19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
February 3, 2024
March 27, 2023
January 5, 2023
December 28, 2022
November 5, 2022
February 15, 2022
February 1, 2022

തൊഴിലുറപ്പ് പദ്ധതി: കേന്ദ്രം നല്‍കാനുള്ളത് 8,305 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
December 28, 2022 11:09 pm

മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 8,305 കോടിയിലധികം രൂപ നല്‍കാനുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. കുടിശികയുടെ ഭൂരിഭാഗവും അസംസ്കൃത വസ്തുക്കള്‍ക്കുള്ള ചെലവുകള്‍ക്കുള്ളതാണ്, 7,306.53 കോടി രൂപ. തൊഴിലാളികളുടെ കൂലിയായി 649.69 കോടിയും ഭരണച്ചെലവായി 349.12 കോടിയും കേന്ദ്രം നൽകാനുണ്ട്.

സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തുക നൽകാനുള്ളത് ഉത്തർപ്രദേശിനും (1,711.54 കോടി), ആന്ധ്രാപ്രദേശിനും (1,005.31 കോടി രൂപ), പശ്ചിമ ബംഗാളിനുമാണ് (664.31 കോടി രൂപ). 2021 ഡിസംബർ മുതൽ, പദ്ധതി നടപ്പാക്കുന്നതിലെ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാളിന് കേന്ദ്രം നിയമപ്രകാരം ഫണ്ട് അനുവദിക്കുന്നില്ല. ജോലി ചെയ്യുന്ന കുടുംബങ്ങളിൽ 10 ശതമാനവും രാജ്യത്തെ മൊത്തം സജീവ തൊഴിലാളികളിൽ 11 ശതമാനവും പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്.

ഡൽഹി ആസ്ഥാനമായുള്ള ലിബ്ടെക് പുറത്തുവിട്ട റിപ്പോർട്ടിൽ 2021 ഡിസംബർ 26 മുതൽ 2,744 കോടി രൂപ തൊഴിലാളികൾക്കുള്ള വേതനയിനത്തില്‍ കുടിശികയുണ്ട്. പദ്ധതി പ്രകാരമുള്ള ജോലികൾ നിർത്തിയതിനാൽ ഈ വർഷം വേതന ഇനത്തിൽ തൊഴിലാളികൾക്ക് ഏകദേശം 3,891 കോടി മുതൽ 6,046 കോടി വരെ നഷ്ടമുണ്ടായതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് മുമ്പുള്ള (2018 ഏപ്രില്‍ മുതല്‍ 2019 ഡിസംബര്‍ വരെ) വേതനത്തിന്റെ അടിസ്ഥാനത്തില്‍ 3,891 കോടിയും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത വര്‍ഷങ്ങളില്‍ 6,046 കോടി രൂപയുടെയും തൊഴിലവസരങ്ങൾ നഷ്ടമായി.

അതേസമയം ഏറ്റവും കൂടുതൽ തൊഴിൽദിനങ്ങൾ നൽകിയത് മിസോറാം (70.71), ത്രിപുര (49.14), ലഡാക്ക് (45.89) എന്നിവയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തുടനീളം പദ്ധതിക്ക് കീഴിൽ ജോലി നൽകിയ ദിവസങ്ങളുടെ ശരാശരി എണ്ണം 40.19 ആയിരുന്നു. പദ്ധതി പ്രകാരം ഒരു സാമ്പത്തിക വർഷം ചുരുങ്ങിയത് 100 തൊഴില്‍ ദിവസങ്ങളാണുള്ളത്. പ്രതിദിനം 214 രൂപയാണ് വേതനമായി നൽകുന്നത്. 

Eng­lish Summary;Employment Guar­an­tee Scheme: 8,305 crore to be pro­vid­ed by the Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.