17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 24, 2024
August 23, 2024
August 22, 2024
August 6, 2024
July 10, 2024
May 11, 2024
May 2, 2024
April 22, 2024
March 22, 2024

നേട്ടങ്ങളിലും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നവര്‍

ബിജു എസ്
September 25, 2023 4:55 am

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം(ഐഎസ്ആർഒ) നേട്ടങ്ങളുടെ നെറുകയിലാണ്. ഈ സ്ഥാപനത്തിനായി ഒട്ടേറെ ഉപകരണങ്ങൾ നിർമ്മിക്കുന്നത് ഹെവി എൻജിനീയറിങ് കോർപറേഷന്‍(എച്ച്ഇസി)എന്ന പൊതുമേഖലാസ്ഥാപനമാണ്. അവിടെ നിന്നുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലയോടുള്ള അവഗണനയുടെ നേര്‍ച്ചിത്രവും. രണ്ടുവർഷത്തോളമായി ഇവിടുത്തെ ജീവനക്കാര്‍ക്ക് വേതനം ലഭിക്കുന്നില്ല. ദി ഹിന്ദു റിപ്പോർട്ട് ചെയ്തതനുസരിച്ച്, 3,000ത്തോളം തൊഴിലാളികൾ ഇപ്പോൾ ‘ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിൽക്കാൻ’ നിർബന്ധിതരാകുന്നു. പലര്‍ക്കും ഉപജീവനത്തിനായി ഓട്ടോറിക്ഷകൾ ഓടിക്കുന്നതുൾപ്പെടെ പാർട്ട് ടൈം തൊഴിലില്‍ ഏർപ്പെടേണ്ടിവരുന്നു. കഴിഞ്ഞ 20 മാസമായി ശമ്പളം നൽകിയിട്ടെന്നാണ് റിപ്പോര്‍ട്ട്.
എച്ച്ഇസിയിലെ നൂറിലധികം ജീവനക്കാർ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിൽ ചന്ദ്രയാൻ 3 ന്റെ മാതൃകയുമായി പ്രതിഷേധിച്ചത് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി ലോക്‌സഭാംഗങ്ങൾ തങ്ങളുടെ ആവശ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുവെന്നും കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെയെ കാണാന്‍ ശ്രമിച്ചിരുന്നുവെന്നും എച്ച്ഇസി മജ്ദൂർ യൂണിയൻ പ്രസിഡന്റ് ഭവൻ സിങ് ടെലിഗ്രാഫിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇതാദ്യമായല്ല അവർ മന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. എച്ച്ഇസി ജീവനക്കാരുടെ വേതനം വിതരണം ചെയ്യുന്നതിന് ശക്തമായ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി യൂണിയന് ഉറപ്പ് നൽകിയതായി കഴിഞ്ഞ ഫെബ്രുവരിയിൽ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തതാണ്. സെപ്റ്റംബര്‍ പിന്നിടുമ്പോഴും മന്ത്രിയുടെ വാഗ്ദാനം നടപ്പാക്കാത്തതിനെ തുടർന്നാണ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക് മടങ്ങിയത്.


ഇതുകൂടി വായിക്കൂ:ചന്ദ്രമണ്ഡലത്തില്‍ ഒന്നാമതിന്ത്യ


ചലിക്കുന്ന വിക്ഷേപണത്തറ, ഹാമർഹെഡ് ടവർ ക്രെയിൻ, ഇഒടി ക്രെയിൻ, ഫോൾഡിങ് പ്ലാറ്റ്ഫോം, തിരശ്ചീനമായി നീക്കാവുന്ന വാതിലുകള്‍ എന്നിവയുൾപ്പെടെ നിരവധി പ്രധാന ഉപകരണങ്ങൾ എച്ച്ഇസി ഐഎസ്ആർഒയ്ക്ക് വേണ്ടി നിർമ്മിച്ചിട്ടുണ്ടെന്ന് ബിബിസി ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ അടുത്തിടെ വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തിനായി ഈ സ്ഥാപനം പ്രത്യേക യന്ത്രങ്ങളൊന്നും നിർമ്മിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം എച്ച്ഇസിയിലെ മാനേജർ പുരേന്ദു ദത്ത് മിശ്ര ബിബിസിയോട് പറഞ്ഞത്, ‘ചന്ദ്രയാൻ 3ന് വേണ്ടി ഞങ്ങൾ പ്രത്യേക യന്ത്രങ്ങളൊന്നും നിർമ്മിച്ചിട്ടില്ലെന്ന് സർക്കാർ പറയുന്നത് സാങ്കേതികമായി ശരിയാണ്. പക്ഷേ ഇന്ത്യയിൽ മറ്റൊരു കമ്പനിയും ഇത്തരം ലോഞ്ച്പാഡുകൾ നിർമ്മിക്കുന്നില്ല’ എന്നാണ്. ശമ്പളമില്ലാത്ത ജീവനക്കാർ കുടുംബംപോറ്റാൻ വളരെ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ടുകളെല്ലാം സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് തീർത്തും അസാധ്യമാണെന്ന് കണ്ടെത്തിയപ്പോൾ ഭാര്യയോടൊപ്പം തെരുവിൽ ഇഡ്ഡലി വിൽക്കാൻ തുടങ്ങിയ ദീപക് ഉപരിയ എന്ന ജീവനക്കാരനെ ബിബിസി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാര്യയുടെ ആഭരണങ്ങള്‍ പണയപ്പെടുത്തിയാണ് ദീപക് ഇഡ്ഡലി വ്യാപാരം ചെയ്യുന്നത്. മസ്ലൻ മധുര്‍ കുമാർ മോമോസ് വിൽക്കുമ്പോള്‍, പ്രസന്ന ഭോയ് ചായക്കട നടത്തുന്നു. ദി ഹിന്ദുവിലെ റിപ്പോര്‍ട്ടനുസരിച്ച്, നിരവധി ജീവനക്കാർ അവരുടെ പ്രൊവിഡന്റ് ഫണ്ട് പിൻവലിച്ചു, ചിലർ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും വായ്പ എടുത്തത് വീട്ടാനാകാതെ കഴിയുന്നു. 2023 ഓഗസ്റ്റിൽ കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ നൽകിയ മറുപടിയില്‍, എച്ച്ഇസി സ്വതന്ത്ര സ്ഥാപനമാണെന്നും പ്രവർത്തനങ്ങൾക്ക് സ്വന്തമായി ഫണ്ട് സ്വരൂപിക്കണമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി സ്ഥാപനം നഷ്ടത്തിലാണെന്നും മറുപടിയിൽ പറയുന്നു. 2023ൽ അതിന്റെ നഷ്ടം 283.58 കോടി രൂപയായി. ആധുനിക ഉപകരണങ്ങളുടെ അഭാവവും മുഴുവൻ സമയ ഭരണനേതൃത്വവും കമ്പനിയുടെ മോശം പ്രകടനത്തിന് പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.