23 January 2026, Friday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

റഷ്യന്‍ ഊര്‍ജ വരുമാനം ലക്ഷ്യമിട്ട് ഇയു; പുതിയ ഉപരോധ നടപടികള്‍ പ്രഖ്യാപിച്ചു

റോസ്‍നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലയ്ക്കും വിലക്ക് 
Janayugom Webdesk
ബ്രസല്‍സ്
July 18, 2025 11:35 pm

ഉക്രെ‍യ‍്ന്‍ യുദ്ധത്തില്‍ റഷ്യയ്ക്കെതിരായ പു­തിയ നടപടികളുടെ ഭാഗമായി, റഷ്യന്‍ ഊര്‍ജ കമ്പനിയായ റോസ്‍നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യയ്ക്കെതിരായ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഉപരോധ പാക്കേജുകളിൽ ഒന്നിനാണ് അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു. നോർഡ് സ്ട്രീം പൈപ്പ്‌ലൈനുകൾ നിരോധിക്കുക, റഷ്യൻ എണ്ണവിലയുടെ പരിധി കുറയ്ക്കുക എന്നിവയാണ് 18-ാമത് ഉപരോധ പാക്കേജില്‍ ഉൾപ്പെടുന്നത്. റഷ്യൻ ഡ്രോണുകളിലും മറ്റ് സൈനിക സാങ്കേതികവിദ്യകളിലും ഉപയോഗിക്കുന്ന കയറ്റുമതിയിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ഉക്രെയ്‌നിനുള്ള പിന്തുണയിൽ നിന്ന് യൂറോപ്പ് പിന്നോട്ട് പോകില്ല. റഷ്യ യുദ്ധം അവസാനിപ്പിക്കുന്നത് വരെ യൂറോപ്യൻ യൂണിയൻ സമ്മർദം ചെലുത്തിക്കൊണ്ടിരിക്കുമെന്നും കല്ലാസ് വ്യക്തമാക്കി. 

പുതിയ വിലപരിധി യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, തുടക്കത്തിൽ ഇത് 45 ഡോളറിനും 50 ഡോളറിനും ഇടയിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വർഷത്തിൽ രണ്ടുതവണയെങ്കിലും പരിഷ്കരണങ്ങളുണ്ടാകും. വില നിയന്ത്രണ വ്യവസ്ഥ പ്രകാരം ഷിപ്പിങ്, ഇൻഷുറൻസ്, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിശ്ചിത വിലയ്ക്ക് മുകളിലുള്ള റഷ്യൻ എണ്ണ വ്യാപാരത്തില്‍ പങ്കാളിത്തമുണ്ടായാല്‍ ഉപരോധം നേരിടേണ്ടിവരും. അതേസമയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഫലമായി 20 റഷ്യൻ ബാങ്കുകൾ കൂടി അന്താരാഷ്ട്ര പേയ്‌മെന്റ് സെറ്റിൽമെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് പുറത്തായി. കൂടാതെ, എണ്ണ കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന 105 ഷാഡോ ഫ്ലീറ്റുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഒരു ഇന്ത്യന്‍ ഫ്ലാഗ് രജിസ്ട്രിക്കും ഉപരോധം ഏര്‍‍പ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ പതാകകൾ വഹിക്കുന്ന എല്ലാ കപ്പലുകളുടെയും ഔദ്യോഗിക പട്ടികയാണ് ഫ്ലാഗ് രജിസ്ട്രി. മുമ്പ് എസ്സാർ ഓയിൽ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനർജി ലിമിറ്റഡിന്റെ 49.13% ഓഹരി റോ‍‍‍‍‍‍സ‍്നെഫ്റ്റിനാണ്. ഗുജറാത്തിലെ വാഡിനാറിൽ പ്രതിവർഷം 20 ദശലക്ഷം ടൺ എണ്ണ കെെകാര്യം ചെയ്യുന്ന ശുദ്ധീകരണശാലയും 6,750ലധികം പെട്രോൾ പമ്പുകളും നയാരയുടെ ഉടമസ്ഥതയിലുണ്ട്. എസ്‌പി‌വിയായ കെസാനി എന്റർപ്രൈസസ് കമ്പനിക്ക് നയാരയിൽ 49.13% ഓഹരി പങ്കാളിത്തമുണ്ട്. റഷ്യയിലെ യുണൈറ്റഡ് ക്യാപിറ്റൽ പാർട്ണേഴ്‌സ് (യുസിപി), മരേറ്റെറ ഗ്രൂപ്പ് ഹോൾഡിങ്ങിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഹാര ക്യാപിറ്റൽ സാൾ എന്നിവയാണ് കെസാനിയുടെ ഉടമസ്ഥർ. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ മൂലം നയാരയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയില്ല. നിലവിൽ ബാരലിന് 60 ഡോളറായി നിശ്ചയിച്ചിരിക്കുന്ന എണ്ണവില പരിധി കുറയ്ക്കുന്നതോടെ ഇന്ത്യ പോലുള്ള ഉപഭോക്താരാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വിൽക്കാൻ റഷ്യ നിർബന്ധിതരാകും.

റഷ്യൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവെന്ന നിലയില്‍ ഇന്ത്യയ്ക്ക് ഇത് നേട്ടമാകും. നിലവിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 40% റഷ്യയില്‍ നിന്നാണ്. 2022 ഡിസംബറിൽ, ഗ്രൂപ്പ് ഓഫ് സെവൻ (ജി7) രാജ്യങ്ങൾ മൂന്നാം രാജ്യങ്ങൾക്ക് വിൽക്കുന്ന റഷ്യൻ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ വിലപരിധി ഏര്‍പ്പെടുത്തിയിരുന്നു. ഈ സംവിധാനത്തിന് കീഴിൽ, നിശ്ചയിച്ച വിലയിലോ അതിൽ താഴെയോ എണ്ണ വിറ്റാൽ മാത്രമേ പാശ്ചാത്യ ഇൻഷുറൻസ്, ഷിപ്പിങ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയൂ. ആഗോള ഊർജ വിതരണത്തിൽ സ്ഥിരത നിലനിർത്തിക്കൊണ്ട് റഷ്യയുടെ എണ്ണ വരുമാനം നിയന്ത്രിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരിക്കുന്നതിൽ പരാജയപ്പെട്ടതിനാല്‍ വില പരിധി സംവിധാനം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.