18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 14, 2024
October 29, 2024
August 6, 2024
July 17, 2024
May 24, 2024
May 13, 2024
May 12, 2024
May 11, 2024
May 7, 2024
May 3, 2024

വേനലില്‍ ഉപഭോഗം കുതിച്ചുയരുന്നു ; വൈദ്യുതി പ്രതിസന്ധിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
March 9, 2023 9:49 pm

പുതിയ കല്‍ക്കരി, ജലവൈദ്യുതി പദ്ധതികളുടെ അഭാവം മൂലം വേനലില്‍ ഇന്ത്യ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമെന്ന് മുന്നറിയിപ്പ്. ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും വേനലില്‍ അധിക പവര്‍കട്ട് ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കി റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സൗരോർജ ഫാമുകളുടെ പ്രവര്‍ത്തനം പകൽസമയത്തെ വൈദ്യുതി വിതരണ വിടവുകൾ ഒഴിവാക്കാൻ ഒരുപരിധി വരെ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. എന്നാൽ കൽക്കരി ക്ഷാമവും ജലവൈദ്യുതിയുടെ ശേഷിക്കുറവും രാത്രികാലങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളെ ഇരുട്ടിലാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ഏപ്രിലില്‍ രാത്രികാലങ്ങളിലെ ഇന്ത്യയുടെ വൈദ്യുതി ലഭ്യത പീക്ക് ഡിമാന്‍ഡിനേക്കാള്‍ 1.7 ശതമാനം കുറവായിരിക്കുമെന്നാണ് ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ വിലയിരുത്തല്‍. ഏപ്രിലിലെ രാത്രികാല പീക്ക് ഡിമാൻഡ് 217 ജിഗാവാട്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷം സമാനകാലയളില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 6.4 ശതമാനം ഉയര്‍ന്നതാണ്. വേനല്‍ സമയത്ത് രാത്രികാലങ്ങളില്‍ എസി അടക്കമുള്ള ചൂട് ശമിപ്പിക്കുന്ന ഉപകരണങ്ങള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിക്കും. ഇത് ഇലക്‌ട്രോണിക്‌സ്, സ്റ്റീൽ ബാർ, വളം നിർമ്മാണ പ്ലാന്റുകൾ എന്നിവയുൾപ്പെടെ രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ക്ക് ഭീഷണിയാകും.

പവര്‍കട്ട് ഒരു മിനിറ്റ് നേരത്തേക്ക് ആണെങ്കില്‍ കൂടി പേപ്പർ പൾപ്പ് തടസപ്പെടുകയും അതിലോലമായ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്ന് പേപ്പര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖനായ പി ജി മുകുന്ദന്‍ നായര്‍ പറയുന്നു. ഇത് ആയിരക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ചിനും മേയ്ക്കും ഇടയില്‍ വലിയ ഉഷ്ണ തരംഗങ്ങള്‍ പ്രവചിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഈ വേനൽക്കാലത്ത് വൈദ്യുതി കമ്മി പ്രതീക്ഷിച്ചതിലും മോശമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പവര്‍കട്ട് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വൈദ്യുത സെക്രട്ടറി ആലോക് കുമാര്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചത്.

Eng­lish Sum­ma­ry: elec­tric­i­ty usage increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.