
രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ഹരിദ്വാറിലെ ഗംഗാ തീരങ്ങളിലും പരിസര പ്രദേശങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്താൻ നീക്കവുമായി ഉത്തരാഖണ്ഡ് സർക്കാർ. 2027‑ൽ നടക്കാനിരിക്കുന്ന അർദ്ധ കുംഭമേളയ്ക്ക് മുന്നോടിയായി ഹരിദ്വാറിനെയും ഋഷികേശിനെയും ‘സനാതന പവിത്ര നഗരങ്ങളായി’ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഇതുസംബന്ധിച്ച് സൂചന നൽകിയതോടെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.നിലവിൽ ഹരിദ്വാറിലെ ഏറ്റവും പ്രധാനപ്പെട്ട ഘാട്ട് ആയ ‘ഹർ കി പൗരി’ യിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല. ഈ നിയന്ത്രണം ഹരിദ്വാറിലെ മറ്റ് 105 ഘാട്ടുകളിലേക്കും ഋഷികേശിലെ പ്രധാന തീരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തീർത്ഥാടന കേന്ദ്രങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി വാദിക്കുന്നു.
ആരെയും വേദനിപ്പിക്കാനല്ല ഈ തീരുമാനമെന്നും, പുണ്യസ്ഥലങ്ങളുടെ സനാതന സംസ്കാരവും ആചാരങ്ങളും സംരക്ഷിക്കാനാണ് മുൻഗണനയെന്നും പുഷ്കർ സിങ് ധാമി പറഞ്ഞു. പൂജാരിമാരുമായും ഹൈന്ദവ സംഘടനകളുമായും ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. 1916‑ൽ മദൻ മോഹൻ മാളവ്യയും ബ്രിട്ടീഷ് സർക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടിയിൽ ഗംഗാ തീരങ്ങളിൽ അഹിന്ദുക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഗാസഭ ഉൾപ്പെടെയുള്ള സംഘടനകൾ ഈ ആവശ്യം ഉന്നയിക്കുന്നത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ പൊതു ഇടങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള സഞ്ചാരികൾ എത്തുന്ന ഇടമെന്ന നിലയിൽ, ഇത്തരം വിവേചനങ്ങൾ സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും അന്താരാഷ്ട്ര പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. വിശ്വാസത്തിന് അതീതമായി ഭാരതീയ പൈതൃകം ആസ്വദിക്കാൻ എത്തുന്നവരെ തടയുന്നത് സമൂഹത്തിൽ വർഗീയ വിഭജനത്തിന് കാരണമാകുമെന്നും സാംസ്കാരിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഇതാദ്യമായാണ് ഹരിദ്വാറിലെ ഭൂരിഭാഗം സ്ഥലങ്ങളിലും അഹിന്ദുക്കൾക്ക് വിലക്ക് ഏർപ്പെടുത്താൻ ഒരു സർക്കാർ ഔദ്യോഗികമായി തയ്യാറെടുക്കുന്നത്. മുൻകാലങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സൗകര്യങ്ങൾ വര്‍ധിപ്പിക്കുന്നതിനുമാണ് ഭരണകൂടങ്ങൾ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ പുതിയ നീക്കം ഹരിദ്വാറിന്റെയും ഋഷികേശിന്റെയും സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. ആത്മീയ ഇടങ്ങൾ മതത്തിന് അതീതമായിരിക്കണമെന്നും, വ്യത്യസ്ത വിശ്വാസങ്ങളിലുള്ള വ്യക്തികൾക്ക് ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായി ഇടപഴകാൻ അനുവദിക്കണമെന്നും പൗരാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.