19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ച: പദ്ധതികളുടെ കുത്തൊഴുക്ക്

Janayugom Webdesk
അഹമ്മദാബാദ്
October 30, 2022 10:55 pm

നിയമസഭാ തെരഞ്ഞെടുപ്പിനരികെ ഗുജറാത്തില്‍ ആനുകൂല്യങ്ങള്‍ പെയ്യുന്നു. പുതിയ വമ്പന്‍ പദ്ധതി പ്രഖ്യാപനങ്ങളിലൂടെ ഗുജറാത്തില്‍ അധികാരം നിലനിര്‍ത്തുകയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതിലൂടെ ബിജെപി ലക്ഷ്യമിട്ടിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ ഈ ആരോപണം ശരിയെന്ന് ബിജെപിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ വ്യക്തമാക്കുന്നു.
25 വര്‍ഷമായി കെെയാളുന്ന ഗുജറാത്തിന്റെ ഭരണം നിലനിര്‍ത്തുക ലക്ഷ്യമിട്ട് ഇതിനോടകം നിരവധി വന്‍ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. അടുത്തിടെ അഹമ്മദാബാദില്‍ നടന്ന ആദിജാതി മഹാ സമ്മേളനത്തില്‍ 22,000 കോടി രൂപയുടെ വികസന പദ്ധതിയാണ് നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. 33 ജില്ലകളിൽ 18 എണ്ണത്തിൽ 1.10 ലക്ഷം കോടി രൂപയുടെ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി.
ഇന്നും നാളെയുമായി സംസ്ഥാനത്ത് 8,000 കോടിയുടെ കൂടി പദ്ധതി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം, ഗാന്ധിനഗർ‑മുംബൈ സെൻട്രൽ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ്, ഭാവ്‌നഗറിലെ ലോകത്തിലെ ആദ്യത്തെ സിഎൻജി ടെർമിനലിന്റെ ശിലാസ്ഥാപനം എന്നിവ പദ്ധതികളിൽ ചിലതാണ്.
വികസനം, ഹിന്ദുത്വം, ഗുജറാത്തി അഭിമാനം എന്നിവ കലര്‍ത്തിയുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍ 2002 മുതലുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. പല സന്ദര്‍ശന വേളയിലും പ്രധാനമന്ത്രി പദവിയുടെ അടിസ്ഥാന മാനദണ്ഡങ്ങള്‍ മറന്ന് മോഡി വെറും പാര്‍ട്ടി നേതാവ് മാത്രമായി മാറിയ സന്ദര്‍ഭങ്ങളുമുണ്ട്. പദ്ധതി പ്രഖ്യാപനങ്ങളുടെ കൂത്തൊഴുക്കില്‍ ഏറെ ചര്‍ച്ചയായത് പക്ഷേ വേദാന്ത‑ഫോക്സ്കോണ്‍ ഗ്രൂപ്പിന്റെ 1.54 ലക്ഷം കോടിയുടെ അര്‍ധചാലക പദ്ധതിയാണ്. മഹാരാഷ്ട്രയില്‍ പ്രഖ്യാപിച്ച പദ്ധതി ഗുജറാത്തില്‍ ആരംഭിച്ചതെങ്ങനെയെന്നത് ഇന്നും ദുരൂഹമാണ്. വഡോദരയില്‍ വ്യോമസേനയ്ക്കായുള്ള സെെനിക വിമാന യുണിറ്റും പദ്ധതി പ്രഖ്യാപന തന്ത്രത്തിലെ മറ്റൊരു പ്രധാനിയാണ്. ഇന്നലെ മോഡി പദ്ധതിക്ക് തറക്കല്ലിട്ടു.
ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ കമ്മിറ്റി രൂപീകരിച്ചതിലൂടെ വര്‍ഗീയ ധ്രുവീകരണ തന്ത്രത്തിനും ബിജെപി തുടക്കമിട്ടുകഴിഞ്ഞു. നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പരീക്ഷിച്ചു വിജയിപ്പിച്ച തന്ത്രമാണിതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ച ഉണ്ടായേക്കും. തീവ്ര ഹിന്ദുത്വത്തിലേക്ക് വഴിമാറിയ എഎപിയും കെ‍ജ്‍രിവാളുമാണ് ബിജെപിയെ ഭയപ്പെടുത്തുന്ന കാര്യം. ഒക്ടോബറിൽ മാത്രം നാല് സന്ദർശനങ്ങൾ ഉൾപ്പെടെ എല്ലാ മാസവും ഒന്നിലധികം തവണ കെജ്‍രിവാള്‍ ഗുജറാത്ത് സന്ദർശിക്കുന്നുണ്ട്.
കോൺഗ്രസിന്റെ വോട്ട് വിഹിതം വെട്ടിക്കുറയ്ക്കുക മാത്രമല്ല, മോഹനമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൂടെ എഎപി ബിജെപിക്കും ഭീഷണി ഉയര്‍ത്തുന്നതായി രാഷ്ട്രീയവിദഗ്ധർ വിലയിരുത്തുന്നു. 

Eng­lish Sum­ma­ry: Elec­tion announce­ment in Gujarat this week

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.