22 December 2024, Sunday
KSFE Galaxy Chits Banner 2

ജാതിവിവേചനത്തെ ചെറുക്കാന്‍ നിതാന്ത മാനവിക ജാഗ്രത

Janayugom Webdesk
November 11, 2021 4:02 am

ജാതിയും അതിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും പൊതുസമൂഹത്തില്‍ മാത്രമല്ല ഉന്നത സാമൂഹിക അവബോധത്തിന്റെ ഇരിപ്പിടങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന സര്‍വകലാശാലകള്‍ അടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും ഇപ്പോഴും അഭംഗുരം തുടരുന്നു എന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒരു ദളിത് ഗവേഷക വിദ്യാര്‍ത്ഥി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടത്തിവന്ന സമരവും അതിന്റെ പരിസമാപ്തിയും ആ ലജ്ജാകരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പത്ത് വര്‍ഷം മുമ്പ് നാനോ സയന്‍സില്‍ എംഫില്‍ പഠനത്തിനും തുടര്‍ന്ന് ഗവേഷണത്തിനും ചേര്‍ന്ന വിദ്യാര്‍ത്ഥിക്ക് യഥാസമയം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നത് ജാതി വിവേചനവും അതിന്റെ പേരിലുള്ള പീഡനംമൂലവുമാണെന്ന് സമരത്തിന്റെ പരിസമാപ്തിയും അതിനായി സര്‍വകലാശാലയ്ക്ക് സ്വീകരിക്കേണ്ടിവന്ന ശിക്ഷണ നടപടിയും സാക്ഷ്യപ്പെടുത്തുന്നു. ഗവേഷണത്തിനു മേല്‍നോട്ടം വഹിച്ച അധ്യാപകനെ അദ്ദേഹം വഹിച്ചിരുന്ന പദവിയില്‍ നിന്നു മാത്രമല്ല ബന്ധപ്പെട്ട വകുപ്പില്‍ നിന്നുതന്നെ നീക്കം ചെയ്തുകൊണ്ടാണ് ദളിത് വിദ്യാര്‍ത്ഥിയുടെ സമരം അവസാനിപ്പിച്ചതും അവരുടെ ഗവേഷണം പൂര്‍ത്തീകരിക്കാനുള്ള അവസരം ഉറപ്പുവരുത്തിയതും. ജാതിവിവേചനം ഗവേഷണത്തിനു പ്രതിബന്ധം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തി പരാതി ശരിയാണെന്നു കണ്ടെത്തിയിരുന്നു.

 


ഇതുകൂടി വായിക്കൂ: ഗവേഷണത്തിന്റെ ജാതിവാല്‍


 

പരാതിക്കാരിക്ക് അനുകൂലമായി കോടതിവിധിയും ഉണ്ടായി. എന്നിട്ടും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ഗവേഷണത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയോ ചെയ്യാന്‍ സര്‍വകലാശാല വിസമ്മതിച്ചു. അത് ജ്ഞാനോദയത്തിന്റെ ഇരിപ്പിടമാകേണ്ട ഒരു സര്‍വകലാശാലയുടെ പദവിക്കു നിരക്കാത്തത് മാത്രമല്ല അതിന്റെ ഘടനാപരമായ വെെകല്യത്തേയും പരാജയത്തേയുമാണ് അടയാളപ്പെടുത്തുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ വിവാദ സംഭവം ഒറ്റപ്പെട്ട ഒന്നാണെന്ന് കരുതാന്‍ ന്യായമില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാത്ത ജാതിവിവേചനത്തിന്റെ അത്തരം പല സംഭവങ്ങളും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. അത് കേവലം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം എതി രായ വിവേചനമല്ല. അ ധ്യാപക നിയമനം, അര്‍ഹമായ സ്ഥാനക്കയറ്റം തുടങ്ങിയ വിഷയങ്ങളില്‍ അധികൃതര്‍ അവലംബിക്കുന്ന വിവേചനപരമായ നയസമീപനങ്ങള്‍ക്കെതിരെ കേരള ഹെെക്കോടതിയിലടക്കം കേസുകള്‍ നിലവിലുള്ളതായാണ് അറിയാന്‍ കഴിയുന്നത്. യോഗ്യത, സീനിയോരിറ്റി തുടങ്ങിയ മാനദണ്ഡങ്ങള്‍ അവഗണിച്ചും ജാതിവിവേചനം തുടരുന്നതായ പരാതികള്‍ അവഗണിക്കാവുന്നതല്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോഴും ജാതി വിവേചനത്തിന്റെയും അതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലകളുടെയും വാര്‍ത്തകള്‍ ദിനംപ്രതിയെന്നോണം ആവര്‍ത്തിക്കുന്നു. ഹെെദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ ദളിത് വിദ്യാര്‍ത്ഥികള്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നേരിടേണ്ടി വന്ന വിവേചനത്തിന്റെ അവസാന ദുരന്തമായിരിക്കുമെന്ന് കരുതിയ സുമനസുകള്‍ക്ക് തെറ്റി എന്ന് പിന്നീട് അവിടവിടെ ആവര്‍ത്തിക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നു.

 


ഇതുകൂടി വായിക്കൂ: ശ്രീനാരായണ ഗുരുദർശനം വീണ്ടും വീണ്ടും പഠിക്കേണ്ടതാര്


 

മുംബെെയിലെ ടോപിവാല ദേശീയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത് അവരുടെ ദളിത് ജന്മത്തിന്റെ പേരില്‍ സഹപാഠികളില്‍ നിന്നും നേരിടേണ്ടി വന്ന അധിക്ഷേപം ഒന്നുകൊണ്ടു മാത്രമായിരുന്നു. രാജ്യത്തെ മികവുറ്റ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത്തരം വിവേചനവും താങ്ങാനാവാത്ത അധിക്ഷേപം അടക്കം മാനസികവും ശാരീരികവുമായ പീഡനങ്ങളുടെ വാര്‍ത്തകളും വിരളമല്ല. അത്തരം വിവേചനങ്ങളുടെയും അധിക്ഷേപങ്ങളുടെയും പീഡനങ്ങളുടെയും കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്ന് മാത്രമല്ല അവയുടെ തോത് ഉയരുന്നു എന്നതും ഒരു ജനാധിപത്യ സമൂഹത്തിനും രാഷ്ട്രത്തിനും അപമാനമാണ്. ജാതി വിവേചനത്തിനും അതിക്രമങ്ങള്‍ക്കും അനുകൂലമായ രാഷ്ട്രീയ വ്യവഹാരവും ആഖ്യാനവുമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്. ജാതിയുടെയും മതത്തിന്റെയും വര്‍ണത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് ഭരിക്കുക എന്ന തീവ്ര ഹിന്ദുത്വ രാഷ്ട്രീയമാണ് രാജ്യത്ത് ആധിപത്യം പുലര്‍ത്തുന്നത്. അതിന്റെ പ്രഭാവം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ ശോഭ കെടുത്താന്‍ അനുവദിച്ചുകൂട. മതനിരപേക്ഷ ജനാധിപത്യ ചേതനകളില്‍പോലും തീവ്ര ഹിന്ദുത്വ കോളനികള്‍ വേരോടുന്നുണ്ടെങ്കില്‍ അതിനെതിരെ മലയാളിയുടെ നവോത്ഥാന മാനവികത നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.