3 March 2026, Tuesday

Related news

March 3, 2026
March 1, 2026
February 27, 2026
February 26, 2026
February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026

കോൺഗ്രസിന് മുന്നിൽ ഉത്തരം നൽകാൻ വിസമ്മതിച്ച് എപ്‍സ്റ്റീന്റെ പങ്കാളി

Janayugom Webdesk
വാഷിങ്ടണ്‍
February 10, 2026 9:40 pm

യുഎസ് കോണ്‍ഗ്രസിന്റെ ചോദ്യം ചെയ്യലില്‍ സഹകരിക്കാതെ ജെഫ്രി എപ്‍സ്റ്റീന്റെ പങ്കാളി ഗിസ‍്‍ലെയ്ന്‍ മാക്സ്‍വെല്‍. തിങ്കളാഴ്ച അടച്ചിട്ട മുറിയിൽ നടത്തിയ മൊഴി രേഖപ്പെടുത്തലിനിടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മാക്സ്‍വെല്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ മാക്സ്‌വെൽ അഞ്ചാം ഭേദഗതി പ്രയോഗിച്ചതായി മേൽനോട്ട, സർക്കാർ പരിഷ്കരണ സമിതി അംഗം റോബർട്ട് ഗാർസിയ പറഞ്ഞു. അമേരിക്കൻ നിയമപ്രകാരം, ക്രിമിനൽ കേസിൽ പ്രതിയായ വ്യക്തിക്ക് ചോദ്യം ചെയ്യലിനിടെയോ കോടതിയിലോ മറുപടി പറയാതിരിക്കാം. തനിക്ക് തിരിച്ചടിയായേക്കാവുന്ന ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് പലപ്പോഴും പ്രതികൾ അഞ്ചാം ഭേദഗതി ഉപയോഗിക്കുന്നത്. സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത പുരുഷന്മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മാക്സ്‍വെല്‍ ഉത്തരം നല്‍കിയില്ലെന്ന് ഗാര്‍സിയ പറഞ്ഞു. അവര്‍ ആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും ട്രംപ് ഭരണകൂടം കുറഞ്ഞ സുരക്ഷയുള്ള ജയിലിൽ പ്രത്യേക പരിഗണന നല്‍കി മാക്സ്‍വെല്ലിനെ പാര്‍പ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യം അറിയേണ്ടതുണ്ടെന്നും ഗാര്‍സിയ കൂട്ടിച്ചേര്‍ത്തു.

ഡെപ്യൂട്ടി അറ്റോർണി ജനറലായ ടോഡ് ബ്ലാഞ്ചുമായുള്ള സംഭാഷണത്തില്‍ മാക്സ്‍വെല്‍ നിശബ്ദത പാലിച്ചിട്ടില്ലെന്ന് കാലിഫോർണിയൻ ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന ചൂണ്ടിക്കാട്ടി. മാക്സ്‌വെല്ലിനോട് ചോദിക്കാൻ പദ്ധതിയിട്ടിരുന്ന ചോദ്യങ്ങളുടെ പട്ടികയും ഖന്ന നൽകി. സുപ്രീം കോടതിയിൽ മാക്സ്‍വെല്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശിച്ച, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച ജെഫ്രി എപ്‍സ്റ്റീൻ ഒഴികെയുള്ള 25 പുരുഷന്മാരും നാല് ഗൂഢാലോചനക്കാരും ആരാണെന്നതിന് ഉത്തരം വേണമെന്നും ഖന്ന വ്യക്തമാക്കി. അത്തരത്തില്‍ പേരുകള്‍ ഉള്‍പ്പെടുന്ന രേഖകള്‍ കെെവശമില്ലെന്നാണ് നീതിന്യായ വകുപ്പിന്റെ വാദം. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ രേഖകളും കുറ്റാരോപിതരുടെ പ്രസ്താവനകളും വകുപ്പിന്റെ വാദത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.