22 January 2026, Thursday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 9, 2026
January 4, 2026

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് 26, 27 തീയതികളിൽ

Janayugom Webdesk
തിരുവനന്തപുരം:
December 16, 2025 5:57 pm

2025 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവായി. മുൻസിപ്പൽ കൗൺസിലുകളിലെയും കോർപറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26 ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക്ശേഷം 2.30നും നടക്കും.ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിൽ വരണാധികാരികളായി ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ഇതിനുള്ള ചുമതല. മുനിസിപ്പാലിറ്റികളിൽ ഇതിനായി വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. 

അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ വച്ച് സ്ഥാനാർത്ഥിയെ ഒരാൾ നാമനിര്‍ദേശം ചെയ്യേണ്ടതും മറ്റൊരാൾ പിന്താങ്ങേണ്ടതുമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിൽ കൂടുതൽ പേരുകൾ നിര്‍ദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിര്‍ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട. ഒന്നിലധികം സ്ഥാനാർത്ഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാൾ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ അയാൾ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും.

തെരഞ്ഞെടുപ്പ് യോഗത്തിന്റെ ക്വാറം ബന്ധപ്പെട്ട സ്ഥാപനത്തിലെ അംഗങ്ങളുടെ പകുതിയെങ്കിലും എണ്ണമായിരിക്കും. ക്വാറം തികയാത്ത പക്ഷം യോഗം അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റും. അപ്രകാരം മാറ്റിയ ദിവസം അതേ സ്ഥലത്തും സമയത്തും കൂടുന്ന യോഗത്തിൽ ക്വാറമില്ലെങ്കിലും തെരഞ്ഞെടുപ്പ് നടത്തും. രണ്ട് സ്ഥാനാർത്ഥികൾ മാത്രമുള്ളപ്പോൾ കൂടുതൽ സാധുവായ വോട്ടുകൾ നേടിയ ആൾ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. രണ്ടു പേർക്കും തുല്യ വോട്ടാണെങ്കിൽ, നറുക്കെടുപ്പ് നടത്തും. നറുക്കെടുക്കപ്പെടുന്നയാൾ തെരഞ്ഞെടുക്കപ്പെടും. രണ്ടിലധികം പേർ മത്സരിക്കുമ്പോൾ വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് മറ്റ് എല്ലാ സ്ഥാനാർത്ഥികൾക്കും കൂടി കിട്ടിയ ആകെ സാധുവായ വോട്ടിനെക്കാൾ കൂടുതൽ ലഭിച്ചാൽ അയാൾ തെരഞ്ഞെടുക്കപ്പെടും. എന്നാൽ, അപ്രകാരം ഒരു സ്ഥാനാർത്ഥിക്കും വോട്ട് ലഭിക്കാതിരുന്നാൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാർത്ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തും. ഒരു സ്ഥാനാർത്ഥിക്ക് മറ്റെല്ലാവർക്കും കൂടി ആകെ ലഭിക്കുന്ന വോട്ടിനേക്കാൾ അധികം ലഭിക്കുന്നത് വരെ ഈ പ്രക്രിയ തുടരും.

മൂന്നോ അതിലധികമോ സ്ഥാനാർത്ഥികളുണ്ടായിരിക്കുകയും അതിൽ ഏറ്റവും കുറവ് വോട്ട് രണ്ടോ അതിലധികമോ പേർക്ക് തുല്യമായി ലഭിക്കുകയും ചെയ്താൽ നറുക്കെടുപ്പ് നടത്തി നറുക്കെടുക്കപ്പെടുന്ന ആളിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് തുടരും. അതുപോലെ മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾക്ക് തുല്യവോട്ട് ലഭിക്കുന്നുവെങ്കിൽ ഇതേ രീതിയിൽ ഒരാളെ നറുക്കെടുപ്പിലൂടെ ഒഴിവാക്കി വോട്ടെടുപ്പ് തുടരും. സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനം ഏറ്റെടുക്കാത്ത അംഗങ്ങൾക്ക്/കൗൺസിലർമാർക്ക് യോഗനടപടികളിൽ പങ്കെടുക്കുവാനോ വോട്ടു ചെയ്യുവാനോ അവകാശമില്ല. ഓരോ അംഗവും കൗൺസിലറും ബാലറ്റ് പേപ്പർ കിട്ടിയാലുടൻ തന്നെ ബാലറ്റ് പേപ്പറിൽ അയാൾ വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ X എന്ന അടയാളം ഇടേണ്ടതും ബാലറ്റ് പേപ്പറിന്റെ പുറകു വശത്ത് അയാളുടെ പേരും ഒപ്പും എഴുതി ബാലറ്റ് പേപ്പർ റിട്ടേണിങ് ഓഫിസറുടെ സമീപത്ത് ഇതിനായി ക്രമീകരിച്ചിരിക്കുന്ന ബോക്സിലോ ട്രേയിലോ നിക്ഷേപിക്കേണ്ടതുമാണ്. ഒന്നിലധികം ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്തുമ്പോൾ ഒരോ ഘട്ടത്തിലും വ്യത്യസ്ത നിറത്തിലുള്ള ബാലറ്റ് പേപ്പറുകളായിരിക്കും ഉപയോഗിക്കുക.

സംവരണം ചെയ്തിട്ടുള്ള അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് അതത് വിഭാഗം അംഗങ്ങളായിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടത്‌. പട്ടികജാതി/പട്ടിക വർഗ സംവരണമുള്ളയിടങ്ങളിൽ സ്ഥാനാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ് വരണാധികാരി മുമ്പാകെ ഹാജരാക്കണം. വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെ, കൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. ഡെപ്യൂട്ടി മേയർ, മേയർ മുമ്പാകെയും, വൈസ് ചെയർമാൻ, ചെയർമാൻ മുമ്പാകെയും, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുമ്പാകെയും സത്യപ്രതിജ്ഞ ചെയ്യും.
ഭരണസമിതിയുടെ അഞ്ച് വർഷ കാലാവധി 20 ന് പൂർത്തിയാകാത്ത മലപ്പുറം ജില്ലയിലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ 22 നും, ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ 26 നും നടക്കും.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.