25 December 2024, Wednesday
KSFE Galaxy Chits Banner 2

സൗരോർജ ഉല്പാദകർക്ക് വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി

പ്രത്യേക ലേഖകൻ
തിരുവനന്തപുരം
July 10, 2024 10:43 pm

സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഒടുക്കേണ്ട ഡ്യൂട്ടി നിരക്ക് യൂണിറ്റിന് 1.2 പൈസയിൽ നിന്ന് 15 പൈസയായി ബജറ്റിൽ വര്‍ധിപ്പിച്ചത് പൂർണമായും ഒഴിവാക്കി. കേരള സൗരോര്‍ജ നയപ്രകാരം സൗരോർജത്തെ നികുതിയിൽ നിന്നും ഒഴിവാക്കിയതിനെ തുടർന്നാണ് സൗരോർജ ഉല്പാദകർക്ക് മേൽ വൈദ്യുതിഡ്യൂട്ടി ചുമത്തേണ്ടതില്ല എന്ന തീരുമാനമെന്ന് ധനമന്ത്രി ബി ബാലഗോപാൽ ധനകാര്യബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കി.
കുടുംബകോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിലും ഇളവ് വരുത്തി. താമസത്തിനുള്ള വീട് ഒഴിവാക്കിയുള്ള വസ്തുവകകളായിരിക്കും വ്യവഹാരത്തിനായി പരിഗണിക്കുക. ഇതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കോർട്ട് ഫീ സ്റ്റാമ്പിന് വിവിധ സ്ലാബുകൾ നിശ്ചയിച്ചു. അഞ്ചു ലക്ഷം രൂപ വരെ 200രൂപ, അഞ്ച് മുതൽ 20 ലക്ഷം രൂപ വരെ 500, 20 മുതൽ 50 ലക്ഷം വരെ 1000, 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ 2000, ഒരു കോടി രൂപയ്ക്ക് മുകളിൽ 5,000 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചത്. ഇതിന്മേലുള്ള അപ്പീൽ വ്യവഹാരങ്ങൾക്ക് അഞ്ച് ലക്ഷം വരെ 100 രൂപ, അതിന് മുകളിൽ 20 ലക്ഷം വരെ 250, 20 മുതൽ 50 ലക്ഷം വരെ 500, 50 ലക്ഷം മുതൽ ഒരു കോടി വരെ 1000, ഒരു കോടി രൂപയ്ക്ക് മുകളിൽ 2500 രൂപ എന്നിങ്ങനെയും മാറ്റി നിശ്ചയിച്ചു. 

ചെക്ക് കേസുകളിൽ അമ്പതിനായിരം രൂപ വരെയുള്ള വ്യവഹാരങ്ങൾക്ക് 250 രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒടുക്കണം.
അമ്പതിനായിരം മുതൽ രണ്ട് ലക്ഷം വരെ 500, രണ്ടു മുതൽ അഞ്ച് ലക്ഷം വരെ 750, അഞ്ചു മുതൽ 10 ലക്ഷം വരെ 1000 രൂപ വീതവും നൽകണം. 10 മുതൽ 20 ലക്ഷം രൂപ വരെ 2000, 20 മുതൽ 50 ലക്ഷം വരെ 5000, 50 ലക്ഷത്തിന് മുകളിൽ പതിനായിരം രൂപ കോർട്ട് ഫീസ് ഒടുക്കണം. ഇത്തരം കേസുകളുടെ അപ്പീലിൽ, വെറുതെ വിടുന്ന ബില്ലുകളിൽ രണ്ട് ലക്ഷം രൂപ വരെ 500 രൂപയും രണ്ട് ലക്ഷത്തിന് മുകളിൽ 1000 രൂപയും ഫീസ് ഒടുക്കിയാൽ മതിയാകും. പുനഃപരിശോധനാ ഹർജികൾക്കും ഇതേനിരക്ക് ബാധകമായിരിക്കും.
പാട്ടക്കരാറുകൾക്ക് ഒരു വർഷത്തിൽ താഴെ കാലാവധിക്ക് 500 രൂപയും, അഞ്ചു വർഷം വരെ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം (കുറഞ്ഞത് 500 രൂപ), അഞ്ചു മുതൽ 10 വർഷം വരെ 20 ശതമാനം (കുറഞ്ഞത് 1000 രൂപ), 10 മുതൽ 20 വർഷം വരെ 35 ശതമാനവും (കുറഞ്ഞത് 2000 രൂപ) നിശ്ചയിച്ചു. 30 വർഷം വരെ 60 ശതമാനം, 30 വർഷത്തിന് മുകളിൽ 90 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ സ്റ്റാമ്പ് ഡ്യൂട്ടി നിരക്ക്.
നികുതി കുടിശികകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ (ആംനസ്റ്റി)യിൽ വൻ ഇളവുകളും ധനമന്ത്രി പ്രഖ്യാപിച്ചു. ജിഎസ‌്ടിക്ക് മുമ്പുള്ള നിയമങ്ങളുടെ പരിധിയിൽ വരുന്ന 2020 വരെയുള്ള വിവിധ നികുതി കുടിശികകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയ്ക്ക് സ്ലാബുകൾ നിശ്ചയിച്ചു. 50,000 രൂപ വരെയുള്ള നികുതി കുടിശികകൾ പൂർണമായും എഴുതിത്തള്ളും. 22,667 വ്യാപാരികളുടെ 116 കോടിയുടെ ബാധ്യതയാണ് ഒഴിവാക്കി നൽകുന്നത്. 

50,000 മുതൽ 10 ലക്ഷം രൂപ വരെ ബാധ്യതയുള്ള 21,436 വ്യാപാരികൾക്ക് 30 ശതമാനം വീതം നികുതി കുടിശിക ഒടുക്കി ബാധ്യതയിൽ നിന്ന് ഒഴിവാകാനാകും. 2,167 കോടി രൂപയുടെ ബാധ്യതയാണ് തീർപ്പാകുന്നത്. 10 ലക്ഷം മുതൽ ഒരു കോടി വരെ കുടിശികയുള്ള 6,204 വ്യാപാരികളുടെ 2,678 കോടി രൂപയുടെ നികുതി കുടിശികയുണ്ട്. ഇതിൽ അപ്പീലുകൾ നൽകിയിട്ടുള്ളവർക്ക് നികുതിയുടെ 40 ശതമാനം ഒടുക്കിയും, അപ്പീലുകൾ നൽകിയിട്ടില്ലാത്തവർക്ക് 50 ശതമാനം ഒടുക്കിയും ബാധ്യതയിൽ നിന്ന് ഒഴിവാകാനാകും. ഒരു കോടിക്ക് മേൽ നികുതി ബാധ്യതയുള്ള 1,389 വ്യാപാരികൾക്ക് 9,058 കോടിയാണ് നികുതി ബാധ്യത. ഇവരിൽ അപ്പീൽ നൽകിയിട്ടുള്ളവർക്ക് 70 ശതമാനം നികുതി ഒടുക്കിയും, അല്ലാത്തവർക്ക് 80 ശതമാനം ഒടുക്കിയും ബാധ്യതയിൽ നിന്നും ഒഴിവാകാനാകും. ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ഉപയോഗിക്കുന്നവർക്ക് പലിശയും പിഴയും പൂർണമായും ഒഴിവാക്കി നൽകും. ഈ വർഷം ഡിസംബർ 31വരെയാണ് കാലാവധി.
വലിയ ടൂറിസ്റ്റ് ബസുകൾക്ക് ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന ത്രൈമാസ റോഡ് നികുതി നിരക്കുകളിൽ വീണ്ടും ഇളവുകൾ ധനമന്ത്രി പ്രഖ്യാപിച്ചു. സാധാരണ സീറ്റ് ഒന്നിന് 2,250 രൂപ 1500 ആയും പുഷ്ബാക്ക് സീറ്റിന് 2000 രൂപയായും കുറച്ചു. നിലവിൽ 3000 രൂപയായിരുന്നു. സ്ലീപ്പർ ബെർത്ത് 4000 രൂപയിൽ നിന്ന് 3000 രൂപയായി കുറച്ചു. 

Eng­lish Sum­ma­ry: Elec­tric­i­ty duty waived for solar pow­er producers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.