13 January 2026, Tuesday

Related news

September 25, 2025
September 24, 2025
September 12, 2025
August 14, 2025
May 28, 2025
April 10, 2025
April 3, 2025
March 5, 2025
January 24, 2025
December 14, 2024

റെക്കോഡുകള്‍ ഭേദിച്ച് വൈദ്യുതി ഉപയോഗം

പി എസ് രശ്‌മി
തിരുവനന്തപുരം
April 9, 2024 11:24 pm

സംസ്ഥാന വൈദ്യുതി ഉപയോഗം എല്ലാ റെക്കോ‍ഡുകളും ഭേദിച്ച് കുതിച്ചുയരുമ്പോഴും ജനങ്ങള്‍ക്ക് വെളിച്ചമേകി സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. തിങ്കളാഴ്ച രേഖപ്പെടുത്തിയത് 11.01039 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗമാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോഡ് ഭേദിച്ചു. 5487 മെഗാവാട്ട് ആണ് വൈദ്യുതി ആവശ്യകത. ഈ സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

കഴി‍ഞ്ഞ മൂന്നാഴ്ചയായി 10 കോടി യൂണിറ്റിന് മുകളിലായിരുന്നു വൈദ്യുതി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇത്രയേറെ ആവശ്യകത വര്‍ധിക്കുമ്പോഴും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി എട്ടാം വര്‍ഷവും പവര്‍ കട്ടില്ലാതെ പോകുന്നത് ഈ മേഖലയിലെ സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്. യുഡിഎഫ്‌ സർക്കാർ എഴുതിത്തള്ളിയ ഇടമൺ- കൊച്ചി 400 കെവി പവർ ഹൈവേ യാഥാർത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതാണ് പവര്‍കട്ട് ഒഴിവാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച പദ്ധതി. എല്‍ഡിഎഫ് സർക്കാരിന്റെ സജീവ ഇടപെടലിലൂടെയാണ് പദ്ധതി വിജയകരമായി പൂർത്തിയാക്കിയത്. ഇതിന് പിന്നാലെ പുഗലൂർ — മാടക്കത്തറ എച്ച്‌വിഡിസി ലൈനിന്റെ നിർമ്മാണവും പൂർത്തിയായി. മൊത്തം 2550 മെഗാവാട്ട് ശേഷിയുള്ള ഈ ലൈനുകള്‍ പൂര്‍ത്തിയായതോടെ ഇറക്കുമതി ആവശ്യം പൂര്‍ണമായി നിറവേറ്റുന്നതോടൊപ്പം ഇറക്കുമതി ശേഷിയും വര്‍ധിക്കും. ഭാവിയില്‍ വര്‍ധിക്കുന്ന വൈദ്യുതി ആവശ്യം നിര്‍വഹിക്കാനാകുന്നതോടൊപ്പം പ്രസരണനഷ്ടം ഗണ്യമായി കുറയുകയും ചെയ്യും. 

പുതിയ സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണത്തിനും നിലവിലുള്ളവയുടെ ശേഷി ഉയര്‍ത്താനും വൈദ്യുതി വകുപ്പ് പദ്ധതികള്‍ നടപ്പാക്കി. 2016 ൽ വിഭാവനം ചെയ്ത ട്രാൻസ്‍ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇതുവരെ കോട്ടയം 400 കെ വി സബ്‌സ്റ്റേഷന് പുറമേ, പതിനൊന്ന് 220 കെ വി സബ്സ്റ്റേഷനുകളും 1855 സർക്യൂട്ട് കി.മീ ഇഎച്ച്ടി ലൈനുകളും പൂര്‍ത്തിയാക്കി. 11 സബ് സ്റ്റേഷനുകളില്‍ കോട്ടയം, ആലുവ, കുന്നമംഗലം, പള്ളിവാസൽ, ഏറ്റുമാനൂർ, വിഴിഞ്ഞം, തലശേരി, കുന്നംകുളം സബ്‌സ്റ്റേഷനുകളും 1000 സർക്യൂട്ട് കി. മീ ഇഎച്ച്ടി ലൈനുകളും ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയാക്കിയതാണ്.
2014–15 കാലയളവിൽ യുഡിഎഫ്‌ സർക്കാർ ഒപ്പുവച്ച ദീർഘകാല കരാർ ടെൻഡർ നടപടികൾ പാലിക്കുന്നതിലും കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിലും വീഴ്‌ചവരുത്തിയെന്ന കാരണത്താൽ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത് സംസ്ഥാനത്തിന്‌ തിരിച്ചടിയായിരുന്നു.
അതേതുടര്‍ന്ന് മഴക്കുറവും വൈദ്യുതി ഉപയോഗത്തിലുണ്ടായ വർധനയും സൃഷ്‌ടിക്കുന്ന പ്രതിസന്ധി മറികടക്കാൻ 250 മെഗാവാട്ടിനുള്ള ഹ്രസ്വകാല കരാറിന്‌ ഈ സർക്കാരാണ് രൂപം നൽകിയത്. ഇതിന് റഗുലേറ്ററി കമ്മിഷൻ അനുമതിയും ലഭിച്ചു. വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ നടപടികൾക്ക്‌ തുടക്കമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Elec­tric­i­ty usage breaks records

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.