27 April 2024, Saturday

Related news

March 13, 2024
February 26, 2024
February 8, 2024
February 3, 2024
January 5, 2024
November 19, 2023
November 1, 2023
November 1, 2023
September 14, 2023
August 9, 2023

തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തോട് കേന്ദ്രത്തിന്‍റെ അവഗണന വീണ്ടും ; ബിജെപി ഭരിക്കുന്ന ഹരിയാനയ്ക്ക് മുന്തിയ പരിഗണന

Janayugom Webdesk
തിരുവനന്തപുരം
March 27, 2023 3:20 pm

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം മറ്റ് പല രഗത്തെപോലെ മഹാത്മാഗന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിലും. ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തുടനീളം തൊഴില്‍ ദിനങ്ങള്‍ കുറഞ്ഞപ്പോള്‍ കേരളത്തില്‍ തൊഴില്‍ ദിനങ്ങള്‍കൂട്ടി ഈ മേഖലയില്‍ ജോലിചെയ്യുന്നവരെ ചേര്‍ത്തു പിടിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. 2021–22ല്‍ തൊട്ട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്ത് 26 കോടി തൊഴില്‍ ദിനത്തിന്‍റെ കുറവ് വന്നതായി ഗ്രാമവികസന മന്ത്രാലയം അഭിപ്രായപ്പെട്ടിട്ടുള്ളത്.

2020–21ല്‍ 389.08 കോടി തൊഴില്‍ ദിനം ഉണ്ടായിരുന്നത് 2021–22ല്‍ 363.32 കോടിയായി കുറഞ്ഞു. എന്നാല്‍ കേരളത്തില്‍ 2021.22ല്‍ 10.59 കോടിയും 2020–21ല്‍ 10.23 ആയിരുന്നു. കേരളത്തിന് അനുവദിച്ച ഫണ്ടില്‍ 822.20 കോടി രൂപയുടെ കുറവ് വന്നപ്പോഴും മുന്നേറ്റമാണുണ്ടായത്. 2020–21ല്‍ 4300.32 കോടി രൂപ സംസ്ഥാനത്തിനു ലഭിച്ചപ്പോള്‍ 2021–22ല്‍ 3478.12 കോടി മാത്രമാണ് കിട്ടിയത്. തൊഴില്‍ ദിനങ്ങള്‍ കൂട്ടിയിട്ടും കേരളത്തിന് അനുവദിച്ച തുക കുരവായിരുന്നു. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന ചിറ്റമ്മ നയമാണിത്. രാജ്യത്തിന്‍റെ ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള ഫെഡറല്‍സംവിധാനം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനാണ് കേരളത്തോട് കേന്ദ്രം കാണിക്കുന്നത്. 

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ‍‍ഞെരുക്കി കൊല്ലുന്ന കേന്ദ്രത്തിന്റെ നയങ്ങള്‍ക്ക് ബദല്‍മാര്‍ഗ്ഗം തേടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരോ ചുവടും മുന്നോട്ട് പോകുന്നത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ജനതുയെ ആശ്രയമാണ്.ബഹുഭൂരിപക്ഷവും സ്ത്രീകളാണ് തൊഴില്‍ ചെയ്യുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇടതുപക്ഷപിന്തുണയോടെ മന്‍മോഹന്‍സിങ് രാജ്യം ഭരിക്കുമ്പോഴാണ് ഈ പദ്ധതി ആരംഭിച്ചത്.മനസില്ലാമനസോടെയാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത്. ഇടതുപക്ഷത്തിന്‍റെ കടുത്ത സമ്മര്‍ദ്ദമാണ് തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചതിനു പിന്നിലെന്നുള്ളത് യാത്രാ‍ത്ഥ്യമാണ്.

പദ്ധതി പൊളിക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചത്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ എത്തിയനാള്‍മുതല്‍ തൊഴിലുറപ്പ് പദ്ധതിക്ക് ശനിദശയാണ്. കുത്തകമുതലാളിമാര്‍ക്കും, കോര്‍പ്പറേറ്റുകള്‍ക്കും കലവറയില്ലാത്ത സഹായം ചെയ്യുന്ന മോഡിസര്‍ക്കാര്‍ ദരിദ്രജനവിഭാഗത്തെ കണ്ടില്ലെന്നു നടിക്കുയാണ്.ആ പ്രവണത പൂര്‍വ്വാധികം ശക്തിയോടെ കൈകൊള്ളുകയാണ്. ഇന്ത്യയിലെ 200 ജില്ലയിൽ 2006 ഫെബ്രുവരിയിൽ തൊഴിലുറപ്പുപദ്ധതി ആരംഭിക്കുമ്പോൾ രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം പേർ പട്ടിണിക്കാരായിരുന്നു. സക്‌സേന കമ്മിറ്റി റിപ്പോർട്ടിൽ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനാവശ്യമായ വരുമാനം 50 ശതമാനം പേർക്കാണുണ്ടായിരുന്നത്‌. ആസൂത്രണ കമീഷൻ രേഖകൾപ്രകാരം ഇത്‌ 39 ശതമാനവും. 2008ൽ തൊഴിലുറപ്പുപദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിച്ചതോടെ ചിത്രം മാറി. 

2012ലെ റിസർവ്‌ ബാങ്ക്‌ റിപ്പോർട്ടിൽ ഇന്ത്യയിലെ ദാരിദ്ര്യനിരക്ക്‌ 21.92 ശതമാനമായി കുറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും പാവങ്ങളുടെ ജീവിതത്തെ ഇതുപോലെ തൊട്ടറിഞ്ഞ മറ്റൊരു പദ്ധതിയില്ല. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന മോഡിസര്‍ക്കാര്‍ രാജ്യത്തിന് മാതൃകയായ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന കേരളത്തോട് പുതുക്കിയ കൂലി നിരക്കിലും വിവേചനം കാണിക്കുകയാണ്. സംസ്ഥാനത്തോടുള്ള അവഗണനയാണ് ഇതു കാണിക്കുന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന മിനിമം കൂലി നിരക്കുള്ള കേരളത്തിന് ആനുപാതിക വര്‍ധനയില്ല. വിലക്കയറ്റവും ഉപഭോക്തൃ വിലസൂചികയും പരിഗണിക്കാതെയുള്ള വര്‍ധനവ് മോഡി സര്‍ക്കാരിന്‍റെ ഈ മേഖലയോടും, പ്രത്യേകിച്ചും പണിയെടുക്കുന്ന സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാരോടുള്ള വിരുദ്ധതയാണ് വെളിവാകുന്നത്. കൂലിവര്‍ധനയിലും മോഡിസര്‍ക്കാര്‍ സ്വജനപക്ഷപാതം കാണിച്ചിരിക്കുന്നു.

ബിജെപി ഭരിക്കുന്ന ഹരിയാനക്കാണ് മുന്തിയ പരിഗണന നല്‍കിയിരിക്കുന്നത്. കേരളത്തിൽ നിലവിലുള്ള 311 രൂപ കൂലി 333 രൂപയായാണ്‌ വർധിപ്പിച്ചത്‌. ഹരിയാനയിൽ 357 രൂപയാണ്‌ പുതുക്കിയ നിരക്ക്‌. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ്‌ കൂലിവർധിപ്പിച്ച്‌ ഉത്തരവിറക്കിയത്‌. പുതുക്കിയ കൂലി അടുത്തമാസം 1ന് പ്രാബല്യത്തിൽ വരും. സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക്‌ മികച്ച കൂലി നൽകുന്നതിൽ ഒന്നാംസ്ഥാനം കേരളത്തിനാണെന്ന്‌ കഴിഞ്ഞദിവസം ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്‌ പുറത്തുവിട്ട വാർഷിക സർവേ റിപ്പോർട്ട്‌–-2022ൽ പറയുന്നു. കർഷകത്തൊഴിലാളികളുടെ മിനിമം കൂലിയാണ്‌ തൊഴിലുറപ്പു പദ്ധതിയിൽ നിയമപ്രകാരം നൽകേണ്ടത്‌. കേരളത്തിൽ 727 രൂപയാണ്‌ നിലവിൽ മിനിമംകൂലി. ഹരിയാനയിൽ 395 രൂപയും. 

കർഷകത്തൊഴിലാളികൾക്ക്‌ ഏറ്റവും താഴ്‌ന്ന മിനിമംകൂലിയുള്ള ഗുജറാത്തിൽ തൊഴിലുറപ്പു കൂലി 256 രൂപയാക്കി വർധിപ്പിച്ചു. ഗുജറാത്തിൽ 220 രൂപയാണ്‌ മിനിമം കൂലി. കൂലിവർധനയിൽ വിലക്കയറ്റവും ഉപഭോക്തൃ സൂചികയും പരിഗണിക്കണമെന്ന തൊഴിലുറപ്പു നിയമവ്യവസ്ഥ കേന്ദ്രസർക്കാർ അവഗണിച്ചു. എന്നാല്‍ തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്നതിൽ കേരളം മുന്നിലെത്തി. രാജ്യത്ത്‌ ആദ്യമായി തൊഴിലുറപ്പു തൊഴിലാളി ക്ഷേമ ബോർഡിന്‌ രൂപംനൽകിയും കേരളം മാതൃകയാണ്. കൂലിയില്‍ ഇരുപതു രൂപയുടെ വര്‍ദ്ധനവാണുണ്ടാകാന്‍ പോകുന്നത്.ഏറ്റവും കുറവ് കൂലി ലഭിക്കുന്നത് മധ്യപ്രദേശിലും ഛത്തീസ്ഖഢിലുമാണ്

Eng­lish Summary:
Cen­ter’s neglect of Ker­ala in employ­ment guar­an­tee scheme again; Haryana, which is ruled by the BJP, is giv­en priority

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.