
കേന്ദ്ര സർക്കാരിന്റെ സബ് കമ്മിറ്റിയായി ഇലക്ഷൻ കമ്മീഷൻ മാറിയിരിക്കുന്നുവെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി പറഞ്ഞു. തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറി സുപ്രീംകോടതിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച ‘ജനാധിപത്യ സംരക്ഷണ സദസ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷൻ കമ്മീഷനിൽ നിന്നും ഇനി നീതി പ്രതീക്ഷിക്കുന്നില്ല. ഭരണകക്ഷിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജൻസി ആയി ഇലക്ഷൻ കമ്മീഷൻ അധപതിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മോഡിയും അമിത്ഷായും ബിജെപി നേതാക്കളും രാജ്യമാകെ സഞ്ചരിച്ച് വര്‍ഗീയ ധ്രൂവീകരണ പ്രസംഗങ്ങള്‍ നടത്തി. ചട്ടലംഘനം ചൂണ്ടിക്കാണിച്ച് നിരവധി പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പക്ഷേ ഇന്ത്യയിലെ പ്രതിപക്ഷം അതിശക്തമായ സമരത്തിലാണ്. ഇന്ത്യ മുന്നണിയിൽ നിന്ന് വിട്ടുപോയ ആം ആദ്മി പാർട്ടി പോലും ഈ വോട്ടുചോരിക്കെതിരെ പ്രതിപക്ഷത്തിനൊപ്പം ചേരാൻ തിരിച്ചെത്തി. ഡൽഹിയിൽ മന്ത്രിമാരുടെയും എംപിമാരുടെയും വീടുകൾ കേന്ദ്രീകരിച്ച് 60ഉം, 70 ഉം വോട്ടുകൾ വരെ ചേർത്തുവെന്ന് ആം ആദ്മി പ്രതിനിധികള്‍ തെളിവ് സഹിതം ഇന്ത്യ യോഗത്തിൽ ചൂണ്ടിക്കാട്ടി. പരാതി നല്‍കിയിട്ടും കമ്മീഷന്‍ അനങ്ങുന്നില്ല.
തൃശൂരിലും ഇത്തരത്തില്‍ ഒരു നാണവുമില്ലാതെ സുരേഷ് ഗോപിയെ പോലുള്ളവരെ വോട്ട് അട്ടിമറിയിലൂടെ വിജയിപ്പിച്ചെടുക്കുകയാണ് ബിജെപി. സുരേഷ് ഗോപി ഒരു രാഷ്ട്രീയ അശ്ലീലമാണെന്നും സവർക്കറെ ഗാന്ധിജിക്ക് മേൽ പ്രതിഷ്ഠിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ സഹമന്ത്രി എന്ന നിലയിൽ ലേശം ലജ്ജയുണ്ടെങ്കിൽ രാജി വെച്ച് പുറത്തു പോകണമെന്നും സന്തോഷകുമാർ പറഞ്ഞു. സാംസ്കാരിക തലസ്ഥാനമെന്ന് കേള്‍വിക്കേട്ട തൃശൂരിന്റെ വിധി മറ്റാർക്കും ഉണ്ടാകാതിരിക്കട്ടെ. തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടര്‍മാരെ ബീഹാറില്‍ വെട്ടിമാറ്റിയത് ഒരു പൈലറ്റ് പ്രോജക്ട് ആണ്. ജനാധിപത്യത്തിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്ന് മനസിലാക്കി എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് നിന്ന് പാർലമെന്റിലും പുറത്തും പ്രതിഷേധിച്ചു. തമിഴ്നാട്ടിലും കർണാടകയിലും മറ്റു സംസ്ഥാനങ്ങളിലും ബിജെപി വോട്ട് കൊള്ള നടത്തുകയാണ്.
വോട്ട് ചോരി മുദ്രാവാക്യത്തിനെതിരെ പല കേന്ദ്ര മന്ത്രിമാര്‍ക്ക് കൃത്യമായ ഉത്തരം നല്‍കാനാവുന്നില്ല. മോദിയുടെ തെരഞ്ഞെടുപ്പും വിജയവും സൂക്ഷമമായി പരിശോധിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വരും നാളുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടാകും. കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നതിനെതിരെ ഇന്ത്യാക്കാരായ മുഴുവൻ ജനാധിപത്യ വിശ്വാസികളും യോജിച്ച പോരാട്ടത്തിന് രംഗത്തിറങ്ങണമെന്നും പി സന്തോഷ്കുമാർ എം പി ആഹ്വാനം ചെയ്തു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ അധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ സ്വാഗതം പറഞ്ഞു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ കെവത്സരാജ്, അഡ്വ. വി എസ് സുനിൽകുമാർ, അഡ്വ. ടി ആർ രമേഷ് കുമാർ, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ്പ്രിൻസ്, ഷീല വിജയകുമാർ, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പിൽ, അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്തകുമാർ, ഷീന പറയങ്ങാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.