17 December 2025, Wednesday

Related news

November 29, 2025
November 4, 2025
October 19, 2025
September 9, 2025
August 27, 2025
July 29, 2025
June 19, 2025
May 30, 2025
May 29, 2025
May 3, 2025

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
December 12, 2023 10:53 pm

ഡ്യൂട്ടിക്കിടയിൽ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. അസ്വാഭാവിക മരണം ഉൾപ്പെടെ അത്യാഹിതങ്ങൾ പദ്ധതി പരിധിയിൽ വരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡ്യൂട്ടിക്കിടയിലെ അത്യാഹിതങ്ങൾക്ക് ഇരയാകുന്ന ജീവനക്കാർക്ക് സഹായം അനുവദിക്കുന്നതിൽ നിലവിലെ പൊതുമാനദണ്ഡങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി വ്യക്തത വരുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് ഡ്യൂട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യൂട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യൂട്ടിക്കിടയിലുള്ള അസ്വാഭാവിക മരണമായി കണക്കാക്കും. ഇതിന് എഫ്ഐആറിലെ രേഖപ്പെടുത്തലോ, റവന്യു/പൊലീസ് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോ മതിയാകും. പകർച്ചവ്യാധി (എപ്പിഡമിക്, പാൻഡമിക്) ബാധിതരുടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാർ, അതേ രോഗബാധയിൽ മരിച്ചാലും അസ്വാഭാവിക മരണമാകും. ഓഫിസിലേക്കുള്ള വരവിനും പോക്കിനുമിടയിലുള്ള അപകട മരണവും ഈ വിഭാഗത്തിൽ വരും. 

ഡ്യൂട്ടിക്കിടയിൽ വൈദ്യുതാഘാതം ഏൽക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇടയിലെ അപകടം, നിയമപാലകരുടെ കുറ്റവാളികളെ പിടികൂടാനുള്ള ശ്രമം, രക്ഷാപ്രവർത്തനം, വന്യജീവി ആക്രമണം എന്നിവ മൂലമുണ്ടാകാവുന്ന മരണങ്ങളെയും അപകട മരണങ്ങളായി കണക്കാക്കും. ഓഫിസിന്റെ ഭാഗമായ മറ്റ് ജോലികൾ, യാത്ര എന്നിവയ്ക്കിടയിലെ അപകട മരണവും അസ്വാഭാവിക മരണമാകും. കളക്ടർ/വകുപ്പ് മേധാവി/സ്ഥാപന മേധാവി എന്നിവരാണ് ഡ്യൂട്ടിക്കിടയിലുള്ള മരണമാണ് എന്നത് സാക്ഷ്യപ്പെടുത്തേണ്ടത്. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും.

സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ജീവനക്കാർ ഡ്യൂട്ടിക്കിടയിൽ അപകട മരണത്തിനും അസ്വാഭാവിക മരണത്തിനും വിധേയരായാൽ, അനന്തരാവകാശികൾക്ക് നൽകിവന്നിരുന്ന എക്സ്ഗ്രേഷ്യാ ആനുകൂല്യം ഒന്നര ലക്ഷം രൂപ എന്നത് 10 ലക്ഷം രൂപയായി ഉയർത്തി. അപകടത്തിൽ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് അഞ്ചുലക്ഷം രൂപവരെ ധനസഹായം ലഭിക്കും. 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യത്തിന് നാലു ലക്ഷം രൂപയും, 40 മുതൽ 60 ശതമാനംവരെ അംഗവൈകല്യത്തിന് രണ്ടര ലക്ഷം രൂപയും സഹായമുണ്ടാകും. 

Eng­lish Summary:Emergency in line of duty: Spe­cial assis­tance scheme for gov­ern­ment employees

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.