകോവ് കൗണ്ടറുകളുടെ നിര നിർമ്മിച്ചു. 1958ൽ പ്രൊഫ. റോസി ചിറ്റ്നിസിനെ എംഐടിയിലെ തന്റെ ടീമിൽ ചേരാൻ ക്ഷണിച്ചു. മൂന്ന് വർഷം അദ്ദേഹം യുഎസിൽ ജോലി ചെയ്തു. 1961ൽ വിക്രം സാരാഭായ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ വിളിച്ചപ്പോൾ, പ്രൊഫസർ ചിറ്റ്നിസ് പിആർഎല്ലിൽ ഇന്ത്യയുടെ ആദ്യത്തെ സാറ്റലൈറ്റ് ടെലിമെട്രി സ്റ്റേഷൻ സ്ഥാപിക്കാൻ മടങ്ങി. ബഹിരാകാശ അധിഷ്ഠിത ജ്യോതിശാസ്ത്ര പരീക്ഷണങ്ങൾക്ക് തുടക്കമിട്ടു. 1962ൽ പ്രൊഫസർ ചിറ്റ്നിസ് ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചിന്റെ (INCOSPAR) മെമ്പർ സെക്രട്ടറിയായി. അതാണ് പിന്നീട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായി (ഐഎസ്ആർഒ) മാറിയത്. 1981 മുതൽ 1985 വരെ അഹമ്മദാബാദിലെ ഐഎസ്ആർഒയുടെ സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്ററിന്റെ (എസ്എസി) രണ്ടാമത്തെ ഡയറക്ടറായിരുന്നു.
തുമ്പയിലെ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ്, നൈക്ക് അപ്പാച്ചെ 1963‑ൽ വിക്ഷേപിച്ചു. 1975–76 കാലഘട്ടത്തിൽ അദ്ദേഹം സംവിധാനം ചെയ്ത സാറ്റലൈറ്റ് ഇൻസ്ട്രക്ഷണൽ ടെലിവിഷൻ എക്സ്പിരിമെന്റ് (എസ്ഐടിഇ) അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി. നാസയുടെ എടിഎസ്-6 ഉപഗ്രഹം ഉപയോഗിച്ച് ആറ് സംസ്ഥാനങ്ങളിലായി 2,400 ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പരിപാടികളെ ഈ പദ്ധതി ബന്ധിപ്പിക്കുന്നു. “ഇതിനുശേഷം, ഉപഗ്രഹം ആകാശത്ത് ഒരു അധ്യാപകനായി മാറിയെന്ന് നമുക്ക് പറയാം, ” നഗര‑ഗ്രാമീണ വിടവ് നികത്താൻ ബഹിരാകാശ സാങ്കേതികവിദ്യയുടെ കഴിവ് പ്രയോജനപ്പെട്ടു. എസ്ഐടിഇയുടെ വിജയത്തിനുശേഷം, ഗ്രാമപ്രദേശങ്ങളിൽ ടെലിവിഷന് സാമൂഹിക‑സാമ്പത്തിക മാറ്റങ്ങൾ എങ്ങനെ നയിക്കാനാകുമെന്ന പര്യവേക്ഷണവുമായി ഖേഡ കമ്മ്യൂണിക്കേഷൻ പ്രോജക്ടിൽ പ്രവർത്തിച്ചു. എസ്ഐടിഇയുടെ വിജയം ഇന്ത്യയുടെ ഇന്‍സാറ്റ് ഉപഗ്രഹ സംവിധാനത്തിന് അടിത്തറയിട്ടു. “ഉപഗ്രഹ ആശയവിനിമയത്തിലെ ഈ ആദ്യകാല പരീക്ഷണങ്ങൾ ഇന്നത്തെ ഡിജിറ്റൽ വിപ്ലവമായി പരിണമിച്ച്, സാങ്കേതികവിദ്യയിലൂടെ ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിക്കുന്നു” ചിറ്റ്നിസ് ഒരിക്കൽ പറഞ്ഞു. ഗുജറാത്തിലെ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച ഇസ്രോയിൽ നിന്ന് വിരമിച്ച ശേഷം, പ്രൊഫ. ചിറ്റ്നിസ് തന്റെ പഴയകാല വിദ്യാഭ്യാസ സ്ഥാപനമായ പൂനെ സർവകലാശാലയിലേക്ക് മടങ്ങി. 89 വയസ് വരെ 25 വർഷം അദ്ദേഹം കമ്മ്യൂണിക്കേഷൻസ് വകുപ്പിൽ പഠിപ്പിച്ചു. “യുവ വിദ്യാർത്ഥികളുമായുള്ള ഇടപെടൽ എന്നെ മുന്നോട്ട് നയിച്ചു,”
1983 മുതൽ 2010 വരെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡിലും സേവനമനുഷ്ഠിച്ചു. രണ്ടുതവണ അതിന്റെ ചെയർമാനായി. 1985ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.