21 January 2026, Wednesday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

യുഡയസ് പ്ലസ് റിപ്പോർട്ട്; കേരളം തിളങ്ങുന്നു

വിദ്യാഭ്യാസ നിലവാരത്തിൽ രാജ്യത്തിന് മാതൃക: മന്ത്രി വി ശിവൻകുട്ടി
വിവിധ സൂചികകളിൽ ദേശീയ ശരാശരിയെക്കാള്‍ ഏറെ മുന്നില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം
August 31, 2025 9:24 pm

വീണ്ടും രാജ്യത്തിന് മാതൃകയായി കേരളം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2024–25 വര്‍ഷത്തെ യുഡയസ് പ്ലസ് റിപ്പോർട്ടില്‍ കേരളത്തിന് തിളക്കമാര്‍ന്ന നേട്ടം.
വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെക്കാളും ദേശീയ ശരാശരിയെക്കാളും മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവച്ചത്. അക്കാദമിക് നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്താണ്. വിദ്യാഭ്യാസ നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാണ് 10-ാം ക്ലാസിലെത്തുന്നത്. 12-ാം ക്ലാസിലെത്തുന്നവർ 47.2 ശതമാനമാണ്. കേരളത്തിൽ ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതില്‍ 99.5% 10-ാം ക്ലാസിലെത്തുന്നു. 90% ഹയർ സെക്കൻഡറിയുടെ ഭാഗമാകുന്നു. തൊഴിൽ വിദ്യാഭ്യാസ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഐടിഐകൾ, പോളിടെക്നിക്കുകൾ, സ്കോൾ കേരള എന്നിവയിൽ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് യുഡയസ് ഡാറ്റയിൽ വരുന്നില്ല. ഇത് കൂടി കണക്കാക്കിയാൽ ഒന്നാം ക്ലാസിൽ ചേരുന്ന ഏതാണ്ട് എല്ലാവർക്കും 12-ാം ക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളികൾക്കാകെ അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണെന്ന് മന്ത്രി പറഞ്ഞു.
ഗുജറാത്തിൽ സ്കൂളിൽ പ്രവേശിക്കുന്നവരില്‍ 71.2% കുട്ടികള്‍ മാത്രമാണ് പത്തിലെത്തുന്നത്. 12-ാം ക്ലാസിലെത്തുന്നത് 42.3% കുട്ടികളും. ഉത്തർപ്രദേശിൽ 49.6% കുട്ടികള്‍ പത്തിലും 42.8% പേര്‍ പന്ത്രണ്ടിലുമെത്തുന്നു. വിദ്യാഭ്യാസ കാര്യത്തിൽ മുന്നിലാണെന്ന് പറയുന്ന പഞ്ചാബിൽ പത്തിലും പന്ത്രണ്ടിലുമെത്തുന്നത് യഥാക്രമം 78.2%, 67.8% കുട്ടികളാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. അക്കാദമിക കാര്യങ്ങളിൽ കമ്പ്യൂട്ടർ ലഭ്യമായ സ്കൂളുകൾ ഇന്ത്യയിൽ 57.9 ശതമാനമാണ്. അതിൽ സർക്കാർ മേഖലയിൽ 52.7% വിദ്യാലയങ്ങളിൽ മാത്രമെ ഈ ആധുനിക സൗകര്യങ്ങളുള്ളൂ. എന്നാൽ കേരളത്തിൽ 99.1% സ്കൂളുകളിലും ഈ സൗകര്യങ്ങളുണ്ട്. 91.7% സ്കൂളിലും തടസമില്ലാത്ത ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. ഉത്തർപ്രദേശിൽ 45.9% സ്കൂളിൽ മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ. ഇതിൽ സർക്കാർ സ്കൂളുകൾ 35.6 ശതമാനമാണ്.
അധ്യാപകരുടെ ഗുണമേന്മയിലും സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും കേരളം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശൗചാലയങ്ങള, വൈദ്യുതി കണക്ഷൻ, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലും കേരളത്തിലെ സ്കൂളുകൾ മികച്ച നിലവാരമാണ് പുലർത്തുന്നതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.