കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സംഭവം. പോളിംഗ് ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ തന്റെ ബാഗുകള്‍ പരിശോധിക്കുന്ന വീഡിയോ അമിത് ഷാ തന്നെയാണ് എക്സിലൂടെ പങ്കുവച്ചത്. പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ വ്യാപകമായി പരിശോധിക്കുന്നു എന്ന ആരോപണം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ ബാഗുകളും ഹെലികോപ്റ്ററും പരിശോധിച്ചിരിക്കുന്നത്. ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുമാണ് ബിജെപി വിശ്വസിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും അമിത് ഷാ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതോടെ വോട്ടർമാരെ ആകർഷിക്കാൻ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കാറുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മഹാരാഷ്ട്ര കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷൻ നാനാ പട്ടോളെ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളുടെ ബാഗുകളും കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി പോളിംഗ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്ച യവത്മാലിൽ എത്തിയ താക്കറെയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെച്ച താക്കറെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ ബാഗുകൾ ഇതുപോലെ പരിശോധിക്കുമോ എന്ന് ചോദിച്ചിരുന്നു.
ചൊവ്വാഴ്ച ഉദ്ധവ് താക്കറെയുടെ ബാഗുകൾ ലാത്തൂരിൽ വീണ്ടും പരിശോധിച്ചിരുന്നു. മൂന്ന് തവണയാണ് അദ്ദേഹത്തിന്റെ ബാഗുകള്‍ പരിശോധിച്ചത്. ഇത് പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ വലിയ തർക്കത്തിനാണഅ കാരണമായത്. വിവാദങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ ബാഗുകൾ പരിശോധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ബിജെപി എക്സിലൂടെ പുറത്ത് വിട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾ ഒരു പതിവ് നടപടിക്രമമാണെന്ന് ഇതിന് പിന്നാലെ ഷിൻഡെ പറഞ്ഞു. ഏക്നാഥ് ഷിൻഡെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ ബാഗുകളും ഹെലികോപ്റ്ററുകളും പരിശോധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.