5 December 2025, Friday

Related news

December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025

തിരുവനന്തപുരത്തെ എന്റെ കേരളം പ്രദർശന വിപണനമേളയ്ക്ക് കനകക്കുന്നില്‍ ഗംഭീര തുടക്കം

Janayugom Webdesk
തിരുവനന്തപുരം
May 18, 2025 7:22 pm

എല്‍ഡിഎഫ് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലെ ജനങ്ങള്‍ക്കുള്ള സമ്മാനം കൂടിയാണ് എന്റെ കേരളം പ്രദർശന വിപണന മേളയെന്ന് മന്ത്രി വി ശിവൻകുട്ടി. എന്റെ കേരളം പ്രദർശന വിപണന മേള കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒമ്പത് വർഷമായി സർക്കാർ സമഗ്ര വികസന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പരിവർത്തനം ചെയ്യുക മാത്രമല്ല ഓരോ കേരളീയന്റെയും ജീവിത നിലവാരം ഉയർത്തുകയും ചെയ്ത ഒരു യാത്രയാണ് ഇത്. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ ഈ മേള സമഗ്രവും ദീർഘവീക്ഷണമുള്ളതുമായ ഭരണത്തിന്റെ തെളിവായി നിലകൊള്ളുന്നു. എന്റെ കേരളം പ്രദർശന വിപണന മേള സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും പ്രദർശനം മാത്രമല്ല, അത് പുരോഗതിയുടെയും ജനങ്ങളുടെയും സാധ്യതകളുടെയും ഒരു ആഘോഷമാണ്. എന്റെ കേരളം നമ്മുടെ നേട്ടങ്ങളെ അനുസ്മരിക്കുക മാത്രമല്ല വരും വർഷങ്ങളിൽ നവകേരളത്തിനായുള്ള ദർശനത്തെ ജ്വലിപ്പിക്കുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തിന്റെ പരിണാമത്തിന്റെ കണ്ണാടിയാണ് ഈ മേളയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. സംസ്ഥാനം നിരവധി അസാധ്യ പദ്ധതികൾ ഒമ്പത് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അതിദരിദ്രരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കാൻ നവംബർ ഒന്നോടു കൂടി കഴിയും. നാട് ഒട്ടനവധി മാതൃകാപരമായ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പിന്റെ ഒമ്പത് വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം മന്ത്രി വി ശിവൻകുട്ടിയും ജി ആർ അനിലും ചേർന്ന് ചടങ്ങിൽ പ്രകാശനം ചെയ്തു. എ എ റഹീം എംപി, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദൻ, ജില്ലാ കളക്ടർ അനു കുമാരി, എഡിഎം ബീന പി ആനന്ദ്, സബ്കളക്ടർ ആൽഫ്രഡ് ഒ വി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മേളയിൽ വന്നാൽ സെൻട്രൽ ജയിലും ഇരട്ട കഴുമരവും കാണാം

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ കാഴ്ചക്കാരിൽ കൗതുകമുണർത്തി ജയിൽ വകുപ്പ് ഒരുക്കിയ പ്രദർശന സ്റ്റാൾ. സിനിമയിൽ മാത്രം കണ്ടു ശീലിച്ച ജയിലുകൾ കാണാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സെൻട്രൽ ജയിലിന്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഇരട്ട കഴുമരവും പ്രദർശന മേളയിലെ പ്രധാന ആകർഷണമാണ്. കൗതുകം മാത്രമല്ല ഒരല്പം ‘ഭീകരത’ കൂടിയുണ്ട്. യഥാർത്ഥ വധശിക്ഷയുടെ നേർകാഴ്ചയാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. ഉപയോഗിക്കുന്നത് ‘ഒറിജിനൽ’ തൂക്കുകയറും, ‘ഡമ്മി’ പ്രതിമയും. ഒരേ സമയം രണ്ട് പേരെ തൂക്കിലേറ്റാൻ കഴിയുന്ന ഇരട്ട കഴുമരമാണ് മേളയിലെ ശ്രദ്ധാ കേന്ദ്രം. ജയിലിൽ മൂന്ന് സെല്ലുകളാണുള്ളത്, സാധാരണ സെൽ, പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഇരുട്ട് മുറി, എകെജി സ്മാരകമുറി എന്നിവയെല്ലാം ജനങ്ങൾക്ക് കണ്ടറിയാം. പൊതുജനങ്ങൾക്ക് മനസിലാക്കാനായി പ്രിസം റൂൾ, ആക്ട് എന്നിവയും പ്രദർശനമേളയിൽ ഒരുക്കിയിട്ടുണ്ട്. ഒമ്പതര ഏക്കറോളം വരുന്ന പൂജപ്പുര സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപവും ‘മതിലുകൾ’ സിനിമയെ ആസ്പദമാക്കിയുള്ള ദൃശ്യാവിഷ്കാരവും പ്രദർശനമേളയെ വേറിട്ടതാക്കുന്നു. വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ജയിൽ അന്തേവാസികളാണ് മാതൃകാ ജയിൽ തയ്യാറാക്കിയത്. ജയിൽ കാണാൻ എത്തുന്നവരെ സ്വീകരിക്കുന്നത് പൂജപ്പുര സെൻട്രൽ ജയിലിന്റെ മാതൃകയിലുള്ള പ്രവേശന കവാടമാണ്. വിവിധ ആയുധങ്ങൾ, തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച കേന്ദ്രം, സെല്ലുകൾ, ബാരക്കുകൾ എന്നിവയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

കാട് കാണാനും അറിയാനും കാഴ്ചയൊരുക്കി വനംവകുപ്പ്

വന്യജീവി സംരക്ഷണം, വനസംരക്ഷണം, സര്‍പ്പ കിയോസ്‌ക്, വനശ്രീ സ്റ്റോള്‍, സെല്‍ഫി പോയിന്റ് തുടങ്ങി വ്യത്യസ്തതയുടെ പുതിയൊരു ലോകം തീര്‍ക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനം വകുപ്പിന്റെ സ്റ്റാള്‍. കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യഭംഗിയുടെ ചെറുപതിപ്പ് കനകക്കുന്നില്‍ സന്ദര്‍ശകര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വനം-വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്ന ഈ വിസ്മയം. ഒരു വനസഞ്ചാരം നടത്തുന്ന അനുഭവം സന്ദര്‍ശകര്‍ക്ക് പ്രദാനം ചെയ്യുന്ന തരത്തിലാണ് വനംവകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. വനങ്ങളുടെ പാരിസ്ഥിതിക മൂല്യങ്ങള്‍, വന പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ വിവരണവും ഇന്‍സ്റ്റലേഷനും, മനുഷ്യ‑വന്യജീവി ലഘൂകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെയും മിഷനുകളുടെയും ഇന്‍സ്റ്റലേഷന്‍, വനംവകുപ്പിന്റെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം എന്നിവ മേളയില്‍ ഉണ്ടായിരിക്കും. പാമ്പുപിടിത്തവും പാമ്പുകളുമായി ബന്ധപ്പെട്ടതുമായ എല്ലാ സംശയങ്ങള്‍ക്കും വനംവകുപ്പ് സ്റ്റാളില്‍ മറുപടി ലഭിക്കും. പൊതുജനങ്ങള്‍ക്ക് സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നല്‍കി ഉപയോഗരീതിയുടെ പരിശീലനം തത്സമയം നല്‍കും. പാമ്പുകളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും മേളയില്‍ ഉണ്ടാകും. വനം വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ററാക്ടീവ് കിയോസ്‌ക് വഴി അറിയുവാന്‍ കഴിയും. 27 നക്ഷത്ര വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തി നക്ഷത്രവന മാതൃക വേറിട്ട കാഴ്ചയായിരിക്കും. ഹരിതകുടകള്‍ കൊണ്ട് വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ സെല്‍ഫി പോയിന്റും വനംവകുപ്പ് സ്റ്റാളിന്റെ ആകര്‍ഷമാണ്. വിസ്മയ‑കൗതുകകാഴ്ചകള്‍ക്കൊപ്പം വേറിട്ട കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. ചാറ്റുപ്പാട്ട്, ഗരുഡന്‍ നൃത്തം പോലുള്ള അന്യംനിന്നുപോയ കലാരൂപങ്ങളുടെ അവതരണം സ്റ്റാളിനെ കൂടുതല്‍ ആകര്‍ഷകമാക്കും. കാട് കണ്ട് കനകക്കുന്നിറങ്ങുമ്പോള്‍ വെറും കയ്യോടെ മടങ്ങേണ്ട. ശുദ്ധമായ കാട്ടു തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളും ഉല്പന്നങ്ങളുമായി വനശ്രീയുടെ വില്‍പന കൗണ്ടറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വന ഡിവിഷനുകളില്‍ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥര്‍ ശേഖരിച്ച 150 ഓളം വന ഉല്പന്നങ്ങള്‍ വനശ്രീയില്‍ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കാടിന്റെ തനിമ വിളിച്ചോതുന്ന വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണശാലയും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.