
ആരോഗ്യരംഗത്ത് കേരളം കൈവരിച്ച അഭിമാന നേട്ടങ്ങൾ വീണ്ടും വാനോളമുയർത്തി എറണാകുളം ജനറൽ ആശുപത്രി. രാജ്യത്ത് ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി എന്ന അംഗീകാരമാണ് എറണാകുളം ജനറൽ ആശുപത്രി കരസ്ഥമാക്കിയത്.അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തിന്റെ കുരുക്കഴിഞ്ഞതോടെ ആറ് മാസത്തിലധികമായി എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന അനാഥയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിക്കാണ് ഹൃദയം മാറ്റിവച്ചത്. മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ് ഷിബുവിന്റെ (46) ഹൃദയമാണ് ദുർഗക്ക് പുതുജീവിതമേകിയത്.
ജനിതകാവസ്ഥയായ ഡാനോൻ മൂലം ഹൃദയസംബന്ധമായ ഹൈപ്പർ ട്രോപിക് കാർഡിയോമയോപ്പതി എന്ന രോഗത്തിന്റെ പിടിയിലായ ദുർഗയ്ക്ക് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഹൃദ്രോഗം മൂലം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. പിതാവ് നേരത്തെ മരിച്ചു. ദുര്‍ഗയ്ക്കും ഇതേ അസുഖമായിരുന്നു. അനാഥാലയത്തിലായിരുന്നു പെൺകുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. ഭീമമായ ചികിത്സാ ചെലവ് മൂലം ദുരിതത്തിലായ ദുർഗയെ അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതോടെ ആഭ്യന്തര വകുപ്പിന്റെ എയർ ആംബുലൻസിലാണ് ഷിബുവിന്റെ ഹൃദയം എറണാകുളത്തെത്തിച്ചത്. ജനറൽ ആശുപത്രിയിലേക്ക് മൂന്ന് മണിയോടെ ആംബുലൻസിലാണ് എത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴികളിൽ റോഡ് ക്ലിയറൻസ് പൊലീസ് സാധ്യമാക്കി. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്. ഡോക്ടര്‍മാരായ ജോർജ് വാളൂരാൻ, പോൾ തോമസ്, ജിയോ പോൾ, രാഹുൽ സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയ 5.30ഓടെ പൂർത്തിയായി.
നേപ്പാളിലെ ഗഞ്ചിൽ മലയാളി നടത്തുന്ന അനാഥാലയത്തിലാണ് ദുർഗ വളർന്നത്. രോഗത്തിനായി കഠ്മണ്ഡുവിലും ലഖ്നൗവിലും ചികിത്സ നടത്തിയിരുന്നു. പിന്നീടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഹൃദയം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചതോടെ ദുർഗയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരൻ തിലക് കാമി ഒപ്പമുണ്ട്. വാഹനാപകടത്തിൽ തിരുവനന്തപുരത്ത് മസ്തിഷ്കമരണം സംഭവിച്ച ഷിബുവിന്റെ ഹൃദയമുള്‍പ്പെടെ ഏഴ് അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെയും ഒരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിലേയും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേയും രോഗികൾക്കാണ് നൽകിയത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സ്ഥാപിച്ച സ്കിൻ ബാങ്കിലേക്ക് ഷിബുവിന്റെ ചർമ്മവും നൽകി. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരങ്ങള്‍: ഷിജി എസ്, സലീവ് എസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.