ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുറപ്പെടുവിച്ച പുതിയ മാർഗരേഖ അടിമുടി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പെന്‍ഷന്‍കാര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന വ്യാപക പരാതി ഉയര്‍ന്നിരിക്കുകയാണ്. പുതിയ സർക്കുലർ പ്രകാരം ഉയർന്ന പിഎഫ് പെൻഷൻ നേടുന്നതിനായി തൊഴിലാളികളും തൊഴിലുടമയും ചേർന്ന് സംയുക്ത ഓപ്ഷൻ നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. 2014 സെപ്റ്റംബർ ഒന്നിന് ശേഷം വിരമിച്ചവർ, ഇപ്പോഴും സർവീസിൽ തുടരുന്നവർ എന്നീ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്കാമെന്നാണ് മാര്‍ഗരേഖയില്‍ പറയുന്നത്. 2014 സെപ്റ്റംബര്‍ ഒന്നിന് ശേഷം വിരമിച്ച എല്ലാവരും അതാത് സന്ദര്‍ഭങ്ങളില്‍ ആവശ്യമായ രേഖകള്‍ നല്കിയിരുന്നതാണ്. അവ ഇപിഎഫ്‌ഒ വിവിധ തലങ്ങളില്‍ പരിശോധിച്ച ശേഷമാണ് നിലവില്‍ അനുവദനീയമായിട്ടുള്ള തുച്ഛമായ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. പ്രസ്തുത രേഖകള്‍ വീണ്ടും സമര്‍പ്പിക്കുകയും സംയുക്ത ഓപ്ഷന്‍ നല്കുകയും വേണമെന്ന് ആവശ്യപ്പെടുന്നത് നേരത്തെ വിരമിച്ചവരെ സംബന്ധിച്ച് പ്രയാസകരമാണ്. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ അനുവദിക്കണമെന്നത് കാലങ്ങളായി തൊഴിലാളിസംഘടനകളും ഇപിഎഫ്ഒയില്‍ അംഗങ്ങളായവരും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. എന്നാല്‍ ഇപിഎഫ്ഒ നിശ്ചയിച്ചിരിക്കുന്ന തുച്ഛമായ പെന്‍ഷന്‍ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഇതിനെതിരെ അംഗങ്ങളും തൊഴിലാളികളും കോടതിയെ സമീപിക്കുകയായിരുന്നു.
നീണ്ട കാലത്തെ നിയമയുദ്ധത്തിനൊടുവിലാണ് കഴിഞ്ഞ നവംബറില്‍ ഉയര്‍ന്ന വേതനത്തിനനുകൂലമായ പെന്‍ഷന്‍ അനുവദിക്കണമെന്ന വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. എന്നാല്‍ നേരത്തെ വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് വൈകിപ്പിക്കുന്നതിനും നിലവിലുള്ള അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കുന്നതിനുമാണ് സ്ഥാപനം ശ്രമിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകുമെന്ന് വന്നപ്പോഴാണ് കഴിഞ്ഞ ദിവസം മാര്‍ഗരേഖ പുറപ്പെടുവിച്ചത്.
അതുതന്നെ അവ്യക്തവും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന പരാതിയാണ് വ്യാപകമായിരിക്കുന്നത്. ശമ്പളം കൂടിയതാണെങ്കിലും നിലവിൽ 15,000 രൂപയുടെ 8.33 ശതമാനം മാത്രമാണ് പിഎഫിലേക്ക് ചേര്‍ക്കാവുന്നത്. അതുകൊണ്ടുതന്നെ അതനുസരിച്ചുള്ള കുറഞ്ഞ തുക മാത്രമേ പെൻഷൻ ഇനത്തിൽ ജീവനക്കാർക്ക് ലഭിച്ചിരുന്നുള്ളൂ. മൊത്തശമ്പളത്തിന്റെ 8.33 ശതമാനം തുക ഇപിഎഫിലേക്ക് മാറ്റി അതനുസരിച്ചുള്ള തുക പെന്‍ഷനായി ലഭിക്കണമെന്നായിരുന്നു ആവശ്യം. അതനുസരിച്ച് ഉയര്‍ന്ന വേതനത്തിന് തത്തുല്യമായ നിരക്കില്‍ പെൻഷൻ നേടാനാണ് സുപ്രീം കോടതി അവസരമൊരുക്കിയത്.
പക്ഷേ നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ മുന്‍കാല വിഹിതം നല്കേണ്ടിവരുന്ന അവസ്ഥയിലാണ്. മാത്രവുമല്ല ഇവര്‍ തൊഴിലുടമകളുമായി ചേര്‍ന്ന് ഓപ്ഷന്‍ നല്കണമെന്ന വ്യവസ്ഥയും പ്രായോഗികമാക്കുന്നതിന് പ്രതിബന്ധങ്ങള്‍ പലതാണ്. തൊഴിലില്‍ തുടരുമ്പോള്‍ ജീവനക്കാരില്‍ നിന്ന് അവരുടെ വിഹിതം ഈടാക്കി ഉടമകളുടെ വിഹിതവും ചേര്‍ത്ത് അടയ്ക്കുക എന്നത് പ്രായോഗികമായിരുന്നു. വിരമിച്ചവരെ സംബന്ധിച്ച് മുന്‍കാല ഉടമകള്‍ വിഹിതം ഈടാക്കി നല്കുവാന്‍ സന്നദ്ധമാകില്ലെന്നത് ഒരു പ്രശ്നമാണ്. കൂടാതെ പിരിഞ്ഞുപോയവരുടെ വിഹിതത്തിന് നിശ്ചിത നിരക്കില്‍ ഉടമകള്‍ വിഹിതം നല്കുകയെന്നതും പ്രായോഗികമല്ല. അതുകൊണ്ടുതന്നെ നേരത്തെ പെന്‍ഷന്‍ പറ്റിയവര്‍ക്ക് അവര്‍ വാങ്ങിക്കൊണ്ടിരുന്ന വേതനത്തിന് തുല്യമായ നിരക്കിലുള്ള പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് ഉചിതമായ സംവിധാനമൊരുക്കി സഹായിക്കേണ്ടത് ഇപിഎഫ്ഒയുടെ ഉത്തരവാദിത്തമാണ്. മാത്രവുമല്ല നിലവില്‍ അംഗങ്ങളായി തുടരുന്നവരുടെ വിഹിതം ഈടാക്കുന്നത് സംബന്ധിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുണ്ട്.
മറ്റൊരു പ്രധാന പ്രശ്നം ഇതിന് അനുവദിച്ചിരിക്കുന്ന സമയപരിധി തന്നെയാണ്. മാര്‍ച്ച് നാല് ആണ് അവസാന ദിവസമായി നിശ്ചയിച്ചിട്ടുള്ളത്. പെന്‍ഷന്‍ പദ്ധതിയില്‍ നിലവില്‍ വിരമിച്ച 5.33 ലക്ഷം ജീവനക്കാരാണുള്ളത്. ഇതിനു പുറമേ 6.80 കോടിയോളം പേര്‍ പദ്ധതിയില്‍ അംഗങ്ങളായി തുടരുന്നുമുണ്ട്. നിലവിലുള്ള രീതിയില്‍ നിന്ന് മാറുമ്പോള്‍ ഇവരെല്ലാം പുതിയ ഓപ്ഷന്‍ നല്കേണ്ട സാഹചര്യമുണ്ട്. പെന്‍ഷന്‍കാരില്‍ 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് വിരമിച്ച ഒരു വിഭാഗം ഒഴിവാകുമെങ്കിലും മഹാഭൂരിപക്ഷവും അതായത് ഏകദേശം ആറു കോടിയിലധികം പേര്‍ പുതിയ ഓപ്ഷന്‍ നല്കേണ്ടവരായിരിക്കും. ഇത്രയും കുറഞ്ഞ ദിവസംകൊണ്ട് ഈ പ്രക്രിയ പൂര്‍ത്തിയാക്കുക മനുഷ്യസാധ്യമായിരിക്കില്ല. ഇപ്പോള്‍തന്നെ ഇപിഎഫ്ഒ നിര്‍ദേശിച്ചിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്ക് വഴി ഇത് നിര്‍വഹിക്കുന്നതില്‍ വലിയ കാലതാമസം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ മുഴുവന്‍ പേരുടെയും ഓപ്ഷന്‍ നല്കുന്നത് ഈ കാലയളവില്‍ പൂര്‍ത്തീകരിക്കാനാകുമോയെന്ന സംശയം അസ്ഥാനത്തല്ല. ഫലത്തില്‍ സുപ്രീം കോടതി വിധിയനുസരിച്ച് നടപടികള്‍ ആരംഭിച്ചുവെന്ന് വരുത്തുകയും വളരെയധികം പേര്‍ ഓപ്ഷന്‍ നല്കാനാവാതെ പുറത്താവുകയും ചെയ്യുന്ന സ്ഥിതിയാണ് സംജാതമാകുവാന്‍ പോകുന്നത്. അതുകൊണ്ട് സുപ്രീം കോടതി വിധി ഫലപ്രദമായി നടപ്പിലാക്കണമെന്ന ഉദ്ദേശശുദ്ധിയോടെ ഇപിഎഫ്ഒ ഇക്കാര്യത്തില്‍ ഇടപെടുകയും മതിയായ കാലയളവ് നല്കിയും പരമാവധി പ്രയാസങ്ങള്‍ ഇല്ലതാക്കുവാന്‍ ശ്രമിച്ചും തൊഴിലാളിപക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്യണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.