കിഴക്കന്‍ ഉക്രെയ്നിലെ ഡോണ്‍ബാസ് മേഖലയിലെ സ്വയംപ്രഖ്യാപിത ജനകീയ റിപ്പബ്ലിക്കുകള്‍ക്ക് റഷ്യ അംഗീകാരം നല്‍കിയതോടെ റഷ്യ- ഉക്രെയ്ന്‍ മേഖലയില്‍ യുദ്ധസാഹചര്യം കനത്തു. 2014 മുതല്‍ ഉക്രെയ്നില്‍ നിന്ന് വിഘടിച്ചു നിന്നിരുന്ന ഡൊണട്സ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിക്കുന്നതിനൊപ്പം സൗഹൃദ സുരക്ഷാ കരാറിലും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഒപ്പുവച്ചു. സുരക്ഷാ പരിപാലനത്തിനായി റഷ്യന്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിക്കുമെന്ന് പ്രഖ്യാപിച്ചതോടെ യുദ്ധകാഹളം മുഴക്കിയിരുന്ന പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ശക്തിപ്പെടുത്തി.
അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കും മൂന്ന് സമ്പന്നര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. പ്രകൃതിവാതകം ജര്‍മനിയിലും യൂറോപ്പിലും നേരിട്ടെത്തിക്കാന്‍ കഴിയുന്ന നോര്‍ത്ത് സ്ട്രീം-രണ്ട് വാതക കുഴല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ജര്‍മനിയും പ്രഖ്യാപിച്ചു.
ഡൊണട്സ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളില്‍ നിക്ഷേപം, വ്യാപാരം, പണമിടപാട് എന്നിവ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്മാരെ വിലക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചു.
സമാധാന ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് കിഴക്കന്‍ ഉക്രെയ്നില്‍ സുരക്ഷ സേനയെ വിന്യസിച്ചതിന് ശേഷം റഷ്യ പ്രതികരിച്ചത്. ഡോണ്‍ബാസ് മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നത് സാഹചര്യങ്ങള്‍ പരിശോധിച്ചശേഷമായിരിക്കുമെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. കിഴക്കന്‍ ഉക്രെയ്നിലേക്ക് സൈന്യത്തെ നിലവില്‍ അയച്ചിട്ടില്ലെന്നും ഭീഷണി കണക്കിലെടുത്തായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനമെന്നും റഷ്യന്‍ സഹ വിദേശകാര്യമന്ത്രി ആന്ദ്രെ റുഡേന്‍കോ പറഞ്ഞു. അതിനിടെ വിദേശത്ത് സൈന്യത്തെ ഉപയോഗിക്കുന്നതിന് പുടിന്‍ പാര്‍ലമെന്റിനോട് അനുമതി തേടി.
റഷ്യ‑ഉക്രെയ്ന്‍ സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ അസംസ്കൃത എണ്ണവിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. ഓഹരി വിപണികള്‍ കൂപ്പുകുത്തുകയും ചെയ്തു. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും പ്രകൃതിവാതകം ഉള്‍പ്പെടെയുള്ളവയുടെ ആഗോളവിതരണത്തെ പ്രതിസന്ധി ബാധിക്കില്ലെന്നും പുടിന്‍ പറഞ്ഞു.
സംഘര്‍ഷം ലഘൂകരിക്കണമെന്നും മേഖലയില്‍ സ്ഥിരതയുള്ള സമാധാനം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു. 60 ലക്ഷം ഇന്ത്യക്കാരാണ് യൂറോപ്പിലുള്ളത്. ഉക്രെയ്നില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25,000ത്തോളം പേരും. ഇന്ത്യയുടെ ശതകോടികളുടെ പ്രതിരോധ പങ്കാളിയാണ് റഷ്യ. ഇന്ത്യയുടെ മൂന്നാമത്തെ വ്യാപാരപങ്കാളിയാണ് യൂറോപ്പ്. രാജ്യങ്ങള്‍ തമ്മിലുള്ള കലുഷിതാവസ്ഥ ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനും ആശങ്ക പ്രകടിപ്പിച്ചു.
റഷ്യയുടെ തീരുമാനം ആശങ്കപ്പെടുത്തുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ യുഎന്നില്‍ സ്വീകരിച്ചത്. ചൈനയും സമാനനിലപാടാണ് സ്വീകരിച്ചത്.
ഉക്രെയ്‌നെ നാറ്റോയുടെ ഭാഗമാക്കി റഷ്യയെ വളയാനുള്ള പാശ്ചാത്യശക്തികളുടെ തീരുമാനമാണ് നിലവിലെ പ്രതിസന്ധിയിലേക്ക് ഇരുരാജ്യങ്ങളെയും എത്തിച്ചിരിക്കുന്നത്. രണ്ട് പ്രദേശങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന യുദ്ധസാഹചര്യം റഷ്യ‑യൂറോപ്പ് യുദ്ധത്തിലേക്ക് കടക്കാതെ സമാധാനപൂര്‍വം പരിഹരിക്കാനാണ് കൂടുതല്‍ രാജ്യങ്ങളും ശ്രമിക്കുന്നത്.
വിദ്യാര്‍ത്ഥികളടക്കം 240 യാത്രക്കാരുമായി ഉക്രെയ്നില്‍ നിന്ന് ആദ്യവിമാനം ഇന്ത്യയിലേക്ക് തിരിച്ചു. ഇന്നലെ വൈകിട്ട് ഇന്ത്യന്‍ സമയം ആറുമണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം എഐ-1946 കീവിലെ ബോറിസ്പില്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നത്.
സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കാത്തത് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ സുരക്ഷയാണ് പ്രധാനമെന്നും താല്കാലികമായി മടങ്ങണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെടുകയായിരുന്നു.
English Summary: Europe is at war
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.