14 November 2024, Thursday
KSFE Galaxy Chits Banner 2

ബ്രൂക്ക് ഒഴിച്ചിടുന്ന ശൂന്യ സ്ഥലികൾ

പി സുനിൽകുമാർ
September 25, 2022 7:40 am

റ്റെന്തിനെക്കാളുമുപരി ആശയങ്ങളെ അതീവ താല്പര്യത്തോടെ സ്വാംശീകരിക്കുവാനായിരുന്നു പീറ്റർ ബ്രൂക്ക് എന്ന നാടകകാരന് താൽപ്പര്യം. നൂതനാശയങ്ങളുടെ സൃഷ്ടാവായ നാടകാചാര്യൻ. അവിശ്രമം, അനിർവചനീയം, അക്ഷീണം ആ കലാസപര്യ എണ്‍പത് വർഷം തുടർന്നു. ആ കാലയളവിൽ നൂറിലധികം വിശിഷ്ട നാടകങ്ങൾ പിറവിയെടുത്തു, ആ പ്രതിഭയിൽ നിന്ന്. നാടകലോകത്തെ പരമ്പരാഗത മാമൂലുകൾ തകർത്തു കൊണ്ടാണ് ബ്രൂക്കിന്റെ നാടക അരങ്ങ് ഓരോ നിമിഷവും മുന്നേറിയത്. നിരവധി ഓപ്പറകൾ, നാടകങ്ങൾ, സിനിമകൾ, ടി വി പ്രോഗ്രാമുകൾ എന്നിവയും പിന്നാലെ ഈ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞ മേഖലകളാണ്. കഴിഞ്ഞ മാസം അദ്ദേഹം തന്റെ രംഗവേദി ഒഴിച്ചിട്ട് യാത്രയായി.
നാടക രംഗത്തെ കുലപതിയായി മാറിയ ബ്രൂക്ക് ജനിച്ചത് 1925 മാർച്ച് മൂന്നിനാണ്. ബ്രിട്ടീഷ് പൗരനായിരുന്നു. കുഞ്ഞിലേ നാടകത്തിൽ ജനിച്ച താൽപ്പര്യം, ഏഴാം വയസ്സിൽ ഒറ്റയ്ക്ക് വിവിധ വേഷങ്ങൾ കെട്ടി ഷേക്സ്പിയറിന്റെ ഹാംലറ്റ് നാടകം അവതരിപ്പിക്കുന്നതിൽ കലാശിച്ചു. നാല് മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു നാടകം. എല്ലാ വേഷങ്ങളും ആ കുട്ടി തന്നെ ചെയ്തു. മാത്രമല്ല ഹാംലറ്റിന്റെ പുതിയൊരു വ്യാഖ്യാനമായിരുന്നു ബ്രൂക്ക് അവതരിപ്പിച്ചത്. അന്നേ ജനിച്ചിരുന്നു വ്യത്യസ്തതകൾ തേടിയുള്ള അന്വേഷണം.
ക്രമാനുഗതമായി അക്കാദമിക്ക് പഠനത്തിലെ താൽപ്പര്യം ബ്രൂക്കിന് നഷ്ടപ്പെടുകയും അതി വേഗത്തിൽ അത് നാടക പഠനത്തിലേക്ക് വഴിമാറുകയുമായിരുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ ബ്രൂക്കും സംഘവും ‘ലൗസ് ലേബർ ലോസ്റ്റ്’ എന്ന നാടകം അവതരിപ്പിച്ചപ്പോൾ നാടകം കണ്ട ശേഷം ഫെസ്റ്റിവൽ നടത്തിപ്പു ചുമതലക്കാരനായ ബരീ ജാക്സൺ പറഞ്ഞത് “ഞാനനുഭവിച്ച നൂതനമായ ഭൂമികുലുക്കം” എന്നാണ്.
പരമ്പരാഗത നാടക ശൈലികളോട് ബ്രൂക്ക് എപ്പോഴും കലഹിച്ചു. വ്യത്യസ്തകൾക്കായി വാദിച്ചു. അവിടെ നൂതനാശയങ്ങൾ കൂട്ടിച്ചേർക്കാൻ നിരന്തരം താല്പര്യപ്പെട്ടു. സർക്കസിലെയും അക്രോബാറ്റിക്ക് ഇനങ്ങളിലെയും ഘടകങ്ങൾ പോലും സമൃദ്ധമായി തന്റെ നാടകങ്ങളിൽ ചേർക്കപ്പെട്ടു. സംഗീതവും പ്രകാശവും സമഞ്ജസമായി നാടകത്തില്‍ സമ്മേളിച്ചു. ബ്രൂക്കിന്റെ ഖ്യാതി വളർന്നു.
ബ്രിട്ടീഷ് നാടകവേദിയോടുള്ള താൽപ്പര്യം നഷ്ടപ്പെട്ട ബ്രൂക്ക് 45 വയസ്സായപ്പോൾ പാരീസിലേക്ക് പോയി. അവിടെ നാടക പഠനത്തിനും ഗവേഷണത്തിനുമായി ഒരു കേന്ദ്രം സ്ഥാപിച്ചു. സ്വാതന്ത്രാശയക്കാരൻ, അച്ചടക്കമില്ലാത്തവൻ, കല്പനികൻ, ഇതിഹാസ സമാന നാടകങ്ങളുടെ സൃഷ്ടാവ് അങ്ങനെ വിശേഷണങ്ങൾ നീളുന്നു ബ്രൂക്കിന്. കെന്നെത്ത് ട്വിൻ പറഞ്ഞത്; “രക്തവും, പാലും സുഗന്ധ വസ്തുക്കളും ചേർത്താണ് അദ്ദേഹം നാടകമൊരുക്കുന്നത്” എന്നാണ്.
ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന നാടകഭൂമികയായിരുന്നു ബ്രൂക്കിന്റെ നാടക അരങ്ങുകൾ. കല കലയ്ക്ക് വേണ്ടി മാത്രമെന്ന് വിശ്വസിച്ചില്ല അദ്ദേഹം. പിന്നാലെ വന്ന നാടകങ്ങൾ പലതും മനസിന്റെ താളം നഷ്ടപ്പെട്ട മനുഷ്യർക്കും മയക്കുമരുന്നുപയോഗം വഴി ജീവിതം നഷ്ടപ്പെട്ടവരുടെ പുനരാധിവാസത്തിനും വേണ്ടിയായിരുന്നു. തന്റെ നാടകാനുഭവങ്ങളുടെ ആകെത്തുകയായി സമർപ്പിക്കപ്പെട്ട ‘ശൂന്യസ്ഥലികൾ’ എന്ന പുസ്തകം 1968 ൽ പുറത്ത് വന്നു. “ഏതൊരു ഒഴിഞ്ഞ ഇടത്തെയും ഞാൻ നാടകവേദിയായി കാണുന്നു. ആ ശൂന്യസ്ഥലിയിലൂടെ ഒരാൾ നടക്കുന്നത് മറ്റൊരാൾ കാണുമ്പോൾ അത് നാടകമാകുന്നു” എന്ന് ബ്രൂക്ക് പറഞ്ഞു.
നിശബ്ദതയെ മനോഹരമായി കൈകാര്യം ചെയ്തു ബ്രൂക്ക് നാടകങ്ങളിൽ.
കഥയുടെ പശ്ചാത്തലത്തിന് പുറത്തേക്ക് നാടകത്തെ കൊണ്ടുപോകണമെന്ന ആശയക്കാരനായിരുന്നു ബ്രൂക്ക്. 1985 ൽ ഷാങ് ക്ലോഡ് കരിയർ ഫ്രഞ്ച് ഭാഷയിൽ എഴുതിയ ‘ല് മഹാഭാരത്’ അദ്ദേഹം നാടകമായി അവതരിപ്പിച്ചു. പിന്നെ ഇംഗ്ളീഷിലും. ഫ്രാൻസിൽ അവിഞ്ഞോണ് എന്ന നഗരത്തിന് സമീപം ഒരു കരിങ്കൽ ക്വാറിയിൽ ആയിരുന്നു നാടകത്തിന്റെ ആദ്യ അവതരണം. പതിനൊന്ന് ഇടവേളകളോടെ നാടകം അവതരിപ്പിക്കപ്പെട്ടു, ഒൻപത് മണിക്കൂർ നേരം കാണികൾ ആകാംഷയോടെ നാടകം കണ്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ നടന്മാരായി. ഭാരതത്തിൽ നിന്ന് മല്ലികാ സാരാഭായ് ദ്രൗപദിയുടെ വേഷം ചെയ്തു. പിന്നെ തുടർച്ചയായി നാല് വർഷം ലോകത്തെ വിവിധ വേദികളിൽ ആ നാടകം അവതരിപ്പിക്കപ്പെട്ടു, ഇന്ത്യ ഒഴികെ. വേറിട്ട കാഴ്ചപ്പാടിൽ തയ്യാറാക്കപ്പെട്ട ആ നാടകം അവതരിപ്പിച്ചാൽ അന്ന് ഇന്ത്യയിൽ ദൂരദർശൻ സംപ്രേഷണം ചെയ്യുന്ന മഹാഭാരതം സീരിയലിനെ അത് ബാധിക്കുമെന്ന് ആരൊക്കെയോ ഭയന്നു. അതിനാൽ ബ്രൂക്കിന് മഹാഭാരതത്തിന്റെ നാട്ടിൽ തന്റെ നാടകം അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
ലോകത്തെ തന്നെ നാടകമായി കണ്ട കലാകാരന്റെ മുഴുവൻ നാടക സാമഗ്രികളും അദ്ദേഹത്തോടുള്ള ആദര സൂചകമായി 2014 മുതൽ ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം ഏറ്റെടുത്തു പ്രദർശിപ്പിക്കുന്നു. ബ്രിട്ടീഷ് സംസ്കാരത്തിന് നൽകിയ സംഭാവനകൾക്ക് ജന്മനാട് നൽകിയ ആദരവ്. നൂറിലധികം നാടകങ്ങളുമായി അരങ്ങ് വാണ ബ്രൂക്കിന്റെ സിനിമകളും വിഖ്യാതമായവയാണ്. ‘ലോഡ് ഓഫ് ദി ഫ്ളൈസ്’ അതിലൊന്നാണ്.
“ഇരുളും പ്രകാശം പരത്തുന്നുണ്ട്” എന്ന് പറഞ്ഞ ബ്രൂക്ക്, “അത് നിരാശയ്ക്ക്
ശക്തമായ മറുമരുന്നാണെന്നും” കൂട്ടിച്ചേർത്തു. 92 ആം വയസ്സിൽ ‘ദ് പ്രിസണർ’ നാടകത്തെ പാരീസിലും എഡിൻബെർഗ് ഫെസ്റ്റിവലിലും ലണ്ടൻ നാഷണൽ തിയറ്ററിലൂം ബ്രൂക്ക് അവതരിപ്പിച്ചു. നാടകത്തെ നിരവധി പരീക്ഷണങ്ങൾക്ക് വിധേയനാക്കിയ ശാസ്ത്രജ്ഞനായിരുന്നു ബ്രൂക്ക്. പീറ്റർ സ്റ്റീഫൻ പോൾ ബ്രൂക്ക് ഒഴിച്ചിട്ട് പോയിരിക്കുന്നത് ഒരു വലിയ ശൂന്യസ്ഥലിയാണ്. അത് ഒഴിഞ്ഞു തന്നെ കിടക്കും. 

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.