ചില സത്യങ്ങളങ്ങനെയാണ്. എത്ര മൂടിവെക്കാൻ ശ്രമിച്ചാലും വളച്ചൊടിക്കാൻ ശ്രമിച്ചാലും അത് കാലാകാലങ്ങളിൽ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കും. കലാപമുയർത്തിയാലും വെട്ടിമാറ്റപ്പെട്ടാലും കലാസൃഷ്ടിയിലെ മുറിഞ്ഞുപോയ സത്യങ്ങൾ 24 വെട്ടുകളെയും ഭേദിച്ച് ആസ്വാദകരിലേക്കെത്തും. പലരും മറന്നുപോയ, പലരും ബോധപൂർവം ഓർമിക്കാനിഷ്ടപ്പെടാത്ത ചില സത്യങ്ങൾ ധൈര്യപൂർവം വിളിച്ചു പറയുന്നു എന്നതാണ് എമ്പുരാൻ എന്ന സിനിമയുടെ ചരിത്രപ്രാധാന്യം. കച്ചവട സിനിമയുടെ ചങ്ങലക്കുരുക്കുകളിൽ നിന്നുകൊണ്ട് ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരാണ് ഇന്ന് രാജ്യം നിയന്ത്രിക്കുന്നതെന്ന് പറയാൻ എമ്പുരാൻ ധൈര്യപ്പെടുന്നു. ഒരു കലാസൃഷ്ടിയെന്ന നിലയിൽ ചിത്രത്തിനുള്ള എല്ലാ പോരായ്മകളെയും ഈ ധീരത മായ്ചു കളയുന്നുണ്ട്.
‘രാജാവിന് നേരെ വാളോങ്ങിയാൽ അയാളെ നീ കൊന്നിരിക്കണം’ — ഈ വാചകത്തിൽ നിന്നായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തുടക്കം. സ്റ്റീഫൻ നെടുമ്പള്ളി എന്ന ലോക്കൽ ഹീറോ യഥാർത്ഥത്തിൽ അബ്രാം ഖുറൈശി എന്ന ആഗോള നായകനോ വില്ലനോ ആണെന്ന സൂചന നൽകിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ അവസാനം. മികച്ചൊരു കാഴ്ചാനുഭവം ആയി മാറിയ ലൂസിഫറിന്റെ കരുത്ത് തന്നെയായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലുള്ള പ്രതീക്ഷ വർധിപ്പിച്ചത്. വിദേശ സിനിമകളെ അനുസ്മരിപ്പിക്കുന്ന അവതരണ മികവുകൊണ്ട് പൃഥ്വിരാജ് പലപ്പോഴും വിസ്മയിപ്പിക്കുമ്പോഴും ലൂസിഫറിലുണ്ടായിരുന്ന തിരക്കഥയുടെ കെട്ടുറപ്പ് എമ്പുരാനിൽ നഷ്ടപ്പെടുന്നുവെന്നാണ് പ്രധാന പോരായ്മ. പാൻ ഇന്ത്യൻ സ്വപ്നങ്ങളിൽ കാഴ്ചകൾ വരച്ചു ചേർക്കുമ്പോൾ മുരളി ഗോപിയുടെ എഴുത്ത് ദുർബലമാകുന്നു. ലൂസിഫറിൽ കൃത്യമായൊരു കഥയും കൃത്യമായി എഴുതപ്പെട്ട കഥാപാത്രങ്ങളുമുണ്ടായിരുന്നെങ്കിൽ കൃത്യതയില്ലാതെ ചിതറിപ്പോവുകയാണ് എമ്പുരാനിലെ കാഴ്ചകൾ. കഥാപാത്ര രൂപീകരണത്തിലും ദുർബലത പ്രകടമാകുന്നു. കഥയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെടുമ്പോൾ കഥാപാത്രങ്ങളുമായുള്ള ഇമോഷണൽ കണക്ടും പ്രേക്ഷകർക്ക് നഷ്ടമാകുന്നുണ്ട്. സ്റ്റീഫനെയാണോ അബ്രാം ഖുറൈശിയെയാണോ അതോ സയിദ് മസൂദിനെയാണോ കേന്ദ്രീകരിക്കേണ്ടത് എന്ന് വ്യക്തതയില്ലാതെയുള്ള യാത്രയിൽ പലപ്പോഴും ഫോക്കസ് നഷ്ടമാകുന്നു. ഒരുപാട് വില്ലൻമാർ കടന്നുവരുന്നുണ്ടെങ്കിലും ബോബിയെപ്പോലെ കൃത്യമായി എഴുതപ്പെട്ട ഒരു വില്ലന്റെ അഭാവവും ചിത്രത്തിൽ പ്രകടമാണ്. പതിഞ്ഞ താളത്തിൽ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പതിയെ ട്രാക്കിലേക്കെത്തുന്നു. രണ്ടാം പകുതിയിൽ വേഗത കൈവരിക്കുന്ന ചിത്രത്തിന് പക്ഷെ ക്ലൈമാക്സിൽ അത് നിലനിർത്താനും സാധിക്കുന്നില്ല. ലൂസിഫറിലേതുപോലെ തിളങ്ങാനുള്ള അവസരം മോഹൻലാലിനും എമ്പുരാനിൽ അധികമില്ല.
ഗുജറാത്ത് കലാപ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമകൾ രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ട്. പർസാനിയ, ഫിറാഖ് തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചിത്രമായ കഥാവശേഷനും വിലാപങ്ങൾക്കപ്പുറവും തമിഴ് ചിത്രമായ ജിപ്സിയുമെല്ലാം കലാപത്തിന്റെ ആഴങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നിട്ടിരുന്നു. ഇതേ സമയം ഒരുപാട് വെല്ലുവിളികൾ മുന്നിലുള്ള ഒരു ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രം ഇതേ വിഷയം ഉൾക്കൊള്ളിച്ചുവെന്നത് തന്നെയാണ് എമ്പുരാനെ വ്യത്യസ്തമാക്കുന്നത്. സംഘപരിവാർ ചെയ്തികളെ മാധ്യമങ്ങൾ പോലും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകുന്ന കാലത്താണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ ഗുജറാത്ത് വംശഹത്യയെ അതിശക്തമായ കാഴ്ചകളാൽ എമ്പുരാൻ പ്രേക്ഷക മനസുകളിൽ നിറയ്ക്കുന്നത്. പതിനഞ്ച് മിനിട്ടോളം സമയമെടുത്താനാണ് ഈ ചരിത്ര യാഥാർത്ഥ്യത്തെ സിനിമ രേഖപ്പെടുത്തുന്നത്. എന്തായിരുന്നു അന്നത്തെ സംഭവങ്ങൾ എന്നറിയുക പോലുമില്ലാത്ത പുതു തലമുറയുടെ മനസിലേക്ക് ഉൾപ്പെടെ സത്യത്തിന്റെ അഗ്നിയും ഭീതിയും എത്തിക്കാൻ സിനിമയ്ക്ക് കഴിയുന്നു. ചോരയുടെ മുകളിൽ പണിതുയർത്തിയ സിംഹാസനങ്ങളെ സിനിമ തുറന്നു കാട്ടുന്നു. ടെലിവിഷൻ ചാനലിൽ കാണുന്ന പുഞ്ചിരി പൊഴിക്കുന്ന, സുന്ദരമായ മുഖങ്ങൾക്കപ്പുറം ചില കറുത്ത യാഥാർത്ഥ്യങ്ങൾ ഉണ്ടെന്ന് സിനിമ അവരോട് പറയുന്നു. വംശഹത്യയുടെ സൂത്രധാരിൽ ഒരാളുടെ പേര് പോലും കൃത്യമായി പരാമർശിച്ച് പരിചയപ്പെടുത്തുന്നുണ്ട് സിനിമ. വംശഹത്യയുടെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നില്ലെങ്കിലും ‘മസൂദ്, നീ നിന്റെ കുട്ടികളോടെങ്കിലും പറയണം, അവരിന്നു കണ്ടത് രാഷ്ട്രീയത്തിലെ ഒരു കളിയാണ്, രാജ്നീതി കാ ഖേൽ’ എന്ന ഡയലോഗിലൂടെ രാഷ്ട്രീയത്തിലെ ചില കളികളെക്കുറിച്ചും സിനിമ സംസാരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിലെ തുടർന്നുകൊണ്ടിരിക്കുന്ന സംഘപരിവാറിന്റെ കളികൾ തന്നെയാണ് കുറഞ്ഞ രംഗങ്ങളിലൂടെ എമ്പുരാൻ തീവ്രമായി അടയാളപ്പെടുത്തുന്നത്.
കലാപത്തിനിരയായവരെ അങ്ങ് പാക്കിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിൽ എത്തിച്ച് കാര്യങ്ങളെ ബാലൻസ് ചെയ്യാൻ സിനിമ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിലൊന്നും സന്ധി ചെയ്യാൻ സംഘപരിവാർ തയ്യാറല്ല എന്നതാണ് നായക നടന്റെ മാപ്പഭ്യർത്ഥനയിലേക്കും വെട്ടിമാറ്റപ്പെടലുകളിലേക്കും സിനിമയെ എത്തിച്ചത്. തെരുവിലിറങ്ങി പ്രതിഷേധം നടത്താതെ, ഒരു തുള്ളി ചോര ചീന്താതെയാണ് ഫാസിസം എമ്പുരാനെ വെട്ടിമുറിച്ചത്. നിർമ്മാതാക്കൾ തന്നെ തങ്ങൾ സിനിമയെ വെട്ടിമാറ്റാൻ തയ്യാറാണ് എന്നു പറയുന്നിടത്ത് പുതിയ കാലത്ത് ഫാസിസം എങ്ങിനെ പ്രവർത്തിക്കുന്നുവെന്നും എമ്പുരാൻ തിയേറ്റർ കാഴ്ചക്കപ്പുറത്ത് നമ്മളെ കാണിച്ചു തന്നു. എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന കാഴ്ച എമ്പുരാനിലുണ്ട്. രാഷ്ട്രീയത്തിലെ ഇത്തരം നീക്കങ്ങൾ തന്നെയാണ് വളരെ വേഗം എമ്പുരാനെ വെട്ടിമുറിച്ചത്.
നരോദ്യ പാട്യ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ബാബു ബജ്രംഗി എന്നറിയപ്പെട്ട ബാബു ഭായ് പട്ടേലിനെ ഓർമപ്പെടുത്തുന്നതാണ് എമ്പുരാനിലെ വില്ലൻ കഥാപാത്രമായ ബൽരാജ് പട്ടേലെന്ന ബാബു ബജ്രംഗി. കോൺഗ്രസിനെ തളർത്തി സംഘപരിവാർ രാഷ്ട്രീയം വളർത്താൻ ഇദ്ദേഹം കേരളത്തിലേക്കെത്തുകയാണ്. കേവലം ഒരു പേരിനപ്പുറം ബാബുവിലൂടെ നരോദ്യപാട്യയും ഗുൽബർ സൊസൈറ്റി സംഭവം ഉൾപ്പെടെ ഇന്ത്യൻ ജനതയ്ക്ക് മുന്നിലേക്ക് വീണ്ടും തുറന്നിടുകയായിരുന്നു തിരക്കഥാകൃത്തായ മുരളി ഗോപി. ലൂസിഫർ എന്ന സിനിമയിൽ ഒരു ഡയലോഗുണ്ട്, ‘ഇതാണ് ലോകത്തിലെ ഏറ്റവും വലിയ കോമഡി ഷോ. പേര് ഇന്ത്യൻ രാഷ്ട്രീയം.’ സംഘപരിവാറിനെതിരെ മാത്രമല്ല മൊത്തത്തിലുള്ള പരിഹാസമായിരുന്നു ഇതിലൂടെ മുരളി ഗോപി നടത്തിയത്. എന്നാൽ എമ്പുരാനിലെത്തുമ്പോൾ തിരക്കഥാകൃത്തിന്റെ നിലപാടുകൾക്ക് മാറ്റമുണ്ടാവുന്നുണ്ട്. കേരളത്തെ പിടിമുറുക്കാനെത്തുന്ന സംഘപരിവാർ വർഗീയ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ മതേതരത്വം പുലരണമെന്ന് സിനിമ പറയുന്നു. ഫാസിസത്തെ നേരിടാൻ ഇടതുപക്ഷത്തിന് സാധിക്കില്ലെന്നും അതിന് കോൺഗ്രസ് തന്നെ വേണമെന്നും പറയുന്ന രാഷ്ട്രീയ ഉള്ളടക്കത്തോട് വിയോജിക്കുമ്പോഴും എമ്പുരാന്റെ പ്രാധാന്യം കുറച്ചു കാണുന്നില്ല. എത്രയെത്ര വെട്ടിമാറ്റപ്പെട്ടാലും എമ്പുരാൻ പ്രസക്തമല്ലാതാവുന്നുമില്ല. ബൽരാജ് ബജ്രംഗി, ബൽദേവ് ആയി മുന്നിലെത്തുമ്പോഴും പ്രേക്ഷകർക്ക് അയാൾ എന്നും ബജ്രംഗി തന്നെയായിരിക്കും. എത്ര മുറിച്ചാലും ആ വംശഹത്യ ഗുജറാത്തിലേത് തന്നെയായിരിക്കും. സിനിമ ഉയർത്തിയതും രാജ്യം ചർച്ച ചെയ്യേണ്ടതുമായ വിഷയം എത്രയൊക്കെ വെട്ടിമാറ്റപ്പെട്ടാലും സംഘപരിവാറിനെ അസ്വസ്ഥമാക്കി ഇനിയും ഇവിടെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.