6 February 2026, Friday

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യം; ജനാധിപത്യ സൂചികയില്‍ വീണ്ടും താഴേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 22, 2025 11:00 pm

രാജ്യത്ത് ഇലക്ടറല്‍ സ്വേച്ഛാധിപത്യമാണെന്നും സ്വതന്ത്ര ജനാധിപത്യ സൂചികയില്‍ വീണ്ടും താഴേക്ക് പോയെന്നും റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ 179 രാജ്യങ്ങളില്‍ 100-ാം സ്ഥാനത്താണ് ഇന്ത്യ. സമത്വ സൂചികയില്‍ 134ഉം തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ 105ഉം ആണ് സ്ഥാനം. പോയ വര്‍ഷത്തെക്കാള്‍ മോശമാണിത്. ജനാധിപത്യത്തെക്കുറിച്ച് ആഗോള ഡാറ്റാസെറ്റ് തയ്യാറാക്കുന്ന വെറൈറ്റീസ് ഓഫ് ഡെമോക്രസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2017 മുതല്‍ അവര്‍ ഈ മേഖലയില്‍ പഠനം തുടരുന്നു. മോഡി സര്‍ക്കാര്‍ ബഹുസ്വരതയ്ക്ക് എതിരാണെന്നും ജനാധിപത്യത്തെ തകര്‍ക്കാര്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ആവിഷ്കാര സ്വാതന്ത്ര്യത്തിലും മാധ്യമസ്വാതന്ത്ര്യത്തിലുമുള്ള തകര്‍ച്ച, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ദ്രോഹിക്കല്‍, പ്രതിപക്ഷത്തിനും പൗരസംഘടനകള്‍ക്കുമെതിരെ രാജ്യദ്രോഹം, അപകീര്‍ത്തിപ്പെടുത്തല്‍, ഭീകരവാദ വിരുദ്ധ നിയമങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു.

സ്വേച്ഛാധിപത്യ/ ജനാധിപത്യ പ്രവണതകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ എല്ലാ സൂചികകളിലും ഇടിവുണ്ടായി. എന്നാല്‍ സമത്വ- പങ്കാളിത്ത ഘടക സൂചികകള്‍ നില മെച്ചപ്പെടുത്തി. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യം സ്വേച്ഛാധിപത്യ പാതയിലേക്ക് നീങ്ങുകയാണ്. 2015 മുതല്‍ ഇന്ത്യയിലെ ജനാധിപത്യ അവസ്ഥ മോശമാകാന്‍ തുടങ്ങി. 2017ല്‍ കൂടുതല്‍ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യത്തിലേക്കാണ്ടു. 2019 ആയപ്പോഴേക്കും ഇത് സ്ഥിരീകരിച്ചു. അതിനുശേഷം ഇന്ത്യന്‍ഭരണം സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചു. എന്നാല്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം ബിജെപിക്ക് തിരിച്ചടിയായി. അതിനാല്‍ 2024ല്‍ ജനാധിപത്യ നിലവാരത്തിന് കൂടുതല്‍ തകര്‍ച്ച സംഭവിച്ചിട്ടില്ല.

ദക്ഷിണ, മധ്യേഷ്യയില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള ജനാധിപത്യ നിലവാരം വളരെ മോശവും ആശങ്കാജനകവുമായി 1975ലെ അവസ്ഥയിലെത്തി. ഇന്ത്യയാണ് ഈ ഇടിവിന് പ്രധാന കാരണം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മംഗോളിയ എന്നിവരും അതിവേഗം സ്വേച്ഛാധിപത്യവല്‍ക്കരണ പാതയിലാണ്. അതേസമയം ശ്രീലങ്കയും മാലിദ്വീപും ജനാധിപത്യവല്‍ക്കരിക്കപ്പെടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.