
വേനൽക്കാലത്ത് ദാഹം അകറ്റാൻ മാത്രമല്ല മറ്റ് അവസരങ്ങളിലും കക്കിരി ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും കൃത്യതാ കൃഷിയിലും പോളി ഹൗസിലും കൃഷി ചെയ്യാൻ പറ്റിയ പച്ചക്കറി വിളയാണ് കക്കിരി. കക്കിരി പ്രധാനമായും മൂന്ന് ടൈപ്പ് ഉണ്ടെങ്കിലും ഇംഗ്ലീഷ് കുക്കുമ്പർ എന്നറിയപ്പെടുന്ന കടും പച്ച നിറമുള്ള ടൈപ്പാണ് നമ്മുടെ എല്ലാം ഇഷ്ട താരം.
കാലറി വളരെ കുറഞ്ഞ ഭക്ഷണമായതുകൊണ്ട് തന്നെ പ്രായഭേദമന്യേ ആർക്കും കക്കിരി കഴിക്കാവുന്നതാണ്. ജലാംശവും നാരകളും ധാരാളം അടങ്ങിയിട്ടുള്ള കക്കിരി വൈറ്റമിനുകളുടെയും ധാതുലവണങ്ങളുടെയും കലവറ കൂടിയാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ചർമ്മകാന്തിക്കും ഇത് ഉത്തമമാണ്. മലബന്ധം തടയുന്നതിനും ദഹനം സുഖപ്രദമാക്കുന്നതിനും കക്കിരിക്ക് കഴിവുണ്ട്. ഹൃദയാരോഗ്യത്തിനും കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ഇത് സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും കക്കിരി ശീലമാക്കുന്നത് ശരീരത്തിന് ഉന്മേഷം പകരുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും കക്കിരി സഹായകരമാണ്.
കൃഷി രീതി
സെപ്റ്റംബർ- ഒക്ടോബർ മുതൽ മാർച്ച് വരെ കക്കിരി കൃഷിക്ക് അനുയോജ്യ സമയമാണ്. വേനൽക്കാലം വെള്ളരിവർഗ വിളകൾക്ക് ഇഷ്ടപ്പെട്ടതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. പകൽ താപനില 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് കക്കിരിക്ക് ഏറ്റവും അനുയോജ്യം. 35 ഡിഗ്രിക്ക് മുകളിൽ താപനില പോകുന്നത് പൂവിടീലിനെ സാരമായി ബാധിക്കാറുണ്ട്.
വിത്ത് നേരിട്ട് പാകിയോ പ്രോട്രേകളിൽ വിത്തിട്ട് മുളപ്പിച്ച് തൈകൾ പറിച്ചുനട്ടോ കക്കിരി കൃഷി ചെയ്യാം. തൈകളിൽ ഉണ്ടാകുന്ന കേടുകൾ തടയാനായി പ്രോട്രേകളിൽ വിത്തിട്ട് മുളപ്പിച്ച് തൈകൾ ഇളക്കി നടുന്നതാണ് നല്ലത്. വലിയ കുഴികൾ ഉള്ള പ്രോട്രേകളാണ് വളർച്ച മാധ്യമം നിറച്ച് വിത്തുപാകാനായി ഉപയോഗിക്കേണ്ടത്. വിത്തുകൾ നടുന്നതിന് മുമ്പായി സ്യൂഡോമോണാസ് പൊടിയിൽ ചേർത്തിളക്കണം. നട്ട് മൂന്ന്-നാല് ദിവസത്തിനുള്ളിൽ തന്നെ മുളകൾ വരും. നല്ല വളർച്ചയ്ക്കായി 19: 19: 19 വളം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ആഴ്ചയിലൊരിക്കൽ തൈകൾക്ക് തളിച്ചു കൊടുക്കണം. രണ്ടാഴ്ചക്കുള്ളിൽ പ്രോട്രേകളിലെ തൈകൾ പറിച്ചു നടാനാകും.
കൃത്യതാ കൃഷിയിൽ വരമ്പുകൾ എടുത്ത് പ്ലാസ്റ്റിക് മൾച്ചിങ് നടത്തി അതിൽ സുഷിരങ്ങൾ ഇട്ട് തൈകൾ നടാം. തൈകൾ നടുന്നതിന് മുമ്പ് ഓരോ കുഴികളിലും അഞ്ച് ഗ്രാം മൈക്കോറൈസ ഇടുന്നത് വേരിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധത്തിനും നല്ലതാണ്. ഫെർട്ടിഗേഷൻ സംവിധാനം ഉൾപ്പെടുത്തുവാൻ കൃത്യതാ കൃഷിയിൽ കഴിയുമെന്നുള്ളതുകൊണ്ട് തന്നെ നല്ല വിളവും ലഭിക്കും.
തുറസായ സ്ഥലങ്ങളിൽ കൃഷി ചെയ്യുകയാണെങ്കിൽ ചാലുകൾ എടുത്തോ തടങ്ങൾ എടുത്തോ തൈകൾ നടാവുന്നതാണ്. വളർന്നു കയറാൻ പന്തലിട്ടു കൊടുക്കുകയും വേണം. ഇനി മട്ടുപ്പാവിൽ ആണെങ്കിലോ നാല് ചാക്കുകളിൽ മണ്ണ് നിറച്ച് പന്തിലിട്ടാൽ മതി. സെന്റ് ഒന്നിന് 60 കിലോഗ്രാം ജൈവവളം നിലമൊരുക്കുമ്പോൾ തന്നെ ചേർക്കണം. രണ്ട് കിലോഗ്രാം നിരക്കിൽ കുമ്മായവും തൈകൾ നടുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ചേർത്തിരിക്കണം. രാസവളം ഉപയോഗിച്ചുള്ള കൃഷി രീതിയിൽ നിലം ഒരുക്കുമ്പോൾ തന്നെ സെന്റ് ഒന്നിന് 300 ഗ്രാം യൂറിയ, 500 ഗ്രാം രാജ്ഫോസ്, 170 ഗ്രാം പൊട്ടാഷ് എന്നിവ മണ്ണിൽ ചേർത്തിളക്കണം. പിന്നീട് 300 ഗ്രാം യൂറിയ പൂക്കൾ വന്നശേഷം പലതവണകളിലായി മണ്ണിൽ ചേർത്തിളക്കി കൊടുക്കണം. ജൈവ രീതിയിൽ കൃഷി ചെയ്യുമ്പോൾ വിവിധതരം പിണ്ണാക്കുകൾ, ജൈവവളങ്ങൾ എന്നിവ അടങ്ങിയ ജൈവവളക്കൂട്ട് പലതവണകളായി രണ്ടാഴ്ച ഇടവിട്ട് നൽകണം. താങ്ങുകൾ നാട്ടി കുത്തനെ പടർത്തുകയാണെങ്കിൽ വിളവ് കൂടുതൽ ലഭിക്കും. തൈകൾ തമ്മിൽ 50 സെന്റീമീറ്റര്‍ അകലം പാലിച്ചു വേണം നടേണ്ടത്.
താങ്ങു കാലുകളിൽ നേരിട്ട് കയറ്റിവിട്ടോ നെറ്റ് വിരിച്ച് അതുവഴി കയറ്റിവിട്ടോ കക്കിരി പടർത്തി വിടാം. സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ ഏതെങ്കിലും മൈക്രോ ന്യൂട്രിയന്റ് മിക്സ് ഇലകളിൽ തളിക്കുന്നത് നല്ലതാണ്.
ഇംഗ്ലീഷ് കുക്കുമ്പർ ടൈപ്പുകളിൽ എല്ലാ മുട്ടുകളിലും പൂക്കൾ ഉണ്ടാകും. അത്തരത്തിലുള്ള ചെടികളിൽ രണ്ടോ മൂന്നോ ശാഖകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ നുള്ളി കളയുന്ന രീതിയും ഗ്രീൻ ഹൗസുകളിൽ അനുവർത്തിക്കാറുണ്ട്. രണ്ടടി ഉയരം വരെ ശാഖകളോ ഫലങ്ങളോ ഉണ്ടെങ്കിൽ നുള്ളി കളയുന്നതാണ് ഉചിതം. ഒന്നിൽ കൂടുതൽ ഫലങ്ങൾ ഒരു മുട്ടിൽ ഉണ്ടാകുന്ന അവസരത്തിൽ പ്രൂണിങ് നിർബന്ധമല്ല, മറിച്ച് വിപണന യോഗ്യമല്ലാത്ത ഫലങ്ങൾ മാത്രം തുടക്കത്തിൽ തന്നെ നുള്ളി കളയേണ്ടത് അനിവാര്യവുമാണ്.
തൈകൾ നട്ട് ഒരു മാസത്തിനകം പൂക്കൾ പിടിക്കുകയും പൂക്കൾ വന്ന് 10–12 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാവുകയും ചെയ്യും. രണ്ടു മാസക്കാലം വരെ വിളവെടുപ്പ് തുടരാനാകും. 150 ഗ്രാം മുതൽ 200 ഗ്രാമിന് ഇടയ്ക്ക് തൂക്കം വരുന്ന ഫലങ്ങളാണ് സാധാരണ വിപണത്തിനായി വിളവെടുക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഉടൻതന്നെ ഫലങ്ങൾ സൂര്യപ്രകാശത്തിൽ നിന്നും മാറ്റി പ്രത്യേകം കണ്ടെയ്‌നറുകളിൽ സൂക്ഷിക്കണം. അല്ലെങ്കിൽ ജലാംശം നഷ്ടമാവുകയും അത് ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. കൂടുതൽ ദിവസത്തേക്ക് സൂക്ഷിക്കുന്നതിനായി റെഫ്രിജറേറ്റഡ് കണ്ടീഷൻ ഉപയോഗിക്കേണ്ടതാണ്. തുറസായ അന്തരീക്ഷത്തിൽ നാലുമുതൽ ഏഴ് ദിവസം വരെ മാത്രമേ കേടുകൂടാതെ സൂക്ഷിക്കാൻ ആവുകയുള്ളൂ. ദീർഘദൂര വിപണത്തിനും മറ്റുമായി വിളവെടുപ്പ് കഴിഞ്ഞാൽ പ്രത്യേകതരം പാക്കിങ് അനുവർത്തിക്കേണ്ടതുണ്ട്. സൂക്ഷിപ്പ് കാലാവധി കൂട്ടുന്നതിനും ദീർഘദൂര വിപണത്തിനുമായി സംരംഭകർ ഷ്രിങ്ക് റാപ്പിങ് പോലുള്ള പാക്കേജിങ് നടത്താറുണ്ട്. പ്രാദേശിക വിപണത്തിന് സാധാരണ കണ്ടെയ്നറുകളിലോ കവറുകളിലോ ഉള്ള പാക്കിങ് മതിയാകും.
പ്രധാന ഇനങ്ങൾ
ഹീര- കെഎയു ഇനം, പച്ച കലർന്ന മഞ്ഞ നിറത്തോടുകൂടിയ കായ്കൾ. തുറസായ സ്ഥലത്തെ കൃഷിക്ക് അനുയോജ്യം.
ശുഭ്ര — കെഎയു ഇനം. വെളുത്ത നിറമുള്ള കായ്കൾ. തുറസായ സ്ഥലത്തെ കൃഷിക്ക് അനുയോജ്യം.
കെസിപിഎച്ച് ‑1, കെഎയു ഇനം, പോളി ഹൗസുകളിൽ യോജിച്ച ഇനം, ശരാശരി വിളവ് ഒരു സെന്റിൽ നിന്നും 500 കിലോഗ്രാം.
സ്വകാര്യ കമ്പനികളിൽ നിന്നുള്ള ഇനങ്ങൾ — മൾട്ടി സ്റ്റാർ, കിരൺ, സാനിയ.
പോളി ഹൗസ് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പോളി ഹൗസിൽ സലാഡ് കുക്കുമ്പർ എല്ലാ കാലത്തും കൃഷി ചെയ്യാവുന്നതാണ്.
നിയന്ത്രിത കാലാവസ്ഥ സംജാതമാക്കുവാൻ സംവിധാനമുള്ളതു കൊണ്ടുതന്നെ പോളി ഹൗസുകളിൽ കൃത്യമായ താപനില, ആർദ്രത എന്നിവ നിലനിർത്തി കുക്കുമ്പർ മികച്ച രീതിയിൽ ഉല്പാദിപ്പിക്കുവാൻ കഴിയും. നിയന്ത്രിത കാലാവസ്ഥയിൽ നല്ല വിളവ് ലഭിക്കുമെന്നതുകൊണ്ടുതന്നെ പോളി ഹൗസ് കർഷകരുടെ ഇഷ്ടവിള കൂടിയാണ് കക്കിരി.
പോളി ഹൗസുകളിൽ തൈകൾ നടുമ്പോൾ കൊക്കോ പീറ്റ് പോലുള്ള വളർച്ചാ മാധ്യമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
പോളി ഹൗസുകളിൽ കേരള കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത കെസിപിഎച്ച്- 1 എന്നയിനം വളരെ യോജിച്ചതാണ്. പരാഗണം ഇല്ലാതെ തന്നെ കായ പിടിക്കുന്ന ഇനമാണ് കെസിപിഎച്ച്- 1. എല്ലാ മുട്ടുകളിലും പെൺപൂക്കൾ മാത്രം വിരിയുന്ന ഇനം കൂടിയാണിത്.
കൃത്യതാ കൃഷിയിലും പോളി ഹൗസിലും ആഴ്ചയിൽ ചെടി ഒന്നിന് 80 ഗ്രാം നൈട്രജൻ, 25 ഗ്രാം ഫോസ്ഫറസ്, 150 ഗ്രാം പൊട്ടാഷ് ലഭിക്കത്തക്ക രീതിയിൽ ഫെർട്ടിഗേഷൻ സംവിധാനത്തിലൂടെ പല തവണകളിലായി ജലലേയ വളങ്ങൾ നൽകേണ്ടതാണ്. സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യതയും പോളി ഹൗസിൽ ഉറപ്പാക്കണം. ചെടികൾ പന്തലിൽ കയറി കഴിഞ്ഞാൽ ചുവട്ടിലെ രണ്ടടി ഉയരത്തിലുള്ള ഇലകൾ നുള്ളി കളയാവുന്നതാണ്. കായ്കൾ ഒരിക്കലും തറയിൽ സ്പർശിക്കാതെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
സസ്യ സംരക്ഷണ മാർഗങ്ങൾ
സലാഡ് കുക്കുമ്പറിനെ ബാധിക്കുന്ന പ്രധാന രോഗങ്ങളാണ് മൃദുരോമ പൂപ്പൽ രോഗം, ചൂർണ പൂപ്പൽ രോഗം, വൈറസ് രോഗങ്ങൾ എന്നിവ. പ്രതിരോധമെന്ന നിലയിൽ സ്യൂഡോമോണാസ് രണ്ട് ശതമാനം വീര്യത്തിൽ 10 ദിവസത്തിലൊരിക്കൽ തളിക്കണം. വൈറസ് രോഗം പരത്തുന്ന വെക്റ്ററുകളെ നിയന്ത്രിക്കുന്നതിനായി വേപ്പധിഷ്ഠിത കീടനാശിനികൾ രണ്ടാഴ്ചയിൽ ഒരിക്കൽ തളിക്കുന്നതും നല്ലതാണ്.
വെള്ളീച്ചകൾ, ഇലപ്പൻ എന്നിവയുടെ ആക്രമണം നിയന്ത്രിക്കുന്നതിനായി പ്രതിരോധമെന്ന നിലയിൽ ലെക്കാനിസീലിയം ലെക്കാനി എന്ന ജൈവകീടനാശിനി രണ്ടു ശതമാനം വീര്യത്തിൽ രണ്ടാഴ്ചയിലൊരിക്കൽ തളിച്ചു കൊടുക്കാവുന്നതാണ്. തോട്ടങ്ങളിൽ മഞ്ഞക്കെണികൾ സ്ഥാപിച്ചും നീരുറ്റി കുടിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാവുന്നതാണ്. അത്യാവശ്യഘട്ടങ്ങളിൽ മാത്രം ശുപാർശ പ്രകാരമുള്ള രാസകീടനാശിനികൾ ഉപയോഗിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.